223 ദിവസങ്ങളുടെ കാത്തിരിപ്പായിരുന്നു, വൈകാരികമായിരുന്നു. ഓസീസ് മണ്ണിലേക്കുള്ള തിരിച്ചുവരവില്‍ രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും ഇന്നിങ്സുകളുടെ ഉദയവും അസ്തമയവും പൊടുന്നനെ സംഭവിച്ചു

29 മിനുറ്റുകള്‍. 37 പന്തുകള്‍. ആകാംഷയും പ്രതീക്ഷയും നിറഞ്ഞ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളിലേക്ക് നിരാശയുടെ ഞായര്‍ സമ്മാനിക്കാൻ മിച്ചല്‍ സ്റ്റാര്‍ക്കിനും ജോഷ് ഹേസല്‍വുഡിനും ആവശ്യമായി വന്ന സമയം. 223 ദിവസങ്ങളുടെ കാത്തിരിപ്പായിരുന്നു, വൈകാരികമായിരുന്നു. ഓസീസ് മണ്ണിലേക്കുള്ള തിരിച്ചുവരവില്‍ രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും ഇന്നിങ്സുകളുടെ ഉദയവും അസ്തമയവും പൊടുന്നനെ സംഭവിച്ചു. ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയിലെ ദുസ്വപ്നങ്ങള്‍ അവരെ പിന്തുടരുന്നതുപോലെ തോന്നിച്ചു...

രോഹിതിന്റെ 14 പന്തുകള്‍

പെര്‍ത്തിലെ ആദ്യ പത്ത് ഓവറുകള്‍ താണ്ടുക വേഗപ്പന്തുകാര്‍ക്ക് മുന്നില്‍ ബാറ്റേന്തുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. പരമ്പരയ്ക്ക് മുൻപ് ഓസ്ട്രേലിയൻ നായകൻ മിച്ചല്‍ മാര്‍ഷ് മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് നാണയഭാഗ്യം തുണച്ചപ്പോള്‍ മറുത്തൊന്ന് ചിന്തിക്കാൻ അയാള്‍ക്ക് കഴിയുമായിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന് അറുതിയും പെട്ടെന്ന്. നിറഞ്ഞുകൊണ്ടിരിക്കുന്ന ഗ്യാലറിക്ക് മുന്നിലുടെ പുതുനായകനൊപ്പം രോഹിത് ശര്‍മ ക്രീസിലേക്ക്. അമ്പയറുടെ കൈകളില്‍ നിന്നാ ആ വെള്ളപ്പന്ത് സ്വന്തമാക്കുകയാണ് സാക്ഷാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.

140 കിലോ മീറ്റര്‍ വേഗതയില്‍ മിഡില്‍, ഓഫ് സ്റ്റമ്പുകളെ ലക്ഷ്യമാക്കിയൊരു ഫുള്‍ ലെങ്ത് ഡെലിവെറി നല്‍കി സ്റ്റാര്‍ക്ക്. സിംഗിളെടുത്ത് തുടക്കം. സ്വിങ്ങിന്റെ സാധ്യതകള്‍ തെളിയാതെയായിരുന്നു ആദ്യ നിമിഷങ്ങള്‍ ഗില്ലിന്റേയും രോഹിതിന്റേയും ബാറ്റുകളേയും താണ്ടിയത്. ആദ്യ ഓവറിലെ ആറാം പന്ത്. ഇവിടെയായിരുന്നു ആദ്യ സൂചന. സ്റ്റാര്‍ക്കിന്റെയും രോഹിതിന്റേയും. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ മറ്റൊരു ഫുള്‍ ലെങ്ത് ഡെലിവെറി, ഷോട്ടിനുള്ള രോഹിതിന്റെ ആദ്യ ശ്രമം. ശൈലിമാറ്റമില്ല.

ഇൻസ്വിങ്ങര്‍, പന്ത് ഓഫ് സ്റ്റമ്പിനെ ഉരുമി പിന്നിലേക്ക്. പെര്‍ത്തിന്റെ ഗ്യാലറിയില്‍ ശബ്ദമുയ‍ര്‍ന്നു. സ്റ്റാര്‍ക്ക് രോഹിതിനൊരു പുഞ്ചിരി സമ്മാനിച്ചു. നിലയുറപ്പിച്ചിട്ട് മതിയെന്നുള്ള മുന്നറിയിപ്പ് പോലെ. വൈകാതെ സ്റ്റാര്‍ക്ക് ബാറ്റില്‍ രോഹിത് ഒരു സ്ട്രൈറ്റ് ഡ്രൈവിലൂടെ ജയിച്ചു. ആദ്യ രോഹിത് നിമിഷം. ജോഷ് ഹേസല്‍വുഡിനെ രോഹിത് ആദ്യം നേരിട്ട നാലാം ഓവര്‍. നാലാം പന്ത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു ഹാര്‍ഡ് ലെങ്ത് പന്ത്. ടിപ്പിക്കല്‍ ഹേസല്‍വുഡ് ടെസ്റ്റ് ഡെലിവെറി. വിക്കറ്റില്‍ നിന്ന് രോഹിത് പ്രതീക്ഷിച്ചതിലും ബൗണ്‍സ് പന്ത് കൈവരിച്ചു.

ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയില്‍ പലപ്പോഴും രോഹിതിനെ കുഴക്കിയ അതേ പന്ത്. രോഹിതിന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ റെൻഷോയുടെ കൈകളില്‍. 14 പന്തില്‍ എട്ട് റണ്‍സ്. 500-ാം അന്താരാഷ്ട്ര മത്സരത്തില്‍ ഒറ്റക്കമടക്കം.

എട്ട് പന്തില്‍ മടക്കം

ഹിറ്റ്മാൻ മടങ്ങി. ഇഷ്ടമൈതാനത്തേക്ക് ഒരിക്കല്‍ക്കൂടി വിരാട് കോഹ്ലി. മത്സരത്തിന് മുന്നോടിയായ താൻ കരിയറില്‍ ഏറ്റഴും ഫ്രഷായും ഫിറ്റായുമിരിക്കുന്ന സമയമാണിതെന്ന് പറഞ്ഞ കോഹ്ലിയെ അല്ലായിരുന്നു ക്രീസില്‍ കണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകളില്‍ എംആര്‍എഫ് ബാറ്റില്‍ അത്ര ആത്മവിശ്വാസം കണ്ടില്ല. ഭാവിക്ക് മുന്നില്‍ ചോദ്യ ചിഹ്നമുയര്‍ത്തുന്ന എട്ട് പന്തുകളായിരുന്നു കോഹ്ലി നേരിട്ടത്. കരിയറിലുടനീളം കൂടെക്കൂടിയ ഭൂതം ഒരിക്കല്‍ക്കൂടി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്തില്‍ ഡ്രൈവിനൊരു ശ്രമം. ഔട്ട് സൈഡ് എഡ്ജ്, ബാക്ക്‌വേഡ് പോയിന്റിലേക്ക് മൂളിപ്പറന്ന പന്ത് കണോലി കൈകലൊതുക്കി. സ്വാൻ നദിക്കരയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പെര്‍ത്ത് സ്റ്റേഡിയത്തില്‍ അവശേഷിച്ചത് നിശബ്ദത മാത്രം.

ഓസീസ് മണ്ണില്‍ കോഹ്ലിയുടെ ആദ്യ ഡക്ക്. ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയില്‍ സ്കോട്ട് ബോളണ്ട് പലകുറി പരീക്ഷിച്ച് വിജയിച്ച കോഹ്ലിയുടെ ദുര്‍ബലത ഇവിടെ ഉപയോഗിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണെന്ന് മാത്രം. 2021ലായിരുന്നു ഈ ദുര്‍ബലതയെ വിജയിക്കാൻ വിരാട് തന്റെ സ്റ്റാൻസില്‍ മാറ്റം വരുത്തിയത്. തല ഓഫ് സ്റ്റമ്പ് ലൈനിനൊപ്പം വരുന്ന തരത്തിലായിരുന്നു വ്യത്യാസമുണ്ടായത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തുന്ന പന്തുകളെ വെറുതെ വിടാൻ ഇത് സഹായിച്ചു. പക്ഷേ, മൂന്ന് സ്റ്റമ്പുകളും കവര്‍ ചെയ്യുന്ന ഈ നീക്കം വിക്കറ്റിന് മുന്നില്‍ നിരന്തരം കുടുങ്ങുന്നതിനും കാരണമാകുമായിരുന്നു.

മാറ്റാനാവാത്ത ചില ശീലങ്ങള്‍ പോലെയാണ് കോഹ്ലിയുടെ ഇത്തരം വിക്കറ്റുകള്‍. തന്റെ ഏറ്റവും മികച്ച ഷോട്ടായ കവര്‍ ഡ്രൈവ്, അത് തന്നെ ശക്തിയും ദൗര്‍ബല്യവും.

ആദ്യ അവസരത്തില്‍ രോഹിതും കോഹ്ലിയും വീണിരിക്കുന്നു. ഇനി രണ്ട് മത്സരങ്ങള്‍ക്കൂടി മുന്നിലുണ്ട്. പരാജയപ്പെട്ടാല്‍ എന്തായിരിക്കും ഭാവിയെന്നതിന്റെ സൂചന അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓരോ മത്സരവും വിലയിരുത്തപ്പെടും, കോഹ്ലിക്കും രോഹിതിനും മാത്രമല്ല എല്ലാവര്‍ക്കും ഇത് ബാധകമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ പ്രസക്തി മായാൻ മോശം ഇന്നിങ്സുകള്‍ ഒരു കാരണമാകുമെന്നും ഉറപ്പാണ്. ഇനി അഡ്‌ലയ്‌‍ഡും സി‍ഡ്ണിയും. ടെസ്റ്റ് കരിയര്‍ അവസാനിച്ച ഓസീസ് മണ്ണില്‍ ഏകദിന കരിയറിന് തുടര്‍ച്ചയോ ഉയര്‍ച്ചയോ അവസാനമോയെന്നാണ് ആകാംഷ.