ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം തുടർ സീസണുകളില്‍ ജേതാക്കളാകുന്ന ആദ്യ ടീമായി മാറാൻ രജത് പാട്ടിദാറിന്റെ ടീമിന് കഴിയുമോ

കഴിഞ്ഞ വർഷം നേടിയെടുത്ത നിമിഷം രണ്ട്, മൂന്ന് സീസണുകളുടെ കഠിനാധ്വാനമാണ്. മുന്നോട്ടുള്ള പാത കൂടുതല്‍ ദുര്‍ഘടമായിരിക്കും. കാരണം എതിരാളികള്‍ അത്രത്തോളം ശക്തിയോടെ തിരിച്ചടിക്കാൻ ശ്രമിക്കും. നമ്മള്‍ ഈ ദിവസങ്ങള്‍ പാഴാക്കുന്നില്ല, ഒരുപടി മുന്നില്‍ തന്നെ. നമ്മുടെ 120 ശതമാനവും നല്‍കേണ്ടതുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സീസണിലെ ആദ്യ പരിശീലന സെഷന് മുന്നോടിയായി വിരാട് കോഹ്‌ലി തന്റെ സഹതാരങ്ങളോട് പറഞ്ഞു.

37 പിന്നിട്ടിരിക്കുന്നു അയാളുടെ പ്രായം, അഹമ്മദാബാദിലെ മൈതാനത്ത് മുട്ടുകുത്തിയിരുന്ന നിമിഷം വൈകാരിക വേലിയേറ്റങ്ങളുടെതായിരുന്നു അയാള്‍ക്ക്. ഐപിഎല്ലിന്റെ മധുരപതിനെട്ടില്‍ ആ വലിയ കടമ്പ അയാളും ആ സംഘവും കടന്നു. കിരീടനിമിഷം എങ്ങനെ സാധ്യമാക്കണമെന്ന് അവർക്കിന്ന് ബോധ്യമുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം തുടർ സീസണുകളില്‍ ജേതാക്കളാകുന്ന ആദ്യ ടീമായി മാറാൻ രജത് പാട്ടിദാറിന്റെ ടീമിന് കഴിയുമോ.

റോള്‍ ക്ലാരിറ്റി, അതാണ് മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ആൻഡി ഫ്ലവറും ദിനേഷ് കാര്‍ത്തിക്കും ചേർന്ന് 2025ല്‍ നടപ്പാക്കിയത്. അതിന് ഏറ്റവും അനുയോജ്യരായ നിസ്വാർത്ഥരായ താരങ്ങളെ ടീമിലെത്തിച്ചു. ഓരോരുത്തര്‍ക്കും തങ്ങള്‍ ചെയ്യേണ്ടതെന്ത് എന്നതില്‍ കൃത്യമായ വ്യക്തതയുണ്ടായിരുന്നു. ഓപ്പണർമാരില്‍ തുടങ്ങി ഇംപാക്‌റ്റ് പ്ലെയർ വരെയുള്ളവർ ടീമിന്റെ ഫിലോസഫി പിന്തുടരുകയും ചെയ്തു. വിഭിന്നമായിരിക്കില്ല ഇത്തവണയും കാര്യങ്ങള്‍ എന്ന് ഉറപ്പാണ്.

ബാറ്റിങ് നിര പരിഗണിച്ചാല്‍ പതിവ് പോലെ വിരാട് കോഹ്‍ലി തന്നെ ആങ്കർ റോള്‍ വഹിക്കും. എന്നാല്‍, ഇത്തവണ കൂടുതല്‍ അഗ്രസീവ് ആയിരിക്കും കോഹ്‍ലിയെന്ന് ഉറപ്പിക്കാം. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ഏകദിന പരമ്പരകള്‍ അതിന്റെ സൂചന തന്നെയായിരുന്നു. ഫില്‍ സാള്‍ട്ട് പവര്‍പ്ലേയിലെ എക്‌സ്പ്ലോസീവ് സ്റ്റാർട്ടിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ശേഷം, വെങ്കിടേഷ് അയ്യര്‍, നായകൻ പാട്ടിദാര്‍, ദേവദത്ത് പടിക്കല്‍, ജിതേഷ് ശർമ എന്നിവര്‍ ചേരുന്ന മധ്യനിര ബാറ്റർമാർ. ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കൃണാല്‍ പാണ്ഡ്യ ത്രയം ഫിനിഷർമാരായി.

പോയ സീസണില്‍ മികവ് തെളിയിച്ചവരാണ് മേല്‍പ്പറഞ്ഞ ഒൻപതില്‍ ഏട്ട് പേരും. ചോദ്യം വെങ്കിടേഷ് അയ്യരുടെ കാര്യത്തിലാണ്. കൊല്‍ക്കത്തയുടെ മൂല്യമേറിയ താരമെന്ന തലക്കെട്ടില്‍ കളത്തിലിറങ്ങിയ വെങ്കിടേഷ് ഓര്‍ക്കാനാഗ്രഹിക്കുന്നതായിരുന്നില്ല 2025. 11 കളികളില്‍ 142 റണ്‍സ് മാത്രം. അതുകൊണ്ട് മൂന്നാം നമ്പറിന്റെ കാര്യത്തിലായിരിക്കും ബെംഗളൂരുവിന്റെ ആശയക്കുഴപ്പം. വെങ്കിടേഷിന് പുറമെ ദേവദത്ത് പടിക്കല്‍, ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബെഥല്‍ എന്നീ പേരുകളുമുണ്ട്.

