ഓസ്ട്രേലിയക്കെതിരായ വിജയം ഒരു ബെഞ്ച് മാര്‍ക്കുകൂടിയായിരിക്കും ക്രിക്കറ്റില്‍. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ പേരുകള്‍ക്കപ്പുറം ചിലത് ഇനി സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുകൂടി
നവി മുംബൈയുടെ ആകാശം ഒരു ചരിത്രനിമിഷത്തിന് കുടപിടിക്കുകയാണ്. നീലപുതച്ച ഗ്യാലറിക്കരികിലെ ഇന്ത്യയുടെ ഡഗൗട്ടില്‍ ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിന്റെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങി, സ്മൃതി മന്ദന ആ നിമിഷം ഹര്‍മനെ ചേര്‍ത്തുനിര്‍ത്തുകയാണ്. കഴിഞ്ഞ കാലമത്രെയും നീറുന്ന ഓര്‍മകളിലൂടെ നീന്തിയാണ് ആ രാത്രിവരെയാസംഘമെത്തിയിരുന്നത്...നീറ്റലിന് കാരണമായ ഓസ്ട്രേലിയ എന്ന അത്ഭുതസംഘത്തെ അനായാസം അവര്‍ മറികടക്കുകയാണ്, അതും ക്രിക്കറ്റ് ലോകം ഇന്നേവരെ സാക്ഷ്യം വഹിക്കാത്തവിധം..
അമൻജോത് കൗറിന്റെ ബാറ്റില്‍ നിന്ന് സോഫി മോളിന്യൂവിന്റെ പന്ത് ബാക്ക് വേഡ് പോയിന്റിലൂടെ സഞ്ചരിച്ച നിമിഷം, കാലം അല്‍പ്പം പിന്നിലായിരുന്നെങ്കില്‍ നവി മുംബൈയിലെ 35,000 വരുന്ന കാണികള്‍ ആ മൈതാനത്തേക്ക് പായുമായിരുന്നു, ജമീമയെ അവര്‍ എടുത്തുയര്‍ത്തുമായിരുന്നു, വലം വെക്കുമായിരുന്നു...1983ല്‍ കപില്‍ ദേവിന്റെ ചെകുത്താന്മാര്‍ക്ക് ക്രിക്കറ്റിന്റെ വിശുദ്ധഭൂമികയില്‍ ലഭിച്ച അതേ സ്വീകാര്യത, അതേ വരവേല്‍പ്പൊരുങ്ങുമായിരുന്നു അവിടെ...1983ല്‍ സൃഷ്ടിക്കപ്പെട്ട അലയൊലികള്‍ക്ക് സമാനമായൊന്നുതന്നെയെല്ല ഹര്‍മന്റെ സംഘം സൃഷ്ടിച്ചത്, ആണ് എന്ന് പറയേണ്ടി വരും
അവിശ്വസനീയം
ആരെങ്കിലും കരുതിയിരുന്നോ അവര്‍ ജയിക്കുമെന്ന്? ഇന്ത്യൻ ക്രിക്കറ്റിന് ഹൃദയത്തില്‍ എക്കാലവും ഇടം കൊടുത്തവരുടെ വിദൂരസ്വപ്നങ്ങളിലെങ്കിലും ഉണ്ടായിരുന്നിരിക്കുമോ ഇന്നലത്തെ രാവ്. കാരണം എതിരാളികള്‍ ഓസ്ട്രേലിയയാണ്, അവരവസാനമായി ഒരു ലോകകപ്പ് മത്സരത്തില്‍ പരാജയപ്പെട്ടിട്ട് ഒരു പതിറ്റാണ്ടിനോട് അടുക്കുകയാണ്. ഈ ടൂര്‍ണമെന്റിലും അലീസ ഹീലിയും കൂട്ടരും തോല്‍വി അറിഞ്ഞിട്ടില്ല. ഉയര്‍ത്തിയ വിജയലക്ഷ്യം 339 റണ്‍സാണ്, കേട്ടുകേള്‍വിപോലുമില്ല ഒരു വനിത ടീം അത് മറികടന്നത്. അങ്ങനെയൊന്ന് സംഭവിക്കണമെങ്കില്‍ ഓസ്ട്രേലിയ തന്നെ വേണം.
