ഏഴ് മാസത്തെ ഇടവേളയുടെ ആലസ്യവും അലസതയും നിറഞ്ഞ ശരീരഭാഷയായിരുന്നു രോഹിത് ശർമയുടേത്. അത് നേരിടാൻ ഒരുങ്ങിയത് പേസും ബൗണ്‍സും സ്വിങ്ങും ആവോളം ഓസീസ് ബൗളര്‍മാര്‍ക്ക് നല്‍കുന്ന അഡ്‌ലെയ്‌ഡിലെ വിക്കറ്റില്‍

മിച്ചല്‍ ഓവന്റെ പന്ത് അഡ്‌ലെയ്‌ഡ് ഓവലിലെ വിക്കറ്റില്‍ പിച്ച് ചെയ്ത് അയാളുടെ നെഞ്ചിന് നേര്‍ക്ക് മൂളിപ്പറന്ന് എത്തുന്നു. തന്റെ നിമിഷം അതാണെന്ന് അയാള്‍ അവിടെ ഉറപ്പിക്കുകയാണ്. ഓസീസ് ആകാശത്തിന് കീഴിലൂടെ ഫൈൻ ലെഗിന് മുകളിലൂടെ ആ പന്ത് പരസ്യ റോപ്പുകള്‍ക്ക് അപ്പുറം പതിക്കുന്നതാണ് ക്രിക്കറ്റ് ലോകം അടുത്ത സെക്കൻഡില്‍ കണ്ടത്. 38-ാം വയസാണ് പ്രായമെന്ന് ഓർക്കണം, അസാധ്യ ഹാൻഡ് - ഐ കോ‍ര്‍ഡിനേഷൻ. അവിടെ നിരന്നിരുന്ന എല്‍ഇഡി വാളുകളില്‍ ഒരു പരസ്യ വാചകം അപ്പോള്‍ തെളിഞ്ഞു. ഫോറെവര്‍ ഫിയ‍ര്‍ലെസ്, അടുത്ത ഫ്രെയിമില്‍ രോഹിത് ശർമ. ഹിറ്റ്മാൻ, അതങ്ങനെ വെറുതെ കിട്ടിയ പേരല്ല. വിന്റേജ് ടച്ചില്‍ അഡ്‌ലെയ്‌ഡില്‍ ഒരു ക്ലാസിക്ക് ഇന്നിങ്സ്.

മെല്ലെ മെല്ലെ അതിജീവനം

It's not over until it's over എന്നൊരു പ്രയോഗമുണ്ട്. അഡ്‌ലെയ്‌ഡിലെ രോഹിത് ശർമയുടെ ഇന്നിങ്സ് അത്തരമൊന്നായിരുന്നു. ഏഴ് മാസത്തെ ഇടവേളയുടെ ആലസ്യവും അലസതയും നിറഞ്ഞ ശരീരഭാഷ. അത് നേരിടാൻ ഒരുങ്ങിയത് പേസും ബൗണ്‍സും സ്വിങ്ങും ആവോളം ഓസീസ് ബൗളര്‍മാര്‍ക്ക് നല്‍കുന്ന അഡ്‌ലെയ്‌ഡിലെ വിക്കറ്റില്‍. ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാ‍ര്‍ക്ക്, സേവിയര്‍ ബാര്‍റ്റ്ലെറ്റ്. ഒന്നരപതിറ്റാണ്ട് കടക്കുന്ന കരിയറില്‍ രോഹിത് ഇത്രയും വലിയ പരീക്ഷണം നേരിട്ടിട്ടുണ്ടാവുമോ, ചുരുക്കം മാത്രമായിരിക്കും.

