ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ബൗളിങ് നിര പരിശോധിച്ചാല്‍ കുല്‍ദീപ് യാദവിനോളം അപകടകാരിയായ മറ്റൊരു ബൗളറില്ല. ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കാൻ കെല്‍പ്പുള്ള താരം, പക്ഷേ..

അഡ്‌ലെയ്‌ഡില്‍ ഓസ്ട്രേലിയൻ ഇന്നിങ്സ് 40 ഓവറുകള്‍ താണ്ടിയതോടെ ഒരു ത്രില്ലറിന് കളമൊരുങ്ങുകയായിരുന്നു. ലക്ഷ്യത്തിലേക്കുള്ള ദൂരം കുറവായിരുന്നെങ്കിലും വഴി എളുപ്പമാക്കാൻ ഒരുക്കമായിരുന്നില്ല ശുഭ്മാൻ ഗില്ലും സംഘവും. പക്ഷേ, 22 വയസുകാരൻ കനോലി ഇന്ത്യക്ക് ജയം നിഷേധിക്കുമ്പോള്‍ അയാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. ഒരു ക്ലാസിക്ക് ജസ്പ്രിത് ബുമ്ര മൊമന്റിനായിരുന്നു കളം ഒരുങ്ങിയതും. ബുമ്രയ്ക്ക് വിശ്രമം നല്‍കിയത് മുതല്‍ വിക്കറ്ററിയാതെ ഒരുക്കുന്ന ടീം ലൈനപ്പ് വരെ നിരവധി ചോദ്യങ്ങള്‍ ഗൗതം ഗംഭീറിനും ഗില്ലിനും മുന്നിലുണ്ട് ഉത്തരം പറയാൻ. ഓസ്ട്രേലിയയില്‍ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചതെന്തുകൊണ്ട്.

പാതി പേസ് നിര!

ഒരു പേസ് ബൗളറെ സംബന്ധിച്ച് ഓസ്ട്രേലിയ ഒരു സ്വപ്നനിലമാണ്. വേഗപ്പന്തുകള്‍ ബാറ്റര്‍മാരെ നിഷ്പ്രഭമാക്കിക്കൊണ്ട് മൂളിപ്പറക്കുന്ന മണ്ണ്. അവിടെ ഇന്ത്യ ഒരുക്കിയ പേസ് നിരയെ നോക്കു. മുഹമ്മദ് സിറാജ്, അ‍ര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, നിതീഷ് കുമാ‍ര്‍ റെഡ്ഡി. പരിചയസമ്പന്നനായി സിറാജ് മാത്രമാണ്, അ‍ര്‍ഷദീപ് ഒരു ക്വാളിറ്റി പേസറാണെങ്കിലും ഏകദിനം അയാള്‍ക്ക് വഴങ്ങിത്തുടങ്ങിയിട്ടില്ല. അ‍ര്‍ഷദീപ്-ഹര്‍ഷിത്-നിതീഷ് ത്രയത്തിന്റെ ആകെ ഏകദിന പരിചയസമ്പത്ത് കേവലം 20 മത്സരങ്ങള്‍ മാത്രമാണ്. എന്തുകൊണ്ട് ബുമ്ര ഈ സംഘത്തില്‍ ഉള്‍പ്പെട്ടില്ല എന്നത് വെറുമൊരു ചോദ്യമല്ല.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പയ്ക്ക് ശേഷമാണ് ബുമ്രയ്ക്ക് ബിസിസിഐ വിശ്രമം അനുവദിക്കുന്നത്. വിൻഡീസിനെതിരെ ബുമ്ര ഒരു അനിവാര്യ ഘടകമായിരുന്നില്ല എന്നത് പരമ്പരയിലെ ഇന്ത്യയുടെ ആധിപത്യത്തോടെയുള്ള വിജയം തെളിയിച്ചു. ഏതൊരു ടീമിനേയും സംബന്ധിച്ച് വിദേശപര്യടനങ്ങളാണ് അവരുടെ ക്രിക്കറ്റ് നിലവാരത്തിന്റെ അളവുകോലാകുന്നത്, അതും ഓസ്ട്രേലിയൻ മണ്ണില്‍ അസാധാരണമാംവിധം, അവരുടെ ബൗളര്‍മാരേക്കാള്‍ മികവ് പുലര്‍ത്തുന്ന ബുമ്രയ്ക്ക് വിശ്രമം നല്‍കിയ ആ തീരുമാനം പിഴച്ചുവെന്ന് പെര്‍ത്തും അഡ്‌ലെയ്‌ഡും തെളിയിച്ചു.