ഇന്ത്യയുടെ ഇന്നിങ്സ് 10 ഓവര്‍ തികയും മുൻപ് തോല്‍വി പലരും വിധിച്ചിരുന്നു. എന്തൊരു ക്രൂരമായ വിധിയെഴുത്തായിരുന്നു അത്. കാരണം, ഇതിലും ചെറിയ ലക്ഷ്യത്തിനരികില്‍ അവര്‍ വീണിട്ടുണ്ട്. അന്നല്ലാം വനിതാ ടീമിനെ തേടിയെത്തിയത് ശാപവാക്കുകള്‍ മാത്രമായിരുന്നു. ഒരു കളി ജയിക്കാനറിയാത്തവര്‍, നിങ്ങള്‍ അടുക്കളയില്‍ തന്നെയിരിക്കുന്നതാണ് നല്ലത്, സൗന്ദര്യംകൊണ്ട് ജയിക്കാനാകില്ല, ചോക്കേഴ്സ്...വാക്കുകള്‍ക്കൊണ്ടുള്ള എത്രയെത്ര അപമാനങ്ങള്‍ സഹിച്ചാണ് ഒരോ കാലവും ഇന്ത്യയുടെ വനിത ടീം സഞ്ചരിച്ചിട്ടുള്ളത്...നല്ലൊരു ഹെല്‍മെറ്റ് പോലുമില്ല എത്ര ടൂര്‍ണമെന്റുകള്‍ അവര്‍ കളിച്ചിട്ടുണ്ട്...
പക്ഷേ, നവി മുംബൈയിലെ ഒറ്റരാവില്‍ തിരുത്തിക്കുറിക്കപ്പെടുകയാണ് മുൻവിധികള്‍. ഷഫാലിയും സ്മൃതിയും വീണു. ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത് ജമീമയും ഹര്‍മൻപ്രീതും. 167 റണ്‍സിന്റെ കൂട്ടുകെട്ട്, ഓസ്ട്രേലിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയും നേരം കാത്തിരുന്നിട്ടില്ല ഒരു വിക്കറ്റ് വീഴ്ത്താൻ. ഹര്‍മൻ വീണു, ജമീമ തുടര്‍ന്നു. ദീപ്തിയുടേയും റിച്ചയുടേയും ക്യാമികളുടെ ഇമ്പാക്റ്റ് ആ ഘട്ടത്തില്‍ എത്രത്തോളം പ്രധാനമായിരുന്നുവെന്ന് പറയേണ്ടതില്ല. ജമീമയുടെ അസാധരണമായ നിലയുറപ്പിക്കല്‍, വിജയിപ്പിച്ചെ ഞാൻ മടങ്ങുവെന്ന നിശ്ചയദാര്‍ഢ്യം, സെഞ്ച്വറി പോലും ആഘോഷിക്കാൻ വിസമ്മതിച്ചവള്‍...ഒടുവില്‍ ഐസ് കൂള്‍ മോഡില്‍ അമൻജോത്...
2017 ഏകദിന ലോകകപ്പ്, അന്ന് ഒൻപത് റണ്‍സകലെ മിതാലിയുടെ യുവനിര വീണ് തിരിച്ചെത്തിയ ഒരു കാഴ്ചയുണ്ടായിരുന്നു. ഫൈനലില്‍ വീണ് തിരിച്ചെത്തിയവരെ സ്വീകരിക്കാൻ അണിനിരന്ന കൂട്ടത്തില്‍ ജമീമയുമുണ്ടായിരുന്നു. അന്ന് പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ജനസാഗരം ഒരു സൂചനയായിരുന്നു. വനിത ക്രിക്കറ്റിന്റെ ദിശയെങ്ങോട്ടെന്ന് കൃത്യമായൊരു സൂചന ആ ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. ആ വിപ്ലവം അതിന്റെ പൂര്‍ണതയില്‍ ഇന്നും എത്തിയിട്ടില്ലെന്ന് പറയാനാകും.
1983 ലോകകപ്പ് വിജയമാണ് ഇന്ത്യയുടെ കായികഭൂപടത്തില്‍ ക്രിക്കറ്റിന്റെ സ്ഥാനം ചെറുതല്ലെന്ന് വിളിച്ചുപറഞ്ഞത്. പിന്നീട്, പുരുഷക്രിക്കറ്റിന് സംഭവിച്ച വളര്‍ച്ചയുടെ വേഗത നമ്മുടെ കണ്‍മുന്നിലുണ്ട്. അതുപോലൊന്ന് മറുവശത്ത് സംഭവിച്ചിട്ടില്ല എന്ന് മാത്രം. അതിന് കാരണം, സമുഹത്തിന്റെ കാഴ്ചപ്പാടും ചിന്തകളും കൂടിയാണെന്ന് ഈ ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വികള്‍ക്ക് ശേഷമുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കുത്തുവാക്കുകളും ഒരിക്കല്‍ക്കൂടി അടിവരയിട്ടു. പക്ഷേ, അതിനെയെല്ലാം ഒറ്റവിജയംകൊണ്ട് പൊട്ടിച്ചെറിഞ്ഞിരിക്കുകയാണ് ഹര്‍മനും കൂട്ടരും.
