വനിത ഏകദിന ലോകകപ്പ് രണ്ടാം പാതിയിലേക്ക് കടക്കുമ്പോള്‍ ഇതുവരെ സമ്പൂർണമായൊരു ആധിപത്യം നിറഞ്ഞ പ്രകടനം പുറത്തെടുക്കാൻ ഹർമൻപ്രീത് നയിക്കുന്ന സംഘത്തിന് സാധിച്ചിട്ടില്ല
ഹോൾക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അന്തരീക്ഷത്തില്‍ മഞ്ഞ് പൊടിഞ്ഞ് തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇൻഡോറില്‍ ചരിത്ര വിജയത്തിനും ഇന്ത്യയ്ക്കുമിടയില്‍ കേവലം 62 റണ്‍സും 60 പന്തുകളും. ക്രീസില്‍ വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ സ്മൃതി മന്ദന, ഒപ്പം പതിറ്റാണ്ടിന്റെ പരിചയസമ്പത്തുമായി ദീപ്തി ശർമ. ഇനിയും ഏഴ് വിക്കറ്റുകള്‍ അവശേഷിക്കുന്നുണ്ട്. നൂറില്‍ 99.9 ശതമാനവും വിജയസാധ്യത ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. പക്ഷേ, ഇൻഡോറിലെ രാത്രിയിലായിരുന്നു അവശേഷിച്ച ആ 0.01 ശതമാനം.
ഇംഗ്ലണ്ടിനെതിരെ സംഭവിച്ചത്
കാല്‍പ്പന്തിലെ ഐതിഹാസിക സംഘം റയല്‍ മാഡ്രിഡിന്റെ ഹോം മൈതാനങ്ങളിലെ മത്സരങ്ങളെക്കുറിച്ചൊരു പറച്ചിലുണ്ട്. 90 minutes at the Bernabéu is a long time. ബെർണബ്യൂവിലെ 90 മിനുറ്റുകള്‍ക്ക് ദൈര്‍ഘ്യം അല്‍പ്പം കൂടുതലാണ്. ബെര്‍ണബ്യൂവില്‍ എതിരാളികള്‍ വിജയം രുചിക്കാൻ ഒരുങ്ങുമ്പോഴായിരിക്കും റയല്‍ അത് തട്ടിയെടുക്കുക. അതുപോലെയായിരുന്നു ഇന്ത്യയ്ക്ക് മുന്നിലെ ആ 62 റണ്‍സും, അടുത്തെന്ന് തോന്നിച്ചതെങ്കിലും ഒരുപാട് അകലെയായിരുന്നു വിജയം, അതിന് അവസാന നിമിഷം വരെ പോരാടണമായിരുന്നു.
42-ാം ഓവർ വരെ പാലിച്ച സംയമനം ലിൻസി സ്മിത്തിനെതിരെ സ്മൃതി വെടിഞ്ഞ നിമിഷം, അല്‍പ്പം കാത്തുനില്‍ക്കാൻ തയാറാകാത്ത റിച്ച ഘോഷ്, കൈക്കുമ്പിളിലിരുന്ന മത്സരം ഉടച്ച ദീപ്തിയുടെ സ്ലോഗ് സ്വീപ്. 289 എന്ന വിജയലക്ഷ്യത്തിന് മുന്നില്‍ നാല് റണ്‍സിന്റെ തോല്‍വി. സ്വന്തം മണ്ണിലെ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം പരാജയം. ഡഗൗട്ടിലുണ്ടായിരുന്ന സ്മൃതി കണ്ണുകളടച്ചായിരുന്നു ആ നിമിഷത്തെ സ്വീകരിച്ചത്, ഇന്ത്യയുടെ ഡഗൗട്ടിലൊരുതരം മരവിപ്പായിരുന്നു.
2017 ഏകദിന ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനം പോലൊന്നായിരുന്നു ഇൻഡോറില്‍ സംഭവിച്ചതും. ഇതേ ഇംഗ്ലണ്ടിനെതിരെ.
കളം പിടിക്കാത്ത ഇന്ത്യ
ഈ ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനങ്ങളുടെ ആകെ തുകയായി ഇംഗ്ലണ്ടിനെതിരായ മത്സരത്തെക്കാണാനാകും. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരം. ടോപ് ഓര്‍ഡറിന്റെ പരാജയം, ലോവര്‍ ഓര്‍ഡറിന്റെ ചെറുത്തുനില്‍പ്പിലും ബൗളര്‍മാരുടെ കണിശതയിലും ജയം. പാക്കിസ്ഥാനെതിരായ രണ്ടാം പോരില്‍ ബാറ്റര്‍മാരുടെ ഭേദപ്പെട്ട പ്രകടനം, താരതമ്യേന ശക്തരല്ലാത്ത എതിരാളികളെ മറികടക്കാൻ അത് മതിയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ലോവര്‍ ഓഡര്‍ ബാറ്റര്‍മാര്‍ തന്നെയായിരുന്നു. റിച്ചയുടെ 77 പന്തില്‍ 94 റണ്‍സ് നേടിയ ഇന്നിങ്സായിരുന്നു 251 എന്ന സ്കോറിലേക്ക് എത്തിച്ചത്. പക്ഷേ, രണ്ടാം ഇന്നിങ്സില്‍ ബൗളര്‍മാര്‍ക്കും ഹര്‍മന്റെ തന്ത്രങ്ങളും പിഴച്ചു. 142-6 എന്ന സ്കോറില്‍ പ്രോട്ടിയാസിനെ വരിഞ്ഞുമുറുകിയ ശേഷം പരാജയം വഴങ്ങി, ലോകകപ്പിലെ ആദ്യ തോല്‍വി. നദീൻ ക്ലെര്‍ക്ക് തന്റെ കരിയറിലുടനീളം ഓര്‍ത്തിരിക്കാൻ പോന്ന ഇന്നിങ്സ് കാത്തുവെച്ചത് ഇന്ത്യക്കെതിരെ.