2026 ട്വന്റി 20 ലോകകപ്പ് മുൻനിര്‍ത്തിയായിരിക്കാം ബുമ്രയ്ക്ക് ദൈര്‍ഘ്യം കുറച്ച് ഫോര്‍മാറ്റില്‍ കൂടുതല്‍ ഗെയിം ടൈം നല്‍കുന്നത്. പക്ഷേ, ഈ തീരുമാനം നഷ്ടപ്പെടുത്തിയത് പരമ്പര നേടാനുള്ള അവസരം കൂടിയാണ്. അഡ്‍‌ലെയ്‌ഡില്‍ അര്‍ഷദീപിലും സിറാജിലും മാത്രമൊതുങ്ങുന്നതായിരുന്നു ഇന്ത്യയുടെ പേസ് നിര. ഹര്‍ഷിതും നിതീഷും 11 ഓവറില്‍ വഴങ്ങിയത് 83 റണ്‍സാണ്. എക്കണോമി എട്ടിനടുത്ത്. മാത്യു ഷോര്‍ട്ടിനെ മടക്കി ഓസീസിന്റെ നിര്‍ണായക കൂട്ടുകെട്ട് പൊളിച്ച ഹര്‍ഷിത് തന്റെ അടുത്ത രണ്ട് ഓവറില്‍ നല്‍കിയത് 23 റണ്‍സാണ്. ഓസ്ട്രേലിയ്ക്ക് സമ്മര്‍ദം കുറയ്ക്കാൻ ഇത് സഹായകരവുമായി.

187-5 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു ഇത് സംഭവിച്ചത്. ഇവിടെ കേവലം രണ്ട് ഏകദിനങ്ങളുടെ പരിചയസമ്പത്ത് മാത്രമുള്ള മിച്ചല്‍ ഓവനാണ് ഹര്‍ഷിതിനെ പലകുറി ബൗണ്ടറി കടത്തിയത്. ഒരു ഏഴാം നമ്പര്‍ താരമെത്തുമ്പോള്‍ അറ്റാക്ക് ചെയ്യുന്നതിന് പകരം സമ്മര്‍ദം നിലനിര്‍ത്താനുള്ള വഴികളായിരുന്നു നായകൻ ഗില്‍ സ്വീകരിച്ചതും. രോഹിതിന് കീഴില്‍ മധ്യഓവറുകളില്‍ എതിരാളികളെ ‍ഞെരുക്കുന്ന ഇന്ത്യയെ കാണാമായിരുന്നു. ഇത് അഡ്‍ലെയ്‌ഡില്‍ ആവര്‍ത്തിച്ചില്ല. കാരണം, മധ്യ ഓവറില്‍ വിക്കറ്റുകള്‍ വീഴ്ത്താൻ കെല്‍പ്പുള്ള ഒരു ബൗളറുടെ അഭാവം ഇന്ത്യക്കുണ്ടായിരുന്നു. കുല്‍ദീപ് യാദവ്, ഡ്രെസിങ് റൂമില്‍ ഇരിക്കുന്നുവെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.

ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ബൗളിങ് നിര പരിശോധിച്ചാല്‍ കുല്‍ദീപിനോളം അപകടകാരിയായ മറ്റൊരു ബൗളറില്ല. ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കാൻ കെല്‍പ്പുള്ള താരം. അറ്റാക്കിങ് ബൗളര്‍. ഇന്നലെ, കളിയിലെ താരമായത് ഒരു പേസറായിരുന്നില്ല. ആദം സാമ്പയെന്ന ലെഗ് സ്പിന്നറായിരുന്നു. ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് സാമ്പ പിഴുതത്. കുല്‍ദീപിന് പകരം ഇന്ത്യ പരീക്ഷിക്കുന്നത് ഓള്‍റൗണ്ടര്‍മാരെയാണ്. വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും. ഇവരിലൊരാളെ മാറ്റി കുല്‍ദീപിനെ പരീക്ഷിച്ചാല്‍ ടീമിനുണ്ടാകുന്ന ബാലൻസ് വലുതാണ്, ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്ന മുൻതൂക്കവും.

