ബിര്‍മിങ്ഹാമില്‍ ലീഡ്‌സിലെ നിരാശ ഗില്‍ തിരുത്തുകയാണ്, സമീപകാലത്ത് ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും കണ്‍ട്രോള്‍‌‌ഡായ ഇന്നിങ്സിലൂടെ

ആൻഡേഴ്‌സണ്‍ - ടെൻഡുല്‍ക്കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ ഇംഗ്ലണ്ടിലെ ബാറ്റിങ് ശരാശരി ആറ് ഇന്നിങ്സുകളില്‍ നിന്ന് കേവലം 14.66 മാത്രമായിരുന്നു. ഇന്ത്യയുടെ പുതുയുഗത്തിന്റെ മുഖത്തിന്റെ ശോഭകെടുത്തുന്ന അക്കങ്ങളായിരുന്നു അത്. ഒന്നാം ടെസ്റ്റിലെ ശതകത്തിന് ശേഷം പോലും താൻ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെ ബാറ്റ് ചെയ്യണമെന്നായിരുന്നു വിശദീകരണം. ബിര്‍മിങ്ഹാമില്‍ ലീഡ്‌സിലെ നിരാശ ഗില്‍ തിരുത്തുകയാണ്, സമീപകാലത്ത് ഇംഗ്ലീഷ് മണ്ണിലെ ഏറ്റവും കണ്‍ട്രോള്‍‌‌ഡായ ഇന്നിങ്സിലൂടെ.

216 പന്തില്‍ 114 റണ്‍സാണ് ഒന്നാം ദിനം ബെയില്‍സ് നിലം പതിക്കുമ്പോള്‍ ഗില്ലിന് നേര്‍ക്കുണ്ടായിരുന്നത്. ബൗളിങ്ങിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ബി‍ര്‍മിങ്ഹാമിലേത്. പക്ഷേ, അതിനെ മറികടക്കാൻ ഓരോ ബാറ്റര്‍മാര്‍ക്കും ഇംഗ്ലണ്ട് ബൗളര്‍മാര്‍ കൃത്യമായ കെണികള്‍ ഒരുക്കിയിരുന്നു. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, യശ്വസി ജയ്സ്വാള്‍, റിഷഭ് പന്ത് എന്നിവര്‍ ബെൻ സ്റ്റോക്ക്‌സ് വിരിച്ച വലകളില്‍ അണുവിട പിഴയ്ക്കാതെ ചെന്ന് പതിച്ചപ്പോള്‍ ഗില്‍ അതിന് തയാറായിരുന്നില്ല. ഇതുകൊണ്ടുകൂടിയാണ് കണ്ടീഷനുകളെ മാത്രം ആശ്രയിച്ചല്ല ടെസ്റ്റിലെ അതിജീവനമെന്ന് പറയുന്നതും.

മത്സരത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്, എതിരാളി മെനയുന്ന തന്ത്രങ്ങളെ അതിജീവിക്കുന്ന ഇന്നിങ്സുകള്‍ക്കും തൂവെള്ളയില്‍ തിളക്കം കൂടുതലാണ്. ഗില്‍ നേരിട്ട 216 പന്തുകളെടുക്കാം. ഷോട്ട് കളിക്കുന്നതിലെ ഗില്ലിന്റെ നിയന്ത്രണം 94 ശതമാനമാണ്. ഫാള്‍സ് ഷോട്ടുകളുടെ ശതമാനക്കണക്കെടുത്താല്‍ അത് 3.5 ശതമാനമായി ചുരുങ്ങുന്നു. അതായത്, ഗില്‍ കളിച്ച ഷോട്ടുകളില്‍ പ്രോപ്പര്‍ കണക്ഷൻ വരാതിരുന്നത് ആറോ ഏഴൊ പന്തുകളില്‍ മാത്രമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും നിയന്ത്രണമുള്ള ഇന്നിങ്സ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ഗ്രേറ്റ്സായ അലസ്റ്റിര്‍ കുക്ക്, ജോ റൂട്ട് എന്നിവര്‍ക്കും എന്തിന് ഇന്ത്യൻ ഇതിഹാസം രാഹുല്‍ ദ്രാവിഡിന് പോലും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ സാധിക്കാത്ത ഒന്ന്. ക്രിസ് വോക്ക്‌സിനെതിരെ രണ്ട് ഔട്ട്സൈഡ് എഡ്ജ്, ബ്രൈഡൻ കാഴ്‌സിന്റെ പന്തില്‍ ഒരു ഇൻസൈഡ് എഡ്‌ജും സംഭവിച്ചു. ഇത് മൂന്നും ഗില്ലിന്റെ സ്കോര്‍ 20 കടക്കുന്നതിന് മുൻപായിരുന്നു. വോക്ക്‌സിന്റേയും സ്റ്റോക്ക്‌സിന്റേയും പന്തുകളില്‍ മൂന്ന് ഫാള്‍സ് ഷോട്ടുകൂടി. ഇവ മാറ്റി നിര്‍ത്തിയാല്‍, എ നിയര്‍ പെര്‍ഫക്റ്റ് ഇന്നിങ്സ്.