ഹേസല്‍വുഡിനായി ഒരുക്കിയ വിക്കറ്റ് പോലൊന്ന്. അവിടെ അയാള്‍ നിരന്തരം രോഹിത് എന്ന ബാറ്റര്‍ക്ക് മുന്നില്‍ ചോദ്യമുയര്‍ത്തി. സ്റ്റാര്‍ക്കിന്റേയും ഹേസല്‍വുഡിന്റേയും ബാര്‍റ്റ്ലെറ്റിന്റേയും പന്തുകള്‍ ഇടവേളകളില്ലാതെ ബീറ്റ് ചെയ്തു ആ ബാറ്റിനെ. ഏത് നിമിഷവും രോഹിതിന്റെ വിക്കറ്റ് വീഴുമെന്ന് തോന്നിച്ചു. വിക്കറ്റിന് മുന്നിലും ഒരിക്കല്‍ക്കുടുങ്ങി, രക്ഷപ്പെടുത്തി വിട്ടു ആ ബാറ്റ്. മിഡില്‍ ചെയ്യുന്നില്ല എന്നതുമാത്രമായിരുന്നില്ല, പന്ത് കണക്റ്റ് ചെയ്യുന്നതുപോലും ചുരുക്കമായിരുന്നു. വിന്റേജ് രോഹിത് ശര്‍മയെ ഓര്‍മയില്ലെ, ക്ഷമകൊണ്ട് സാഹചര്യങ്ങളെ ജയിച്ചിരുന്ന കാലം.

അത്തരമൊരു ഇന്നിങ്സിന് തറക്കല്ലിടുകയായിരുന്നു രോഹിത് അ‍ഡ്‌ലെയ്‌ഡില്‍. ആദ്യ 20 പന്തില്‍ കേവലം ആറ് റണ്‍സ്. സ്റ്റാര്‍ക്കിന്റെ ഓവര്‍ പിച്ച് പന്തില്‍ ലഭിച്ച ഒരു ബൗണ്ടറി മാത്രം. 2019 ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇത്രയും മോശം തുടക്കം രോഹിതിനുണ്ടായത്. അടുത്ത 20 പന്തില്‍ നേടിയത് എട്ട് റണ്‍സ്. 40 പന്തുകളില്‍ രോഹിതിന്റെ സ്കോര്‍ 14 റണ്‍സ് മാത്രം, സ്ട്രൈക്ക് റേറ്റ് 35.

ഗിയർ ഷിഫ്റ്റ്

പുള്‍ഷോട്ടുകള്‍ക്ക് സാധ്യതയുള്ള പന്തുകളെ വരെ പ്രതിരോധിക്കുന്ന രോഹിത്, അത്യപൂര്‍വമായിരുന്നു അതെല്ലാം. കരിയറിന്റെ സമ്മര്‍ദവും പ്രതികൂല സാഹചര്യങ്ങളും എത്രത്തോളം ഒരു ബാറ്ററെ വരിഞ്ഞുമുറുകുമെന്ന് തെളിയുകയായിരുന്നു അവിടെ. എന്നാല്‍, പത്താം ഓവറിലെ ആദ്യ പന്തില്‍ ഇന്നിങ്സിനൊരു ചലനം സംഭവിക്കുകയാണ്. തന്നെ ഇത്രനേരം പരീക്ഷിച്ച ഹേസല്‍വുഡിനെ രോഹിത് മിഡോഫിലൂടെ ബൗണ്ടറിയിലെത്തിച്ചു.

15 ഓവര്‍ പിന്നിട്ടിട്ടും അഡ്‌ലെയ്‌ഡിലെ വിക്കറ്റിന്റെ അണ്‍പ്രെഡിക്റ്റബിലിറ്റിയില്‍ മാറ്റമുണ്ടായില്ല. ഏഴ് ഓവര്‍ സ്പെല്ലാണ് ഹേസല്‍വുഡ് എറിഞ്ഞത്. ഇക്കാലയളവില്‍ രോഹിത് ടച്ചിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇടവേളയുടെ ആലസ്യം മാറാൻ അനിവാര്യമായിരുന്ന ഗെയിം ടൈം. ഓവന്റെ ഓവറില്‍ രണ്ട് ക്ലാസിക്ക് പുള്‍ ഷോട്ടുകള്‍. ഫൈൻ ലെഗിലൂടെയും സ്ക്വയര്‍ ലെഗിലൂടേയും രണ്ട് സിക്സറുകള്‍. ആദം സാമ്പയെത്തിയപ്പോള്‍ സ്വീപ്പ് ചെയ്തൊരു ബൗണ്ടറി, 74 പന്തില്‍ അര്‍ദ്ധ ശതകം. ഗ്രിറ്റ്, ഗ്രേസ്, ക്ലാസ്, രോഹിത്.

