ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കുമ്പോള്‍ സോഫി ഡിവൈൻ പ്രതീക്ഷിച്ചുകാണില്ല ബാറ്റിങ് പറുദീസയില്‍ സ്മൃതി മന്ദന അവരുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് മുകളില്‍ റണ്‍മഴ പെയ്യിക്കുമെന്ന്

പറഞ്ഞുതുടങ്ങും മുൻപ് ഒരു കാഴ്ചയെക്കുറിച്ച്. വനിത-ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരം. ജയം ഇന്ത്യയില്‍ വഴുതിപ്പോകുമ്പോള്‍ ഇൻഡോറിലെ ആ വലിയ സ്ക്രീനില്‍ ഒരു മുഖം തെളിയുകയാണ്. കലങ്ങിയ കണ്ണുകളുമായി ആ അവശ്വസനീയമായ നിമിഷം ഉള്‍ക്കൊള്ളാൻ കഴിയാതെ നിരാശയോടെ ഡഗൗട്ടിലിരിക്കുന്ന സ്മൃതി മന്ദനയായിരുന്നു അത്, അവര്‍ക്ക് ചുറ്റും നിശബ്ദത തളം കെട്ടിനില്‍ക്കുകയായിരുന്നു. സ്വന്തം മണ്ണിലെ വിശ്വകിരീടപ്പോരില്‍ തുടർച്ചയായ മൂന്നാം തോല്‍വി, സെമി ഫൈനല്‍ പോലും ഒരു വിദൂര സ്വപ്നമായി മാറുകയായിരുന്നു അവിടെ...

The good thing about time is it changes, മൂന്ന് രാവുകള്‍ക്കിപ്പുറം, മുംബൈ. വൈറ്റ് ഫേണ്‍സിനെതിരായ ജീവന്മരണപോരാട്ടത്തിനൊടുവില്‍ മഴയുംകടന്ന് വിജയനിമിഷം ആ കൈകളില്‍ ചെന്ന് പതിക്കുകയാണ്. ഇൻഡോറിലെ കലങ്ങിയ കണ്ണുകളില്‍ തിരിച്ചുവരവിന്റെ തിളക്കമുണ്ടായിരുന്നു അപ്പോള്‍...സ്മൃതിയുടെ ബാറ്റിലേന്തി ഇന്ത്യ തുടങ്ങിയ തിരിച്ചുവരവിന്റെ ഒരു പകലും രാത്രിയും താണ്ടിയിരിക്കുന്നു, ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു. മുംബൈയിലെ കാല്‍ലക്ഷത്തിലധികം കാണികള്‍ക്ക് മുന്നില്‍ ലോകക്രിക്കറ്റിന്റെ ഇതിഹാസങ്ങള്‍ക്കൊപ്പമോ മുകളിലൊ സ്മൃതി തന്റെ ഇരിപ്പിടം ഉറപ്പിച്ച ദിവസം.

സെഞ്ച്വറി പഞ്ച്

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കുമ്പോള്‍ സോഫി ഡിവൈൻ പ്രതീക്ഷിച്ചുകാണില്ല ബാറ്റിങ് പറുദീസയില്‍ സ്മൃതി അവരുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് മുകളില്‍ റണ്‍മഴ പെയ്യിക്കുമെന്ന്. ആദ്യ എട്ട് പന്തുകളില്‍ ബാറ്റില്‍ നിന്ന് ഒരു റണ്‍സ് പോലും സ്കോര്‍ബോര്‍ഡിലേക്ക് ചേർക്കപ്പെട്ടില്ല. സമ്മർദം, മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത് ലോകകപ്പില്‍ നിന്നുള്ള പുറത്താകലാണ്. സൈബറിടങ്ങളിലെ അധിക്ഷേപങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം. കാഴ്‌സണെ സ്വീപ്പ് ചെയ്ത് സ്ക്വയറിന് പിന്നിലൂടെ ആ സമ്മർദത്തെ സ്മൃതി ബൗണ്ടറി വര കടത്തി.

അതൊരു തുടക്കമായിരുന്നു. എലഗൻസും ക്ലാസും നിറഞ്ഞ ഒരു ഇന്നിങ്സിന്റെ തുടക്കം. സോഫി ഡിവൈനെ ബാക്ക്വേഡ് പോയിന്റിനും ഷോര്‍ട്ട് തേഡിനുമിടയിലുടെ കട്ടുചെയ്ത ഷോട്ട്, പ്യൂവ‍ര്‍ ടൈമിങ്. ഒൻപതാം ഓവറില്‍ കാഴ്സണിന്റെ ടോസ്‌ഡ് അപ്പ് ഡെലിവെറി, ക്രീസ് വിട്ടിറങ്ങി ലോങ് ഓഫിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഷോട്ട്. പന്ത് കൈക്കലാക്കാൻ ലോങ് ഓഫില്‍ നിന്ന് ഓടിയെത്തിയ മാഡി ഗ്രീൻ വെറും കാഴ്ചക്കാരിയായി മാത്രം നിന്നു അവിടെ. നവി മുംബൈയിലെ സായാഹ്നത്തില്‍ സ്മൃതിയുടെ ആദ്യ സിക്സ്. പത്ത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 27 പന്തില്‍ 22 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്ററുടെ നേട്ടം. ഇന്ത്യയുടെ റണ്‍റേറ്റ് നാലിലും.

