താരങ്ങളുടെ കരിയറും ജീവിതവും അവസാനിപ്പിച്ച നിരവധി പരുക്കുകള്‍, നിനയ്ക്കാത്ത നിമിഷങ്ങള്‍. ആ കാഴ്ചകള്‍ ഓർക്കുമ്പോള്‍ തന്നെ ഉള്ളുലയും കണ്ണ് നിറയും. ശ്രേയസ് അയ്യർ വരെ നീളുന്നു ആ പട്ടിക

ബാക്ക്‌വേഡ് പോയിന്റില്‍ നിന്ന് പിന്നോട്ട് ഓടി ഫുള്‍ ലെങ്ത് ഡൈവില്‍ ഒരു അവിസ്മരണീയ ക്യാച്ച്. സിഡ്‌നിയിലെ ഗ്യാലറിയും ഇന്ത്യൻ താരങ്ങളും അലക്‌സ് ക്യാരിയുടെ വിക്കറ്റ് ആഘോഷിക്കുമ്പോള്‍ മൈതാനത്ത് വേദനകൊണ്ട് പുളയുകയായിരുന്നു ശ്രേയസ് അയ്യർ. ഒറ്റനോട്ടത്തില്‍ പരുക്ക് ഗുരുതരമെന്ന് തോന്നിച്ചെങ്കിലും സ്വയം നടന്ന് മൈതാനം വിടുന്ന ശ്രേയസിന്റെ ദൃശ്യങ്ങള്‍ ആശ്വാസമായിരുന്നു. പക്ഷേ, പിന്നീട് ശ്രേയസിനെക്കുറിച്ചുള്ള വാർത്തകള്‍ ക്രിക്കറ്റ് ലോകത്തിനെ തന്നെ ആശങ്കയിലാഴ്ത്തുന്നവയായിരുന്നു. കാരണം, അപ്രതീക്ഷിതമായ ഒരുപാട് അനിഷ്ടസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് ക്രിക്കറ്റ് മൈതാനങ്ങള്‍.

ഇടതുവാരിയെല്ലിന് സമീപമായിരുന്നു ശ്രേയസിന് പരുക്ക് സംഭവിച്ചത്. മൈതാനത്ത് നിന്ന് ഡ്രെസിങ് റൂമിലെത്തിയ ശ്രേയസിന് കടുത്ത വേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രയിലേക്ക് എത്തിക്കുകയുമായിരുന്നു. വിദഗ്ദപരിശോധനയില്‍ പ്ലീഹയില്‍ മുറിവുണ്ടായതായി സ്ഥിരീകരിച്ചു. ഇത് ആന്തരികരക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്തതോടെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍, ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ബിസിസിഐ അറിയിക്കുന്നത്, താരത്തെ ഐസിയുവില്‍ നിന്ന് മാറ്റുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരാഴ്ചകൂടി താരം നിരീക്ഷണത്തില്‍ തുടരും.

മൈതാനത്ത് കണ്ണീർ നിമിഷങ്ങള്‍

താരങ്ങളുടെ കരിയറും ജീവിതവും അവസാനിപ്പിച്ച നിരവധി പരുക്കുകള്‍, നിനയ്ക്കാത്ത നിമിഷങ്ങള്‍. ആ കാഴ്ചകള്‍ ഓർക്കുമ്പോള്‍ തന്നെ ഉള്ളുലയും കണ്ണ് നിറയും. ശ്രേയസിന്റെ പരുക്കും പിന്നാലെയെത്തിയ ഒരോ റിപ്പോർട്ടുകളും ക്രിക്കറ്റ് ആരാധകരുടെ അത്തരം ഭൂതകാലഓർമകളെ ഉണർത്തിയിട്ടുണ്ടാകും.

1959 ജനുവരി 17. ഖാഇദെ അസം ഫൈനല്‍ കറാച്ചിയില്‍ നടക്കുകയാണ്. പാക്കിസ്ഥാൻ കമ്പൈൻഡ് സർവീസസും കറാച്ചിയും തമ്മിലാണ് മത്സരം. കറാച്ചിക്കായ് ബാറ്റ് ചെയ്യുകയായിരുന്നു 18 വയസ് മാത്രമുള്ള അബ്ദുള്‍ അസീസ്. ദില്‍ദാർ അവാനെറിച്ച ഓഫ് ബ്രേക്ക് അസീസിന്റെ ഹൃദയഭാഗത്താണ് ചെന്ന് പതിച്ചത്. ആ പന്ത് കടന്നുപോയ്, എന്നാല്‍ അടുത്ത പന്ത് നേരിടാൻ ഒരുങ്ങിയ അസീസ് വിക്കറ്റില്‍ ബോധരഹിതനായി വീഴുന്നതാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ അസീസിന് ജീവൻ നഷ്ടമായി. നേരത്തെ ഹൃദയസംബന്ധമായ ചില രോഗങ്ങള്‍ അസീസിനുണ്ടായിരുന്നു, പക്ഷേ അത് തിരിച്ചറിഞ്ഞിരുന്നില്ല.