സമീപകാലത്തെ ഏറ്റവും വേഗതകുറഞ്ഞ രോഹിത് ഇന്നിങ്സ്. 25-ാം ഓവറിലെ നാലാം പന്തില്‍ ആദം സാമ്പയെ കവറിന് മുകളിലൂടെ ലോഫ്റ്റ് ചെയ്തു, സുപ്രീം സ്ട്രൈക്ക്. 28-ാം ഓവറില്‍ സാമ്പ രുചിച്ചത് മാത്യു ഷോര്‍ട്ടുമറിഞ്ഞു, ബ്യൂട്ടിഫുള്‍ ഡ്രൈവ്. കനോലിയെ സ്വീപ് ചെയ്ത് ഷോര്‍ട്ട് ഫൈനിലേക്ക്. ബൗണ്ടറി റോപ്പിന് തൊട്ടരികിലായിരുന്നു പന്ത് നിലം തൊട്ടത്, ബൗണ്ടറി. രോഹിത് തന്റെ പ്രൈമിലേക്ക് എത്തുമെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു സ്റ്റാര്‍ക്കിന്റെ വരവ്, ഷോര്‍ട്ട് ബോള്‍. ഇക്കുറി പ്രതിരോധമായിരുന്നില്ല, പുള്‍ ഷോട്ട് തന്നെ പുറത്തെടുത്തു. സിക്സിനുള്ള ശ്രമം, പന്ത് മിഡില്‍ ചെയ്യാൻ രോഹിതിനായില്ല. ഹേസല്‍വുഡിന്റെ കൈകളില്‍ ആ ഇന്നിങ്സ് അവസാനിക്കുകയാണ്.

ലിവ് ബൈ സ്വോഡ്, ഡൈ ബെ സ്വോഡ് എന്ന് പറയുന്ന പോലായിരുന്നു ആ നിമിഷം. 97 പന്തില്‍ 73 റണ്‍സ്. ഏഴ് ഫോറും രണ്ട് സിക്സും. 30 ഓവര്‍ നീണ്ടു നിന്ന ഇന്നിങ്സ്. ആദ്യ 40 പന്തില്‍ 14 റണ്‍സ്. അതിന് ശേഷം നേരിട്ട പന്തില്‍ 59 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 105. വിന്റേജ് രോഹിത് ശര്‍മ ഗിയര്‍ ഷിഫ്റ്റ്. മടങ്ങുമ്പോള്‍ രോഹിത് നിരാശനായിരുന്നു, അഡ്‍ലെയ്‌ഡിന്റെ ഗ്യാലറി രോഹിതിന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്നില്‍ അര്‍ഹിച്ച ആദരം നല്‍കിയാണ് ആ മടക്കം പൂര്‍ത്തിയാക്കിയത്.

ഈ ഇന്നിങ്സ് അല്‍പ്പം പ്രത്യേകതകള്‍ കൂടി നിറഞ്ഞതായിരുന്നു. ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരെ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റര്‍. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഗാംഗുലിയെ പിന്തള്ളി മൂന്നാമത്. സെന രാജ്യങ്ങളില്‍ 150 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റര്‍. പക്ഷേ, ഇതിനെല്ലാം അപ്പുറമായിരിക്കും രോഹിതിന് ഈ 73 റണ്‍സ് നല്‍കുന്ന ആത്മവിശ്വാസം. 10 മാസങ്ങള്‍ക്ക് മുൻപാണ് ഇതേ ഓസീസ് മണ്ണില്‍ രോഹിത് നിലയില്ലാ കയത്തിലേക്ക് എടുത്തെറിയപ്പെട്ടത്, അവിടെ തന്നെ മറ്റൊരു തിരിച്ചുവരവിന്റെ തുടക്കം.

2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന രോഹിതിന് 97 പന്തുകളുടെ ചെറുത്തു നില്‍പ്പ് മുതല്‍ക്കൂട്ടാണ്, അതും പ്രതികൂല സാഹചര്യങ്ങളില്‍. ഇനി സിഡ്നിയാണ് മുന്നിലുള്ളത്. സമ്മര്‍ദമൊഴിഞ്ഞ ഹിറ്റ്മാനെ കാണാം അവിടെ. വിമര്‍ശകര്‍ക്ക് അതുവരെ ഒരു ഷോര്‍ട്ട് ബ്രേക്ക്.