ഓസ്ട്രേലിയക്കെതിരായ നാലാം അംഗം. ബാറ്റിങ് പറുദീസ ഉപയോഗിച്ച ടോപ് ഓര്‍ഡര്‍, ലോകകപ്പില്‍ വരവറിയിച്ച് സ്മൃതി. 370 വരെ എത്തുമെന്ന് തോന്നിച്ച സ്കോര്‍ 330 ലൊതുങ്ങി, ലോവര്‍ ഓര്‍ഡര്‍ കൈവിട്ടതാണ് കാരണം. ലോകകപ്പിലെ തന്നെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. പക്ഷേ, ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി സമ്മര്‍ദം അതിജീവിക്കാൻ മറന്നപ്പോള്‍ അനായാസം ഓസ്ട്രേലിയ ചരിത്രം കുറിച്ചു. വനിത ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍, എലീസ ഹീലിയുടെ ശതകമായിരുന്നു ഇന്ത്യക്ക് രണ്ടാം തോല്‍വി സമ്മാനിച്ചത്.
ഇംഗ്ലണ്ടിനെതിരെ ബൗളര്‍മാര്‍ 300 കടക്കേണ്ട സ്കോറിനെ പിടിച്ചുകെട്ടിയെങ്കിലും ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുകയായിരുന്നു. ഒരു ബാറ്റിങ് തകര്‍ച്ചയൊന്നുമായിരുന്നില്ല സംഭവിച്ചത്. മധ്യഓവറുകളിലുടനീളം ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്തുകളില്‍ ബൗണ്ടറികളും റണ്‍സും നേടിയ ഇന്ത്യൻ ബാറ്റര്‍മാരെ നാറ്റ് സീവറിന്റെ തന്ത്രങ്ങള്‍ വരിഞ്ഞുമുറുകുകയായിരുന്നു. സോഫി എക്ലസ്റ്റോണും ലിൻസി സ്മിത്തും സ്റ്റമ്പ് ലൈൻ കൃത്യമായി പാലിക്കുകയും ലെഗ് സൈഡില്‍ ഫീല്‍ഡര്‍മാരെ കൃത്യമായി നിക്ഷേപിച്ച് ബൗണ്ടറികളുടെ ഒഴുക്ക് തടയുകയും ചെയ്തു.
135 ഡോട്ട് ബോളുകളാണ് ഇന്ത്യൻ ഇന്നിങ്സിലുണ്ടായത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ക്യാമ്പയിനില്‍ സംഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കൃത്യമായൊരു വിന്നിങ് കോമ്പിനേഷനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. ഇംഗ്ലണ്ടിനെതിരെ ആറ് ബൗളര്‍മാരുമായി ഇറങ്ങി, ജമീമയ്ക്ക് വിശ്രമം നല്‍കി. പകരമെത്തിയ രേണുകയുടെ വിക്കറ്റ് കോളം പൂജ്യമായിരുന്നു. ബാറ്റിങ് നിരയിലെ മുൻനിരയും മധ്യനിരയും പിൻനിരയും ഒരുമിച്ച് ഉയര്‍ന്നിട്ടില്ല. ബൗളര്‍മാരും ബാറ്റര്‍മാരും ഒരു മത്സരത്തിലും ഒരുപോലെ തിളങ്ങിയിട്ടില്ല.
ആറാം ബൗളറെന്ന ആവശ്യം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. മധ്യ ഓവറുകള്‍ മറികടക്കാൻ ക്യാപ്റ്റൻ ഹര്‍മൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് പന്തെറിയാൻ കഴിയുമെന്നതും ഓര്‍ക്കണം. ഫിനിഷിങ്ങിലെ പോരായ്മകള്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ മാത്രമാണ് വലിയൊരു ഫിനിഷിങ് ബാറ്റുകൊണ്ട് നടത്താനായത്. മറ്റ് മത്സരങ്ങളിലെല്ലാം അവസാന രണ്ട് മൂന്ന് ഓവറുകള്‍ക്കായി കാത്തുനില്‍ക്കുന്ന രീതിയാണ് പിന്തുടര്‍ന്നതും.
ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ അവസാന നാലിലെത്താനാകും. അടുത്ത പോരാട്ടം ക്വാളിറ്റി സൈഡായ ന്യൂസിലൻഡാണ്. പോരായ്മകള്‍ തിരുത്താതെ ഇറങ്ങിയാല്‍ സ്വപ്നം അങ്ങനെ മാത്രമായി അവശേഷിക്കും.