മാറ്റ് ഏറെ
ഈ വിജയത്തിന് മാറ്റ് കൂട്ടുന്നത് പല കാരണങ്ങള്‍ക്കൊണ്ടാണ്. ഒന്ന് നോക്കൗട്ട് സ്റ്റേജില്‍ ഒരിക്കലും മികവിനൊത്ത് ഉയരാൻ ഇന്ത്യക്ക് സാധിച്ച ചരിത്രമില്ല. എത്രതവണ ഫൈനലിലും സെമിയിലും ഓസ്ട്രേലിയക്ക് മുന്നില്‍ വീണിരിക്കുന്നു. പക്ഷേ, അതേ ഓസീസിനെതിരെ 339 എന്ന വിജയലക്ഷ്യം അതിസമ്മര്‍ദസാഹചര്യങ്ങളില്‍പ്പോലും വീഴാതെ മറികടന്നു. പ്രത്യേകിച്ചും ഇന്ത്യ നിരന്തരം കളി കൈവിടുന്ന അവസാന പത്ത് ഓവറുകള്‍ എത്രത്തോളം കമ്പോസ്ഡായാണ് അവര്‍ ബാറ്റ് ചെയ്തത്. ബൗണ്ടറികള്‍ വേണ്ട സമയത്ത് കണ്ടെത്തുന്നു, അനാവശ്യ ഷോട്ടുകള്‍ ഒരു ചെറു കണികയായി പോലും ഇന്നിങ്സിലുണ്ടായില്ല.
മറ്റൊന്ന് സ്മൃതി മന്ദന എന്ന ലോക ഒന്നാം നമ്പര്‍ ബാറ്ററുടെ വലിയ സ്വാധീനമൊ സംഭാവനയോ ഇല്ലാതെയാണ് ഇന്ത്യ ഈ റണ്‍മല കയറിയത് എന്നതാണ്. സ്മൃതിയില്ലെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിര ഏത് വലിയ ടോട്ടലും മറികടക്കാൻ കെല്‍പ്പുള്ളവരാണെന്നുകൂടി തെളിയിച്ചു. അതും ഓസ്ട്രേലിയയെപ്പോലെ അത്രയും ശക്തമായ ഒരു ബൗളിങ് നിരയ്ക്കെതിരെ. 2017ല്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് മാച്ച് വിന്നേഴ്സിന്റെ അഭാവമായിരുന്നു, എന്നാല്‍ 2025ലെ നിരയിലേക്ക് നോക്കൂ, നേര്‍വിപരീതമാണ് കാഴ്ച.
ഓസ്ട്രേലിയക്കെതിരായ വിജയം ഒരു ബെഞ്ച് മാര്‍ക്കുകൂടിയായിരിക്കും ക്രിക്കറ്റില്‍. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ പേരുകള്‍ക്കപ്പുറം ചിലത് ഇനി സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുകൂടി. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമെല്ലാം ജമീമാരും സ്മൃതിമാരും ദീപ്തിശര്‍മമാരും ഹര്‍മനുമൊക്കെ ഇനിയും മൈതാനങ്ങള്‍ കീഴടക്കാനിറങ്ങുമെന്നതിന്റെ ഉറപ്പുകൂടിയാണ് ഓസ്ട്രേലിയക്കെതിരായ വിജയം. ഓസ്ട്രേലിയ എന്നത് മറികടക്കാനാകാത്ത ശക്തിയല്ലെന്നും, ഇനി സമ്മര്‍ദത്തില്‍ വീഴേണ്ടതില്ലെന്നും പുതുതലമുറയെ പഠിപ്പിക്കുകയായിരുന്നു ഇന്ത്യ ഇന്നലെ.
ഞായറാഴ്ച ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ 1983 ജൂണ്‍ 25 ആണ്. ജയപരാജയങ്ങള്‍ക്ക് അതീതമായൊരു ഊര്‍ജം സമ്മാനിക്കാൻ ഇന്നലെ കഴിഞ്ഞു, ഞായറാഴ്ച അത് വനിത ക്രിക്കറ്റിന്റെ ഉന്നതിയിലേക്കുള്ള ആദ്യ പടിയാകട്ടെ...


