18 വർഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ടീം ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഡിയാജിയോയുടെ നീക്കമെന്നതാണ് ശ്രദ്ധേയം. ആർസിബിയുടെ ഭാവിയെന്താകുമെന്നതിലാണ് ആകാംഷ

കോലിപ്പട വില്‍പ്പനയ്ക്ക്! രണ്ട് ബില്യണ്‍ അമേരിക്കൻ ഡോളര്‍, അതായത് 17,600 കോടിയോളം രൂപ.

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ‌്സ് ബെംഗളൂരുവിന് ഉടമകളായ ബ്രിട്ടീഷ് മധ്യനിര്‍മാണ-വിതരണ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടണ്‍ ഇട്ടിരിക്കുന്ന വിലയാണിത്. 18 വർഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ടീം ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഡിയാജിയോയുടെ നീക്കം. എന്തുകൊണ്ട് ആർസിബിയെ കൈവിടാൻ ഡിയാജിയോ ഒരുങ്ങുന്നു. വാങ്ങാൻ ആരൊക്കെയാണ് രംഗത്തുള്ളത്. ഈ ഭീമമായ തുക നിർണയിക്കാനുള്ള കാരണമെന്താണ്.

നീക്കത്തിന് പിന്നിലെ കാരണം

2012ലാണ് ഡിയാജിയോ ആർസിബിയുടെ ഉടമസ്ഥത ഏറ്റെടുക്കുന്നത്. വിജയ് മല്യയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകർച്ചയുടെ കാലത്ത് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് ഡിയാജിയോയുടെ കീഴിലെത്തുന്നതോടെയാണ് ഇത് സംഭവിക്കുന്നതും. വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയില്‍, മിച്ചല്‍ സ്റ്റാർക്ക്, ഡെയില്‍ സ്റ്റെയിൻ തുടങ്ങിയ ഇതിഹാസങ്ങളുടെ സാന്നിധ്യം ആർസിബിക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതിന് കാരണമായി. പക്ഷേ, 2025 തുടക്കത്തോടെയാണ് ഡിയാജിയോയുടെ പുതിയ നീക്കങ്ങള്‍ സംഭവിക്കുന്നത്.

ഇതിന് പിന്നില്‍ ഡിയാജിയോ ഇന്ത്യയുടെ തലപ്പത്തെ പുതുസാന്നിധ്യമാണ്, പ്രവീണ്‍ സോമേശ്വർ. 2025 മാർച്ചിലാണ് പ്രവീണ്‍ ഡിയാജിയോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ചുമതലയേല്‍ക്കുന്നത്. ആർസിബിയുടെ ബ്രാൻഡ് വലിപ്പവും സ്വീകാര്യതയുമൊക്കെ പരിഗണിക്കുമ്പോഴും കമ്പനിയുടെ പ്രധാന ബിസിനസുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നല്ല ക്രിക്കറ്റെന്ന നിലപാടാണ് പ്രവീണ്‍ സോമേശ്വർ സ്വീകരിച്ചിരിക്കുന്നത്. ഒരു ഐപിഎല്‍ ടീം എന്നത് വലിയ തോതില്‍ നിക്ഷേപം ആവശ്യമായ ഒന്നാണെന്നതും കമ്പനിയുടെ ദീർഘകാല പദ്ധതികള്‍ക്ക് സഹായകമാകുന്ന ഒന്നല്ലെന്നും പ്രവീണ്‍ സോമേശ്വർ വിലയിരുത്തുന്നു.