ഇന്ത്യൻ ഓപ്പണർ നരി കോണ്‍ട്രാക്റ്റർ. 1962 ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം. അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു നരി കോണ്‍ട്രാക്റ്റർ. വിൻഡീസ് പേസർ ചാർളി ഗ്രിഫിത്തിന്റെ ബൗണ്‍സ‍‍ര്‍ കോണ്‍ട്രാക്റ്ററുടെ ചെവിക്ക് മുകളിലാണ് ഇടിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ കോണ്‍ട്രാക്റ്റ‍ര്‍ ദീര്‍ഘനാള്‍ അബോധാവസ്ഥയില്‍ തുടര്‍ന്നു. നിരവധി ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് താരത്തെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെങ്കിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാനായിരുന്നു. അന്ന് ഇന്ത്യൻ നായകന് രക്തം ആദ്യം ദാനം ചെയ്തത് വിൻഡീസ് നായകൻ ഫ്രാങ്ക് വോറലായിരുന്നു.

1986ല്‍ കിങ്സ്റ്റണിലെ ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ് ഏകദിനം. ഇംഗ്ലണ്ട് താരം മൈക്ക് ഗാറ്റിങ് വിൻഡീസ് പേസ‍ര്‍ മാല്‍ക്കം മാ‍ര്‍ഷലിന്റെ ബൗണ്‍സറില്‍ ഹുക്ക് ഷോട്ടിന് ശ്രമം. പരാജയപ്പെട്ടു. മാര്‍ഷലിന്റെ വേഗപ്പന്ത് ഗാറ്റിങ്ങിന്റെ മൂക്കിന്റെ പാലമായിരുന്നു അന്ന് തകര്‍ത്തത്. ഗാറ്റിങ്ങിന്റെ മൂക്കിലിടിച്ച് മാര്‍ഷലിന്റെ അടുത്തേക്ക് തന്നെ തിരിച്ചെത്തിയ പന്തില്‍ എല്ലിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുമാസത്തിന് ശേഷം ഗാറ്റിങ് മൈതാനത്തേക്ക് മടങ്ങിയെത്തി.

1998ല്‍ ബംഗ്ലാദേശില്‍ നടന്ന ഒരു ക്ലബ്ബ് മത്സരത്തിനിടെയാണ് ഇന്ത്യൻ താരം രമണ്‍ ലാമ്പയുടെ മരണത്തിനിടയാക്കിയ സംഭവം. ഫോര്‍വേഡ് ഷോര്‍ട്ട് ലെഗില്‍ ഹെല്‍മെറ്റില്ലാതെ ഫീല്‍ഡ് ചെയ്ത രമണിന്റെ നെറ്റിയിലാണ് മെഹ്റാബ് ഹുസൈന്റെ ഷോട്ടില്‍ പന്തുകൊണ്ടത്. തുടക്കത്തില്‍ രമണിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് തോന്നിച്ചെങ്കിലും വൈകാതെ ബോധരഹിതനായി, ആന്തരിക രക്തസ്രാവം സംഭവിച്ചിരുന്നു. മൂന്ന് ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചായിരുന്നു കീഴടങ്ങിയത്.

ഓസ്ട്രേലിയൻ താരങ്ങളായ ജേസണ്‍ ഗില്ലെസ്പിയും സ്റ്റീവ് വോയും കൂട്ടിയിടിച്ച് ഗുരുതര പരുക്കിലേക്ക് നയിക്കപ്പെടുന്നത് 1999ല്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ്. മഹേല ജയവര്‍ധനെ ഉയ‍ര്‍ത്തിയടിച്ച പന്തില്‍ ക്യാച്ചിനുള്ള ശ്രമം. രണ്ട് ദിശയില്‍ നിന്ന് ഓടിയടുത്ത ഗില്ലെസ്പിയും വോയും കൂട്ടിയിടിച്ചു. ആഘാതത്തില്‍ ഗില്ലെസ്പിയുടെ കാലൊടിയുകയും വോയുടെ മൂക്കിന്റെ പാലം തകരുകയും ചെയ്തു.