ബാറ്റിങ്ങിന് അനുകൂലമായ ഒന്നാം ദിനത്തില്‍ ഗില്ലിന്റെ പ്രതിരോധത്തെ മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും ഇംഗ്ലണ്ട് ബൗളര്‍മാര്‍ നടത്തിയിരുന്നു. ഇൻസ്വിങ്ങുകളില്‍ ഗില്ലിനുള്ള ദുര്‍ബലത മുതലെടുക്കുക എന്നതുതന്നെയായിരുന്നു ലക്ഷ്യം. 30 ശതമാനത്തിലധികം പന്തുകളും ഗില്ലിന്റെ സ്റ്റമ്പ് ലൈനിലായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഫ് സൈഡ് അടച്ച് ഗില്ലിനെ ഡ്രൈവിനായി പ്രേരിപ്പിച്ചെങ്കിലും പ്രതിരോധത്തില്‍ ഇന്ത്യൻ നായകൻ ഉറച്ചുനില്‍ക്കുകയായിരുന്നു. അവസരങ്ങളില്‍ ഗ്യാപുകളിലൂടെ ബൗണ്ടറിയും എംആര്‍എഫ് ബാറ്റില്‍ നിന്നുവന്നു.

ഗില്ലിന്റെ അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പ്രധാനമായി കണ്ടെത്തിയ ഒരു വ്യത്യാസം പ്രതിരോധത്തില്‍ അല്ലെങ്കില്‍ ഡിഫൻസില്‍ വന്നിരിക്കുന്ന മാറ്റമാണ്. ഗില്ലിന്റെ ഫ്രണ്ട് ഫൂട്ട് ഡിഫൻസ് മെച്ചപ്പെട്ടുവെന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ രവി ശാസ്ത്രി സെഞ്ച്വറി ഇന്നിങ്സിന് പിന്നാലെ വിലയിരുത്തിയത്. നേരത്തെ പന്തിലേക്ക് സ്വയം എത്തുക എന്ന ശൈലിയായിരുന്നു ഗില്‍ സ്വീകരിച്ചിരുന്നത്, അത് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍, പന്ത് ബാറ്റിലേക്ക് എത്താൻ ഗില്‍ അനുവദിക്കുന്നതാണ് കാണാനാകുന്നത്.

ഗില്‍ തന്റെ ഇന്നിങ്സിനെ പരുവപ്പെടുത്തിയത് തന്നെയെടുക്കാം. 125 പന്തുകളായിരുന്നു അര്‍ദ്ധ സെഞ്ച്വറിയിലേക്ക് എത്താൻ ആവശ്യമായി വന്നത്. അഞ്ച് ബൗണ്ടറികള്‍ മാത്രമായിരുന്നു ആദ്യ അമ്പതിലുണ്ടായിരുന്നത്. ലീഡ്‌സില്‍ ഇന്നിങ്സിന്റെ തുടക്കം മുതല്‍ അറ്റാക്ക് ചെയ്യുന്ന ഇന്ത്യൻ നായകനില്‍ നിന്ന് വളരെ അകലെയായിരുന്നു ഈ ഇന്നിങ്സ്. ശതകത്തിലേക്ക് എത്താൻ പിന്നീട് 74 പന്തുകളും ഗില്‍ എടുത്തു. ന്യൂബോള്‍ എത്തുന്നതിന് മുൻപ് തന്നെ മൂന്നക്കം തൊടാൻ ഗില്‍ ശ്രദ്ധിക്കുകയും ചെയ്തു, അതും സ്വീപ്പിലൂടെ.

ന്യൂബോളിനു ശേഷവും ഗില്ലിനെ കംപോസ്‌ഡായാണ് കാണപ്പെട്ടിരുന്നത്. രണ്ടാം ദിനം ഗില്‍ ക്രീസില്‍ നിലയുറപ്പിക്കുന്ന സമയത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകളും.