ബാറ്റിങ് നിര തന്നെയാണ് മുൻചാമ്പ്യന്മാരുടെ സാധ്യതകളുടെ ഉയരം കൂട്ടുന്നതും. ഹൈ റിസ്ക്ക് ഹൈ റിവാര്‍ഡ് ക്രിക്കറ്റിന്റെ അപ്പോസ്തലന്മാരെല്ലാം ചേരുന്ന നിര

എതിര്‍ ബൗളിങ് നിരയിലേക്ക് വീശിയടിച്ചെത്തുന്ന റണ്‍കൊടുങ്കാറ്റ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഉയർ ടീം സ്കോറുകളുടെ പട്ടിക പറയും അവരുടെ ലെഗസി. ആദ്യ ആറ് ടോട്ടലുകളില്‍ അഞ്ചിന്റെ നേർക്കും ആ പേരാണ്. എല്ലാം 260 താണ്ടിയ കണക്കുകള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കരുത്തുറ്റ ബാറ്റിങ് യൂണിറ്റിലേക്ക് പൂര്‍ണമായും ചാരി നില്‍ക്കുന്ന സംഘമാണ് ഇഷാൻ കിഷന്റേത്. അതിനപ്പുറത്തേക്കൊരു മുൻതൂക്കം ഹൈദരാബാദിന് ഇക്കുറിയുണ്ടോ.

മേല്‍പ്പറഞ്ഞതുപോലെ ബാറ്റിങ് നിര തന്നെയാണ് മുൻചാമ്പ്യന്മാരുടെ സാധ്യതകളുടെ ഉയരം കൂട്ടുന്നതും. ഹൈ റിസ്ക്ക് ഹൈ റിവാര്‍ഡ് ക്രിക്കറ്റിന്റെ അപ്പോസ്തലന്മാരെല്ലാം ചേരുന്ന നിര. അവര്‍ മുന്നില്‍ പടുത്തുയര്‍ത്തുന്ന വിജയലക്ഷ്യം തന്നെ എതിരാളികളെ പൂര്‍ണമായും സമ്മര്‍ദത്തിലേക്ക് ആഴ്ത്താൻ കെല്‍പ്പുള്ളതാണ്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാൻ കിഷൻ. മൂന്ന് ഇടം കയ്യന്മാര്‍ ചേരുന്ന ടോപ് ഓര്‍ഡര്‍, ഹൈലി എക്സ്പ്ലോസീവ് എന്നല്ലാതെ ഒരു വിശേഷണം നല്‍കാനില്ല.

ശരാശരിയില്‍ ഒതുങ്ങിയ ടി20 ലോകകപ്പിന് ശേഷമാണ് ഹെഡ് എത്തുന്നത്. ഫൈനലിലൂടെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അഭിഷേക് പൂര്‍ണമായും താളം കണ്ടെത്തിയിട്ടില്ല. മൂവരില്‍ നിലവില്‍ മൂര്‍ച്ഛ കൂടുതല്‍ ഇഷാന് തന്നെയെന്നതില്‍ സംശയങ്ങളില്ല. ഇന്ത്യൻ ടീമിന്റെ വാതില്‍ റണ്ണൊഴുക്കുകൊണ്ട് തള്ളിത്തകര്‍ത്ത് കയറിയതിന് ശേഷം ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല ഇഷാന്. ലോകകപ്പില്‍ ഇന്ത്യയുടെ സെക്കൻഡ് ടോപ് സ്കോററായാണ് അവസാനിപ്പിച്ചത്, 317 റണ്‍സ്.

എന്നാല്‍, ഇടം കയ്യൻ ബാറ്റര്‍മാരുടെ ഓഫ് സ്പിൻ ദൗര്‍ബല്യത്തെ തുറന്ന് കാണിക്കാൻ ടി20 ലോകകപ്പിന് കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും അഭിഷേകിന്റേയും ഇഷാന്റെയും കാര്യത്തില്‍. സണ്‍റൈസേഴ്സിന്റെ ടോപ് ഓര്‍ഡറിനെ തേടി ഓഫ് സ്പിൻ പരീക്ഷണം ഉറപ്പായും എത്തുമെന്നതില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. അതിനെ എങ്ങനെ അതിജീവിക്കും എന്നതാണ് പ്രധാനം. പവര്‍പ്ലേയില്‍ തന്നെ കളി സ്വന്തമാക്കാൻ കെല്‍പ്പുള്ളവരെ പിടിച്ചുകെട്ടാനായാല്‍ എതിരാളികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകുമൊല്ലോ.