രണ്ടായിരത്തിലെ ഏഷ്യ കപ്പ്. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പ‍ര്‍ സബ കരീമിന്റെ കണ്ണിന് പരുക്കേല്‍ക്കുന്നത്. അനില്‍ കുംബ്ലയുടെ പന്താണ് കുത്തിതിരിഞ്ഞ് സബയുടെ കണ്ണില്‍ പതിച്ചത്. കാഴ്ചയെ സാരമായി ബാധിച്ചതോടെ അന്താരാഷ്ട്ര കരിയര്‍ അതിവേഗം അവസാനിപ്പിക്കാൻ സബ നിര്‍ബന്ധിതനായി.

ദക്ഷിണാഫ്രിക്കൻ മുൻ താരമായിരുന്നു ഗാരി കേര്‍സ്റ്റണുമുണ്ടായി മൈക്ക് ഗാറ്റിങ്ങിന് സമാനമായ പരുക്ക്. 2003ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഷോയ്ബ് അക്തറിന്റെ ബൗണ്‍സറായിരുന്നു കേ‍ര്‍സ്റ്റണിന്റെ മൂക്കിന്റെ പാലത്തിന് പരുക്ക് ഏല്‍ക്കാൻ കാരണം. ഇടതുകണ്ണിന് താഴെയായാണ് പന്ത് ചെന്നുകൊണ്ടതെങ്കിലും മൂക്കിന്റെ വശത്തും മുറുവുണ്ടായി. പത്ത് സ്റ്റിച്ചായിരുന്നു ആവശ്യമായി വന്നത്.

സമാനമായി സിംബാബ്‌വെ താരം മാര്‍ക്ക് വെര്‍മ്യൂലന്റെ തലയ്ക്കും ബൗണ്‍സറില്‍ നിന്ന് പരുക്കേറ്റിരുന്നു. ഇന്ത്യൻ മീഡിയം പേസര്‍ ഇര്‍ഫാൻ പത്താന്റെ പന്തില്‍ ഷോട്ടിനുള്ള ശ്രമം ടോപ് എഡ്ജ് ചെയ്ത് കണ്ണിന് മുകളില്‍ തെറ്റിയില്‍ ഇടിക്കുകയായിരുന്നു. തലയോട്ടിക്ക് സാരമായി പരുക്കേറ്റ വെര്‍മ്യൂലൻ ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു. സ്റ്റീല്‍ പ്ലേറ്റ് സ്ഥാപിക്കേണ്ടതായും വന്നു.

ഇന്നും നീറ്റലായ് ഹ്യൂസ്

ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ക്രിക്കറ്റ് ലോകത്തിലെ നീറുന്ന ഓര്‍മയാണ് ഫില്‍ ഹ്യൂസ്. 2014 നവംബര്‍ 2025. സൗത്ത് ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുള്ള മത്സരം. സൗത്ത് ഓസ്ട്രേലിയക്കായി ബാറ്റ് ചെയ്ത ഹ്യൂസ് 63ല്‍ നില്‍ക്കെ സീൻ അബോട്ടിന്റെ ബൗണ്‍സറില്‍ ഹൂക്ക് ഷോട്ടിന് ശ്രമിക്കുകയായിരുന്നു. ഹ്യൂസിന് പന്ത് കണക്റ്റ് ചെയ്യാൻ കഴിയാതെ പോയതോടെ പന്ത് ഇടതുചെവിയുടെ താഴെയായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഹ്യൂസ് ബോധം നഷ്ടപ്പെട്ട് വിക്കറ്റില്‍ വീണു.

താരത്തെ ഉടൻ ആശുപത്രിയില്‍ എത്തിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും ജീവൻ വീണ്ടെടുക്കാനായില്ല. രണ്ട് ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്. ഫോറെവര്‍ 63 നോട്ട് ഔട്ട്. ഹ്യൂസിന്റെ മരണത്തിന് ശേഷം ക്രിക്കറ്റ് താരങ്ങള്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പിന്നില്‍, പ്രൊട്ടക്റ്റര്‍ സ്ഥാപിക്കുകയും ചെയ്തു.

പരുക്ക് കീഴ്പ്പെടുത്താത്ത ചിലരുമുണ്ടായ് മൈതാനങ്ങളില്‍. അനില്‍ കുബ്ലെ, ബ്രെറ്റ് ലീ, പന്ത്, ക്രിസ് വോക്ക്സ്, രോഹിത് ശർമ, നാഥാൻ ലയണ്‍...അങ്ങനെ ചിലര്‍. പരുക്കിനോട് മല്ലിട്ട് ടീമിനായി പോരാടിയവര്‍.