ആർസിബിയിലെ നിക്ഷേപം ഒഴിവാക്കുകയാണെങ്കില്‍ കമ്പനിയുടെ പ്രധാന ബിസിനസ് കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്താനുകമെന്ന കണക്കുകൂട്ടലും ഡിയാജിയോക്കുണ്ട്. മദ്യത്തിന്റെ പരസ്യമായിരുന്നു ആർസിബിക്ക് പിന്നിലെ ലക്ഷ്യമെന്ന് വിജയ് മല്യ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഐപിഎല്ലിലുള്‍പ്പെടെയുള്ള കായിക വേദികളില്‍ മദ്യം, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ പരോക്ഷമായ പരസ്യങ്ങള്‍പ്പോലും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കിയിരുന്നു. ഇതോടെ ഡിയാജിയോയ്ക്ക് വിസിബിലിറ്റി നഷ്ടമാകുകയും ചെയ്യും.

വാങ്ങാൻ ആരൊക്കെ?

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല, ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്റെ പാർത്ത് ജിൻഡാല്‍, അദാനി ഗ്രൂപ്പ് എന്നിവയാണ് ആര്‍സിബി ഏറ്റെടുക്കാൻ രംഗത്തുള്ളത്. ഇതിനുപുറമെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയും മറ്റ് രണ്ട് അമേരിക്കൻ കമ്പനികളും ടീം സ്വന്തമാക്കാൻ താല്‍പ്പര്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. പൂനാവാല കുടുംബം 2010ല്‍ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് സംഭവിച്ചിരുന്നില്ല.

ഐപിഎല്ലില്‍ തന്നെ മറ്റൊരു ടീമില്‍ നിക്ഷേപമുള്ള ഗ്രൂപ്പാണ് ജെഎസ്‌ഡബ്ല്യു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 50 ശതമാനം ഓഹരികളും ജിൻഡാല്‍ ഗ്രൂപ്പിന്റെ കീഴിലാണുള്ളത്. ആർസിബിയെ ഏറ്റെടുക്കണമെങ്കില്‍ ക്യാപിറ്റല്‍സിലെ നിക്ഷേപം ഗ്രൂപ്പിന് ഒഴിവാക്കേണ്ടി വരുമെന്നാണ് വിലയിരുത്തലുകള്‍. ഇത്തരമൊന്ന് സംഭവിക്കുകയാണെങ്കില്‍ ഡല്‍ഹിയുടെ സ്ഥിതിയും മോശമാകും. അദാനി ഗ്രൂപ്പും ദീർഘകാലമായി ഒരു ഐപിഎല്‍ ടീമെന്ന സ്വപ്നത്തിന് പിന്നാലെയാണ്. 2022ല്‍ ഇതിനുള്ള അവസരം ഒരുങ്ങിയെങ്കിലും സാധ്യമാകാതെ പോകുകയായിരുന്നു.

തുകയാണ് താല്‍പ്പര്യമുള്ള ഗ്രൂപ്പുകളെ അലട്ടുന്ന കാര്യങ്ങളിലൊന്ന്. ഒരു ഐപിഎല്‍ ടീമിന് ഇത്രയധികം മൂല്യമുണ്ടോയെന്നതാണ് ഉയരുന്ന ചോദ്യം. ഇത് ഭാവിയെ മുൻനിർത്തികൂടിയായിരിക്കണമെന്നാണ് കരുതപ്പെടുന്നത്. പ്രധാനമായും മീഡിയ റൈറ്റ്സ് ഉള്‍പ്പെടെയുള്ളവ പരിഗണിക്കുമ്പോള്‍. വരും വർഷങ്ങളില്‍ ഇത് എത്രത്തോളം ഉയരും അല്ലെങ്കില്‍ മറിച്ച് സംഭവിക്കുമോയെന്ന ചില ആശങ്കകളും മുന്നിലുണ്ട്. മീഡിയ റൈറ്റ്സിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ എതിരാളികളായിരുന്നു ജിയോയും ഹോട്ട്സ്റ്റാറും നിലവില്‍ ഒന്നിച്ചിരിക്കുകയാണ്, അതുകൊണ്ട് അടുത്ത ബിഡില്‍ ഒരു ഭീമമായ തുകയിലേക്ക് എത്തുമോയെന്നും മൂല്യമുയരുമോയെന്നുമാണ് സംശയം.