സുരക്ഷിതത്വം വെടിഞ്ഞ് ഹൈ റിസ്ക്ക് ഹൈ റിവാര്‍ഡ് തിരഞ്ഞെടുത്ത പടിക്കലിന്റെ നിരവധി ക്യാമിയോകള്‍ ആർസിബിയുടെ കിരീടത്തിന് വളമായിട്ടുണ്ട്. എന്നിരുന്നാലും ഇവിടെ ബെഥലിനാകും മുൻതൂക്കം. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരായ ബെഥലിന്റെ പ്രകടനം മാത്രം മതിയല്ലോ. പോരാട്ടം വിഫലമായെങ്കിലും ഒറ്റയ്ക്ക് ഒരു മത്സരം ജയിപ്പിക്കാൻ കെല്‍പ്പുണ്ട് തനിക്കെന്ന് ബെഥല്‍ അന്ന് തെളിയിച്ചു. സാക്ഷാല്‍ ജസ്പ്രിത് ബുമ്രയെ അന്ന് ബെഥല്‍ വരവേറ്റത് പോലും സിക്‌സിലൂടെയായിരുന്നു. മറ്റ് ആശങ്കകള്‍ ബാറ്റിങ് ലൈനപ്പില്‍ ഇല്ല.

ഓള്‍ റൗണ്ടര്‍മാരായ റൊമാരിയോയും കൃണാലും ഇക്കുറിയും പാട്ടിദാറിന്റെ പ്രധാന അസ്ത്രങ്ങളാകും. 109 റണ്‍സും 17 വിക്കറ്റുകളുമായിരുന്നു കൃണാലിന്റെ സമ്പാദ്യം, ഫൈനലില്‍ സമ്മര്‍ദം കൊടുമുടികയറിയപ്പോഴും ഉലയാതെ നിന്നിരുന്നു കൃണാല്‍, നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. റൊമാരിയൊ 291 സ്ട്രൈക്ക് റേറ്റില്‍ 70 റണ്‍സും ആറ് വിക്കറ്റും. സ്പിൻ നിരയില്‍ കൃണാലിനൊപ്പം സ്വപ്നീല്‍ സിങ്ങും സുയാഷുമുണ്ട്, വെറൈറ്റിയും കൃത്യതയും.

പേസ് നിരയില്‍ ഇത്തവണ ചെറിയൊരു തിരിച്ചടിയുണ്ട് ബെംഗളൂരുവിന്. ജോഷ് ഹേസല്‍വുഡ് സഹായം ആദ്യ മത്സരങ്ങളിലുണ്ടാകില്ല. കഴിഞ്ഞ സീസണില്‍ കേവലം 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ നേടി ബെംഗളൂരുവിനായി പന്തുകൊണ്ട് ഏറ്റവുമധികം തിളങ്ങിയത് ഓസീസ് പേസറായിരുന്നു. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും ഉപയോഗിക്കാനാകുന്ന ബൗളര്‍, ഡെത്ത് ഓവറുകളില്‍ ഹേസല്‍വുഡ് എത്രത്തോളം എഫക്റ്റീവായിരുന്നു എന്നതിന് ഉത്തരം കൂടിയാണ് ബെംഗളൂരുവിന്റെ കന്നിക്കിരീടം.

താരത്തിന്റെ റോള്‍ ആദ്യ ഘട്ടത്തില്‍ ആര് വഹിക്കും. ഭുവനേശ്വ‍ര്‍ കുമാ‍ര്‍, യാഷ് ദയാല്‍, ജേക്കബ് ഡഫി, നുവാൻ തുഷാര എന്നിവരാണ് പേസ് നിരയിലെ പ്രധാനികള്‍. ഭുവിയും യാഷും അന്തിമ ഇലവനിലെ സ്ഥിരസാന്നിധ്യമാണ്. തുഷാരയ്ക്കാണ് പിന്നീടുള്ള സാധ്യത. ഹേസല്‍വുഡിന്റെ അഭാവം ലങ്കൻ പേസറിലൂടെ മറികടക്കാൻ കഴിഞ്ഞാല്‍ ബെംഗളൂരുവിന്റെ മുൻതൂക്കം വര്‍ധിക്കും. സ്ക്വാഡ് ഡെപ്തിന്റെ കോളത്തിലും ടിക്കിടാം.

കിരീടം പ്രതിരോധിക്കാൻ പോന്ന സംഘം തന്നെയാണ് ബെംഗളൂരുവെന്ന് അവരുടെ സ്ക്വാഡ് തെളിയിക്കുന്നു. പേപ്പറിലെ പേരുകള്‍ കളത്തിലും തിളങ്ങിയാല്‍ ആ‍ര്‍സിബി വില്‍ ബി അണ്‍സ്റ്റോപ്പബിള്‍.