ഓണ്‍ ആകാത്ത ഓള്‍ റൗണ്ടര്‍മാര്‍

സമീപകാലത്ത് ഇന്ത്യൻ വിജയങ്ങളുടെ അടിസ്ഥാനങ്ങളിലൊന്ന് ഓള്‍ റൗണ്ടര്‍മാര്‍ തന്നെയായിരുന്നു. തര്‍ക്കമില്ല. ജഡേജയുടെ അഭാവം നികത്താൻ അക്സറിന് കഴിയുമ്പോള്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ അസാന്നിധ്യത്തിന് കൃത്യമായൊരു ഉത്തരമില്ല. കേവലം മൂന്ന് ഓവര്‍ മാത്രമാണ് നിതീഷ് അഡ്‌ലെയ്‌ഡില്‍ എറിഞ്ഞത്. നിതീഷും ഹര്‍ഷിതും പന്തെടുത്തപ്പോഴെല്ലാം ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമായി. ബാറ്റുകൊണ്ടുള്ള സംഭാവന എട്ട് റണ്‍സും. ഇതിനായി കുല്‍ദീപിനേപ്പോലൊരു ലോകോത്തര സ്പിന്നറെ പുറത്തിരുത്തുന്നത് നീതീകരിക്കാൻ കഴിയുമോയെന്നും ചോദ്യമുണ്ട്.

ഇനി ഇന്ത്യയുടെ ഡിഫൻസീവ് സമീപനം. ഇത് ബാറ്റിങ്ങില്‍ മാത്രമായിരുന്നില്ല ബൗളിങ്ങിലും പ്രകടമായിരുന്നു. മാത്യു ഷോര്‍ട്ട് പുറത്തായ നിമിഷം ഇന്ത്യയ്ക്ക് മുന്നില്‍ ഗെയിം ഓപ്പണായതാണ്. ഒരു വിക്കറ്റ് കൂടി അപ്പോള്‍ വീണിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരു ചുവട് കൂടി വെക്കാമായിരുന്നു. അതിന് പന്തേല്‍പ്പിക്കേണ്ടിയിരുന്നത് ടീമിലെ ഏറ്റവും മികച്ച ബൗളറെയായിരുന്നു. പക്ഷേ, ഗില്‍ ഹര്‍ഷിതില്‍ തുടര്‍ന്നു, ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചും വന്നു.

ഇനി ബാറ്റിങ്ങിലേക്കാണ്. എട്ടാം നമ്പര്‍ വരെ നീളുന്ന വിശാലമായ ബാറ്റിങ് നിരയില്‍ 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് ഓരേ ഒരു ബാറ്റര്‍ക്ക്, അക്സര്‍. മറ്റെല്ലാവരും അഡ്‌ലെയ്‌ഡിലെ വിക്കറ്റിന് മുന്നില്‍ ഷോട്ടുകള്‍ക്ക് തയാറാകാതെ നിന്നു. ഇന്ത്യൻ ഇന്നിങ്സില്‍ ആദ്യ 20 ഓവര്‍ ഓസീസ് പേസര്‍മാരുടെ ക്ലാസ് തെളിയിച്ചപ്പോള്‍, രോഹിതും ശ്രേയസ് അയ്യരും ക്ഷമയുടെ പാത സ്വീകരിച്ചു. അത് സ്കോര്‍കാര്‍ഡ് ചലിപ്പിക്കുന്നതിന് വെല്ലുവിളിയാകുകയും ചെയ്തു. എന്നാല്‍, കളി കൈവന്ന നിമിഷം ഇന്ത്യയ്ക്ക് രോഹിതിനേയും ശ്രേയസിനേയും നഷ്ടവുമായി.

മൂന്നാം ഏകദിനം സിഡ്നിയിലാണ്, ആശ്വാസ ജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അല്ലെങ്കില്‍ നാണക്കേടിന്റെ പടിയില്‍ നിന്നായിരിക്കും ഗില്‍ നായക കരിയര്‍ ഏകദിനത്തില്‍ ആരംഭിക്കുക.