വാംഖഡയുടെ മുറ്റത്ത് സമയത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു അയാള്‍, മഹേന്ദ്ര സിങ് ധോണിയുടെ ആ സ്വപ്നസംഘത്തിലേക്ക് കയറിവന്ന ആ പയ്യൻ. മുംബൈ കാ രാജ, രോഹിത് ഗുരുനാഥ് ശര്‍മ

ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ വൈഭവ് അറോറയുടെ കൈകളില്‍ നിന്നൊരു ഫുള്‍ ടോസ് എത്തി. 12-ാം ഓവറിലെ രണ്ടാം പന്തായിരുന്നു അത്. കവറിന് മുകളിലൂടെയൊരു ഇൻസൈഡ് ഔട്ട് ഷോട്ട്. പന്ത് ആദ്യമായി നിലം തൊട്ടത് ആരാധകര്‍ക്കിടയിലാണ്, ഗ്യാലറിയില്‍‍ നിന്ന് നിലയ്ക്കാത്ത ആരവം ഉയര്‍ന്നു.

ആ പന്തിന്റെ ദിശപോലും നോക്കാൻ തയാറാകാതെ ഷോട്ട് പൂ‍ര്‍ത്തിയാക്കിയ പൊസിഷനില്‍ തന്നെ അയാള്‍ ഒരു നിമിഷം നിന്നു, കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു അത്ലീറ്റിന്റെ ശരീരഭാഷയുണ്ടായിരുന്നു അയാള്‍ക്ക്, അതും 39-ാം വയസില്‍. വാംഖഡയുടെ മുറ്റത്ത് സമയത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു അയാള്‍, മഹേന്ദ്ര സിങ് ധോണിയുടെ ആ സ്വപ്നസംഘത്തിലേക്ക് കയറിവന്ന ആ പയ്യൻ. മുംബൈ കാ രാജ, രോഹിത് ഗുരുനാഥ് ശര്‍മ.

ഐപിഎല്ലിന്റെ പത്തൊൻപതാം പതിപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ ഒരു ദൃശ്യം പങ്കുവെച്ചിരുന്നു. ശാ‍ര്‍ദൂല്‍ താക്കൂറിന്റെ ഷോര്‍ട്ട് ബോള്‍ അനായാസം പുള്‍ ചെയ്ത് വാംഖഡയുടെ സെക്കൻഡ് ടയറിലെത്തിക്കുന്ന രോഹിത്. പശ്ചാത്തലത്തില്‍ ആ ഷോട്ടിലെ ആശ്ചര്യവും അത്ഭുതവും ആരാധനയും നിറഞ്ഞ മുഖവുമായി മുംബൈയുടെ യുവതാരം നമൻ ധീര്‍. നമന്റെ അതേ മുഖഭാവമായിരുന്നു ഇന്നലെ നീലപുതച്ച വാംഖഡയ്ക്കും ക്രിക്കറ്റ് ലോകത്തിനും.

221 റണ്‍സ്. പല ഐതിഹാസിക നിമിഷങ്ങള്‍ക്കും സാക്ഷിയായ ആ മണ്ണില്‍ ഐപിഎല്ലില്‍ ഇന്നേ വരെ ആര്‍ക്കും മറികടക്കാൻ സാധിക്കാത്തൊരു സ്കോറായിരുന്നു അജിങ്ക്യ രഹാനെയുടെ സംഘം ഉയര്‍ത്തിയത്. അതിലേക്ക് അനായാസം നടന്നുകയറാൻ തീരുമാനിച്ചായിരുന്നു റിങ്കു സിങ്ങിനോട് കുശലം പറഞ്ഞ് രോഹിത് ക്രീസിലേക്ക് എത്തിയത്. ബ്ലെസിങ് മുസരബാനിയുടെ പന്തില്‍ ഇൻസൈഡ് എഡ്ജില്‍ തുറന്ന ഇന്നിങ്സിന്റെ ദിശ വ്യക്തമായത് മൂന്നാം ഓവറില്‍ വൈഭവിന്റെ പന്ത് 87 മീറ്റ‍ര്‍ അകലെ വിശ്രമിച്ചപ്പോഴാണ്.

ടി20 ലോകകപ്പില്‍ ബാറ്റര്‍മാരെ വിറപ്പിച്ച മുസരബാനി 39 കാരന്റെ ബാറ്റിന്റെ പ്രഹരശേഷി വൈകാതെ അറിഞ്ഞു. നാലാം ഓവറിലെ ആദ്യ പന്തില്‍ ലെഗ് സൈഡിലേക്ക് ചുവടുമാറി, മുസരബാനിയുടെ ഷോര്‍ട്ട് ബോള്‍ എക്സ്ട്രാ കവറിന് മുകളീലൂടെ ഒരിക്കല്‍ക്കൂടി 87 മീറ്റ‍ര്‍ താണ്ടി. രോഹിതിന്റെ ഓഫ് സൈഡ് പ്ലേ വിന്റേജ് മോഡിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതായിരുന്നു തുടര്‍ന്ന് കണ്ടത്.

