ടി20 ഫോര്‍മാറ്റിലെ തന്റെ ഫിലോസഫിയെ ഉടച്ചുവാര്‍ത്ത് പുതിയൊരു വേര്‍ഷനെ കണ്ടെത്തിയിരിക്കുന്നു രാഹുല്‍. അതിന്റെ അടയാളമാണ് കൈവശമിരിക്കുന്ന ഓറഞ്ച് ക്യാപ്

വ്യക്തിഗതനേട്ടങ്ങള്‍ക്കപ്പുറം ടീമിന് മുൻതൂക്കം നല്‍കുന്ന താരങ്ങളാണ് അനിവാര്യം. ലഖ്നൗ സൂപ്പ‍ര്‍ ജയന്റ്സ് ഉടമയായ സ‌ഞ്ജീവ് ഗോയങ്ക വ‍ര്‍ഷങ്ങള്‍ക്ക് മുൻപ് കെ എല്‍ രാഹുലിനെതിരെ തൊടുത്ത ഒളിയമ്പായിരുന്നു ഇത്. സീസണുകള്‍ക്കിപ്പുറം ടി20 ഫോര്‍മാറ്റിലെ തന്റെ ഫിലോസഫിയെ ഉടച്ചുവാര്‍ത്ത് പുതിയൊരു വേര്‍ഷനെ കണ്ടെത്തിയിരിക്കുന്നു രാഹുല്‍. അതിന്റെ അടയാളമാണ് കൈവശമിരിക്കുന്ന ഓറഞ്ച് ക്യാപ്. ഒൻപത് മത്സരങ്ങളില്‍ നിന്ന് 433 റണ്‍സുമായി അഭിഷേക് ശര്‍മയോടും വൈഭവ് സൂര്യവംശിയോടുമൊക്കെ മല്ലിടുന്ന സീനിയര്‍. ഇന്ത്യയുടെ ടി20 സൈഡിലേക്ക് രാഹുലിനൊരു മടങ്ങിവരവ് സാധ്യമാണോ.

67 പന്തില്‍ 152 റണ്‍‍സ് ഇവിടെ നിന്ന് തുടങ്ങാം, ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യൻ താരത്തിന്റെ പേരിന് നേര്‍ക്ക് ഈ നമ്പര്‍ തെളിയുമെങ്കില്‍, അത് രാഹുലായിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ഇത്തരമൊരു സ്കോര്‍ സംഭവിക്കണമെങ്കില്‍ അഗ്രസീവായ സമീപനം കൊണ്ട് മാത്രമെ സാധിക്കുവെന്നും ഒരു ധാരണയുണ്ടായിരുന്നു. പക്ഷേ, അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പ്രോപ്പര്‍ ക്രിക്കറ്റിങ് ഷോട്ടുകള്‍ക്കൊണ്ട് ക്ലാസ് ഒട്ടും ചോരാതെയായിരുന്നു രാഹുല്‍ തന്റെ ഇന്നിങ്സ് പടുത്തുയര്‍ത്തിയത്.

പഞ്ചാബ് കിങ്സിനെതിരായ അസാധരണമായ പ്രകടനത്തിന് ശേഷം രാഹുല്‍ നടത്തിയ പ്രതികരണം അക്കാലമത്രയും തന്നെ തുണച്ച ഗെയിം പ്ലാനിനെ പ്രതിരോധിച്ചുകൊണ്ടായിരുന്നില്ല. പുതുതലമുറയുടെ ടി20ക്കൊപ്പം സഞ്ചരിക്കാൻ ഉറച്ചായിരുന്നു. ടി20 വ്യത്യസ്തമായിരുന്ന സമയമുണ്ടായിരുന്നു, ഓപ്പണറെന്ന നിലയില്‍ അല്‍പ്പം സമയമെടുക്കാനുള്ള സാവകാശം ലഭിച്ചിരുന്നു. ഇന്ന് പവര്‍പ്ലേ ഏറെ പ്രധാനപ്പെട്ടതാണ്, അടുത്ത ഓവറില്‍ സ്കോര്‍ ചെയ്യാമെന്ന് ചിന്തിക്കാനുള്ള സാധ്യത പോലുമില്ല. ആ മാനസികാവസ്ഥയിലേക്ക് അല്‍പ്പം ശ്രമകരമായെങ്കിലും ഞാനും എത്തിയിരിക്കുന്നു, ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍.

2022 ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങുമ്പോള്‍ രാഹുല്‍ നേരിട്ടിരുന്ന വലിയൊരു പരിഹാസമുണ്ടായിരുന്നു. രാഹുലാണ് സ്ട്രൈക്ക് എടുക്കുന്നതെങ്കില്‍ ആദ്യ ഓവര്‍ മെയിഡനായിരിക്കുമെന്ന്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിയാഴ്ച രാജസ്ഥാൻ റോയല്‍സിനെതിരെ ആദ്യ പന്ത് നേരിട്ട് കഴിഞ്ഞപ്പോള്‍ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 400 തൊട്ടിരുന്നു. നന്ദ്രെ ബര്‍ഗറിന്റെ ബാക്ക് ഓഫ് ദ ലെങ്ത് പന്തില്‍ ബാക്ക് ഫൂട്ടില്‍ മനോഹരമായൊരു ഷോട്ട്. സീസണിലെ ഏറ്റവും മികച്ച പവര്‍പ്ലേ ബൗളറായ ജോഫ്ര ആര്‍ച്ചറിനെതിരെ നേരിട്ട രണ്ടാം പന്തില്‍ സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സും.

എല്ലാ ടെക്സ്റ്റ് ബുക്ക് ഷോട്ടുകളും കൈവശമുള്ള, ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഒരേപോലെ വൈഭവമുള്ള രാഹുല്‍ ഒടുവില്‍ ടി20യെന്ന ഫോര്‍മാറ്റിനേയും പൂര്‍ണമായും ഉള്‍ക്കൊള്ളാൻ തയാറായിരിക്കുന്നു. സീസണില്‍ രണ്ടക്കം കടന്ന രാഹുലിന്റെ ഇന്നിങ്സുകള്‍ പരിശോധിക്കാം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 52 പന്തില്‍ 92 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 176. ചെന്നൈക്കെതിരെ 10 പന്തില്‍ 18 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 180. ബെംഗളൂരുവിനെതിരെ അര്‍ദ്ധ ശതകം, സ്ട്രൈക്ക് റേറ്റ് 167. ഹൈദരാബാദിനെതിരെ 160ഉം ഡല്‍ഹിക്കെതിരെ 226ഉം ആയിരുന്നു പ്രഹരശേഷി. ഒടുവില്‍ രാജസ്ഥാനെതിരെ 187.

ക്യാപ്റ്റൻസി സമ്മര്‍ദമില്ലാതെ കൂടുതല്‍ ക്ലാരിറ്റിയോടെ ബാറ്റ് ചെയ്യുന്ന രാഹുല്‍. വിരാട് കോലി കഴിഞ്ഞാല്‍ ഒരുപക്ഷേ, ഐപിഎല്ലിലെ ഏറ്റവും മികച്ച ചേസറായിക്കൂടി പരിഗണിക്കാൻ കഴിയുന്ന താരമാണ് രാഹുല്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റര്‍മാരിലൊരാള്‍. എന്നിരുന്നാലും തന്റെ ഗെയിം അപ്ഗ്രേഡ് ചെയ്തതുകൊണ്ട് മാത്രം രാഹുലിന് ടി20 ടീമിലേക്ക് മടങ്ങിവരാൻ കഴിയുമോ. നിലവിലെ സാഹചര്യത്തില്‍ സാധ്യതകള്‍ വിരളമാണെന്ന് വേണം കരുതാൻ. പ്രത്യേകിച്ചും രാഹുല്‍ ഒരു മുൻനിര ബാറ്റര്‍കൂടി ആയതിനാല്‍.

സ്ട്രൈക്ക് റേറ്റില്‍ തന്റെ നില മെച്ചപ്പെടുത്തിയെങ്കിലും അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ് എന്നീ പേരുകള്‍ മറികടക്കാനുള്ള പ്രകടനം രാഹുല്‍ പുറത്തെടുത്തിട്ടുണ്ടോയെന്നത് ചോദ്യമാണ്. അഭിഷേക്-സഞ്ജു-ഇഷാൻ ത്രയത്തിന് ശേഷം മാത്രമായിരിക്കും പുതുപേരുകള്‍ക്ക് അവസരം പോലും ഒരുങ്ങുക. മൂവരുടേയും സമീപകാലത്തെ പ്രകടനങ്ങളെ മാറ്റി നിര്‍ത്താനാകുകയുമില്ല. ടി20 ലോകകപ്പിലെ മാത്രമല്ല, നിലവില്‍ ഐപിഎല്ലിലും മൂന്ന് ബാറ്റര്‍മാരും റെഡ് ഹോട്ട് ഫോമിലാണ്.

പക്ഷേ, ഏകദിന ഫോ‍ര്‍മാറ്റിലെ തന്റെ സ്ഥാനത്തിന് യാതൊരു വെല്ലുവിളിയും ഉണ്ടാകില്ല എന്ന് ഉറപ്പിക്കാൻ രാഹുലിന് ഐപിഎല്ലിലെ പ്രകടനങ്ങള്‍ക്കൊണ്ട് സാധിച്ചേക്കും. 2027 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ നിരയിലെ പ്രധാനിയായിരിക്കും രാഹുലെന്നതില്‍ നിലവിലെ സാഹചര്യത്തില്‍ തര്‍ക്കമില്ലാത്ത ഒന്നാണ്. അതുകൊണ്ട്, താരത്തിന്റെ പ്രകടനങ്ങള്‍ പാഴാകില്ല.