പക്ഷേ, ടോപ് ഓര്‍ഡറില്‍ അവസാനിക്കുന്നതല്ല ഹൈദരാബാദിന്റെ ബാറ്റിങ് നിര. ഹെൻറിച്ച് ക്ലാസൻ, ലിയാം ലിവിങ്സ്റ്റണ്‍, അനികേത് വര്‍മ, നിതിഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരിലൂടെ കടന്നുപോകുന്ന മധ്യ-പിൻനികള്‍. അനികേത് പോയ സീസണില്‍ തന്റെ മികവ് തെളിയിച്ചിരുന്നു, 166 സ്ട്രൈക്ക് റേറ്റില്‍ ഇരുനൂറ്റി അൻപതിലധികം റണ്‍സ്. പക്ഷേ, നിതീഷ് ആകട്ടെ ഫോര്‍മാറ്റുകളുടെ ഇടയിലകപ്പെട്ട് ഉലയുകയാണ്, ടി20 മോഡിലേക്ക് സ്വിച്ച് ചെയ്യാൻ താരം നിര്‍ണായക ഘട്ടങ്ങളില്‍ പോലും പരാജയപ്പെടുന്നു. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റ് ടി20യാണെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു കഴിഞ്ഞ ദിവസം, അത് തെളിയിക്കേണ്ടതുണ്ട് ഓള്‍ റൗണ്ടര്‍ക്ക് ഇത്തവണ.

ബാറ്റിങ് നിരയില്‍ ഭയപ്പെടുത്തുന്ന പേരുകള്‍ക്ക് കുറവില്ല ഹൈദരാബാദിന്. എന്നാല്‍, ബൗളിങ് യൂണിറ്റിലേക്ക് എത്തിയാല്‍ വ്യത്യസ്തമാണ് സ്ഥിതിയെന്ന് പറയേണ്ടി വരും. പ്രത്യേകിച്ചും നായകനും ബൗളിങ് നിരയിലെ മുഖ്യസാന്നിധ്യവുമായ പാറ്റ് കമ്മിൻസിന്റെ അഭാവത്തില്‍. പരിചയസമ്പത്തുള്ള ഒരു സ്പിന്നറുടെ അഭാവമുണ്ട് ഹൈദരാബാദ് നിരയില്‍. കമിന്ദു മെൻഡിസ്, സേഷൻ അൻസാരി, അമിത് കുമാര്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. ഒപ്പം ലിയാം ലിവിങ്സ്റ്റണും. എതിര്‍ബാറ്റിങ് നിരയ്ക്ക് വലിയൊരു ഭീഷണി ഉയര്‍ത്തിയ ചരിത്രം ചുരുക്കം മാത്രമാണ് ഈ പേരുകള്‍ക്കൊപ്പമുള്ളത്.

പേസ് നിരയും ബാറ്റിങ് യൂണിറ്റിനോട് ബലാബലം വരുന്നുണ്ടോയെന്നും ചോദ്യമാണ്. കമ്മിൻസില്ല, ഇഷാൻ മലിംഗയും ജാക്ക് എഡ്‌വേഴ്‌സും പരുക്കിന്റെ പിടിയിലാണ്. ഇരുവരേയും ഭാഗീകമായെങ്കിലും സീസണില്‍ ലഭിക്കുമോയെന്നതും ഉത്തരം ലഭിക്കാത്ത ചോദ്യമായി തുടരുന്നു. ജയദേവ് ഉനദ്‍‌കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ബ്രൈഡൻ കാഴ്‌സ്, ശിവം മവി, ശേഷം ആഭ്യന്തര താരങ്ങളും അടങ്ങുന്നതാണ് പേസ് നിര. ഇവരിലാര്‍ക്ക് കമ്മിൻസിന്റേയും അഭാവം നികത്താനാകുമെന്നതാണ് പ്രധാനപ്പെട്ട വെല്ലുവിളി.

ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്ലില്‍ സ്ഥിരയോടെ പന്തെറിയുന്ന താരമാണ്, വിക്കറ്റ് ടേക്കറും. സ്പിൻ നിരയില്‍ ദൗര്‍ബല്യം നിലനില്‍ക്കുമ്പോഴാണ് പേസ് നിരയിലും അത് ആവര്‍ത്തിക്കുന്നത്. പക്ഷേ, മറ്റ് താരങ്ങള്‍ക്ക് ഇതൊരു അവസരമായി കാണാനാകും, തിളങ്ങാനായാല്‍ കരിയര്‍ തന്നെ മാറ്റമറിക്കപ്പെടും.

ഇനി ഇഷാൻ കിഷൻ എന്ന നായകൻ. ജാര്‍ഖണ്ഡിനെ സെയ്‌ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാക്കിയതിന്റെ ആത്മവിശ്വാസം ഇഷാനുണ്ടാകും. അന്ന് ടൂര്‍ണമെന്റിലെ ടോപ് സ്കോററായതും ഇഷാനായിരുന്നു. ഫൈനലിലടക്കം സെഞ്ചുറി. നായകസമ്മര്‍ദം തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് തെളിയിച്ചു. പക്ഷേ, സെയ്‌ദ് മുഷ്താഖ് അലിയല്ല ഐപിഎല്‍, കുറച്ചധികം കടുപ്പമായിരിക്കും കാര്യങ്ങള്‍. എങ്ങനെ ഇഷാൻ ടീമിനെ നയിക്കുമെന്നതിലും ആകാംഷയുണ്ട്.