ലോക രണ്ടാം നമ്പര്‍ ടി20 ബൗളര്‍, ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍. വരുണ്‍ ചക്രവര്‍ത്തിയെ വരവേറ്റത് കവറിലൂടെ ബൗണ്ടറി നേടി, പിന്നാലെ ലോങ് ഓണിലേക്ക് മുകളിലൂടെ ഒരു സബ്ലൈം സിക്സ്. ഇന്നത്തെ ടി20 ശൈലിയുടെ നിറങ്ങളൊന്നും ചാര്‍ത്താതെ ടൈമിങ്ങിനെ മാത്രം ആശ്രയിച്ചായിരുന്നു രോഹിതിന്റെ ആ ഷോട്ട്. പ്യൂവര്‍ ക്ലാസ്. മറുവശത്ത് നിന്ന് റിയാൻ റിക്കല്‍ട്ടണ്‍ കയ്യടിച്ച് ആസ്വദിക്കുകയായിരുന്നു ആ മൊമന്റ്. എന്തുകൊണ്ടാണ് അയാളെ ഒരു ക്ലീൻ ഹിറ്ററെന്ന് വിശേഷിപ്പിക്കുന്നതിന്റെ ഉത്തരം കൂടിയായിരുന്നു ഷോട്ട്. ഫീല്‍ഡിനെ കബളിപ്പിച്ച് സ്ക്വയര്‍ ലെഗിലേക്ക് വരുണിന് ഒരു ബൗണ്ടറികൂടി നല്‍കി രോഹിത്.

ശേഷം കാര്‍ത്തിക്ക് ത്യാഗി. തന്റെ കരിയര്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇരുപത്തിയഞ്ചുകാരൻ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലില്‍ പന്തെടുത്ത ത്യാഗിയെ രോഹിത് സ്വാഗതം ചെയ്തത് കവറിന് മുകളിലൂടെ സിക്സര്‍ പായിച്ച്. രണ്ട് പന്തിന്റെ ഇടവേളയ്ക്ക് ശേഷം ഡീപ് മിഡ് വിക്കറ്റിലേക്ക്. സ്ലോഗിങ്ങായിരുന്നില്ല, സ്ട്രോക്ക് പ്ലേയിലെ അസാധ്യമായ ബാലൻസ്, ടൈമിങ്, ഹാൻഡ് സ്പീഡ്. എല്ലാം ഒത്തിണക്കുകയായിരുന്നു വാംഖഡയില്‍.

പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ തന്നെ രോഹിത് തന്റെ അര്‍ദ്ധ സെഞ്ചുറി തികച്ചു. അതും കേവലം 23 പന്തില്‍. 19-ാം വര്‍ഷത്തിലേക്ക് കടക്കുന്ന തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും വേഗമേറിയത്. അതും 39-ാം വയസില്‍. ആ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കായി തന്റെ ശരീരത്തിനേയും കളിശൈലിയേയും അയാള്‍ മിനുക്കിയെടുത്തിരിക്കുന്നു. പവര്‍പ്ലേയില്‍ മുംബൈ സ്കോര്‍ബോര്‍‍ഡില്‍ പിറന്ന 80 റണ്‍സില്‍ 51ഉം രോഹിതിന്റെ ബാറ്റില്‍ നിന്ന്.

പവര്‍പ്ലേയ്ക്ക് ശേഷം സുനില്‍ നരെയ്‌നോട് മാത്രം അല്‍പ്പം കരുതല്‍, ബാക്കിയുള്ളവരോട് ദയയുണ്ടായില്ല രോഹിതിന്റെ ബാറ്റിന്. ഒടുവില്‍ പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ അനുകൂല്‍ റോയിയുടെ അസാധ്യമെന്ന് തോന്നിച്ച ഒരു ക്യാച്ചില്‍ ആ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ മുംബൈ വിജയം ഉറപ്പിച്ചിരുന്നു. ഏകദേശം 20 മീറ്ററോളം പിന്നോട്ടോടിയായിരുന്നു രോഹിത് ഉയര്‍ത്തിയടിച്ച പന്ത് അനുകൂല്‍ കൈപ്പിടിയിലൊതുക്കിയത്.

38 പന്തില്‍ 78 റണ്‍സ്. ആറ് വീതം ഫോറും സിക്‌സും. സ്ട്രൈക്ക് റേറ്റ് 205. ഡ്രെസിങ് റൂമിലേക്ക് നടന്നുകയറിയ രോഹിതിന്റെ മുഖത്ത് പുറത്തായതിന്റെ അമര്‍ഷമോ നിരാശയോ ഉണ്ടായിരുന്നില്ല. വാംഖഡയുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റവുവാങ്ങി അയാള്‍ മടങ്ങി. ഒരു രാവിന് മുൻപ് ചിന്നസ്വാമിയില്‍ രാജാവ് തന്റെ കിരീടം പ്രതിരോധിക്കാൻ ബാറ്റെടുത്തു, മുംബൈയുടെ ആകാശത്തിന് കീഴില്‍ കിരീടം വീണ്ടെടുക്കാൻ ഹിറ്റ്മാനും.