പവര്‍പ്ലേ കഴിഞ്ഞതോടെ സ്മൃതി നിലയുറപ്പിച്ചു. അമേലി കേറും ജെസ് കേറും കാഴ്സണ്‍ വീണ്ടും ബൗണ്ടറി റോപ്പുകള്‍ താണ്ടി. 49 പന്തില്‍ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകം. അതുവരെ നേടിയത് നാല് ഫോറും രണ്ട് സിക്സും. ഒപ്പം നങ്കൂരമിട്ട് പ്രതിക റാവലും. 

ഇന്നിങ്സിന്റെ രണ്ടാം പാതി

18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 100 കടന്നിരുന്നു. സ്മൃതിയുടെ വിക്കറ്റിനായി ഷോര്‍ട്ട്, ഫുള്‍ ലെങ്ത്, ഗൂഗ്ലിയുമെല്ലാം മാറി മാറി പരീക്ഷിക്കുകയായിരുന്നു കിവി ബോളര്‍മാര്‍. പക്ഷേ, ഡെഫ് ടച്ചുകള്‍ക്കൊണ്ട് ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലെങ്തില്‍ വരുന്ന പന്തുകളെ നേരിട്ട സ്മൃതി ഷോര്‍ട്ട് ബോളുകള്‍ക്ക് മുകളില്‍ ഡോമിനേറ്റ് ചെയ്തത് അറ്റാക്കിങ് ഷോട്ടുകളിലൂടെയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റില്‍ സ്മൃതി എന്താണെന്ന് ഡിഫൈൻ ചെയ്ത ഒരു നിമിഷമുണ്ടായി. 27-ാം ഓവറില്‍ അമേലി കേര്‍ സ്മൃതിയെ വിക്കറ്റിന് മുന്നില്‍ക്കുടുക്കി. അമ്പയര്‍ ഔട്ടും വിധിച്ചു. ഒറ്റനോട്ടത്തില്‍ പ്ലമ്പായിരുന്നു അത്. പക്ഷേ, പ്രതീകയുടെ നി‍ര്‍ബന്ധത്തില്‍ സ്മൃതി റിവ്യു എടുത്തു. ഔട്ട് ഉറപ്പിച്ച് ഡഗൗട്ടിലേക്ക് നടന്നു സ്മൃതി. അള്‍ട്ര എഡ്ജില്‍ സ്പൈക്ക് തെളിഞ്ഞു. പന്ത് ബാറ്റില്‍ ഉരസിയിരിക്കുന്നു. വിശ്വസിക്കാനാകാതെ അമേലി. നിശബ്ദതയില്‍ നിന്ന് പൊടുന്നനെ ഗ്യാലറിയില്‍ നിലയ്ക്കാത്ത കയ്യടികളും ശബ്ദവും. ഒരുപക്ഷേ, പുരുഷ ക്രിക്കറ്റില്‍ സച്ചിനും കോഹ്ലിക്കും രോഹിതിനും ധോണിക്കുമൊക്കെ മാത്രം ലഭിച്ചപോലൊരു സ്വീകാര്യത.

അടുത്ത അമേലിയുടെ ഓവറില്‍ തുടരെ ഒരു സിക്സും ഫോറും. ലോങ് ഓണിലും ബാക്ക്വേഡ് സ്ക്വയര്‍ ലെഗിലുമാണ് പന്ത് നിക്ഷേപിക്കപ്പെട്ടത്. 88-ാം പന്ത്. ജെസ് കേറിനെ സ്വീപ്പര്‍ കവറിലേക്ക് തട്ടിയിട്ട് മൂന്നക്കത്തിലേക്കൊരു കുതിപ്പ്. ഏകദിന കരിയറിലെ 14-ാം സെഞ്ച്വറി. ഈ വര്‍ഷം മാന്ത്രിക സംഖ്യ തൊടുന്നത് അഞ്ചാം തവണ. കരിയറിലെ 17-ാം ശതകം. വനിത ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി എന്ന റെക്കോര്‍ഡില്‍ ഓസീസ് ഇതിഹാസം മെഗ് ലാനിങ്ങിനൊപ്പം. ഏകദിനത്തിലും മറികടക്കാൻ മെഗ് മാത്രമാണ് അവശേഷിക്കുന്നത്. ഗോട്ട് സ്റ്റഫ്.

39 പന്തുകള്‍ മാത്രമായിരുന്നു രണ്ടാം അര്‍ദ്ധ ശതകത്തിനാവശ്യമായ പന്തുകള്‍. ഏകദിനത്തില്‍ ഒരു ഇന്നിങ്സ് എങ്ങനെ പേസ് ചെയ്യണമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമായിരുന്നു ടെക്സ്റ്റ് ബുക്ക് ഷോട്ടുകളാല്‍ സമ്പന്നമായ ഇന്നിങ്സ്. സൂസി ബേറ്റ്സിന്റെ പന്തില്‍ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 33 ഓവറില്‍ ഇന്ത്യൻ സ്കോര്‍ 212 റണ്‍സ്. പ്രതികയ്ക്കൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ട്. സ്മൃതിയുടെ സ്കോറിങ്ങ് വേഗതയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ. കൂറ്റൻ സ്കോറിലേക്കുള്ള വഴിവെട്ടിത്തെളിച്ച 95 പന്തുകള്‍. പത്ത് ഫോറും നാല് സിക്സും. 89 ശതമാനം കണ്‍ട്രോള്‍. 53 റണ്‍സ് വിജയത്തില്‍ കളിയിലെ താരം. ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് കസേര വലിച്ചിട്ടിരുന്നാണ് കളം വിട്ടത്. A GOAT in making, or is she already a GOAT?