കേവലം 94 പന്തുകളില്‍ 202 റണ്‍സ് മറികടന്നിരിക്കുന്നു വിരാട് കോലിയുടെ സംഘം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 200 റണ്‍സിന് മുകളിലൊരു സ്കോർ ഇത്രയും വേഗത്തില്‍ മറ്റൊരു ടീമും മറികടന്നിട്ടില്ല

ചിന്നസ്വാമിയിലെ ഗ്യാലറികള്‍ വിജയമുറപ്പിച്ച് കഴിഞ്ഞിരുന്നു. അഞ്ച് ഓവറുകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്, 17 റണ്‍സിന്റെ ദൂരം മാത്രമാണുള്ളത്. 18 വര്‍ഷത്തിനിപ്പുറവും അവരുടെ പ്രതീക്ഷകളുടെ ഭാരം പേറി അയാള്‍ ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നു. കൊടുങ്കാറ്റിലും ഉലയാത്തൊരു വൃക്ഷം പോലെ. അല്ലലില്ലാതെ ഒരു വിജയം അവര്‍ക്ക് നേടിക്കൊടുക്കാൻ ഏത് ബൗളിങ് പേമാരിയിലും അയാള്‍ക്ക് കഴിയുമെന്ന് ആ മൈതാനത്തിന് നന്നെ അറിയാം. പക്ഷേ, അയാള്‍ ബാറ്റ് എടുത്തത് മറ്റൊന്നിനായിരുന്നു. Virat Kohli decided to send a crystal-clear message, a signal to his rivals with a statement win.

16-ാം ഓവറിന്റെ നിയോഗം ഇഷാൻ കിഷൻ ഏല്‍പ്പിച്ചത് ഹര്‍ഷല്‍ പട്ടേലിനെ ആയിരുന്നു. ഹര്‍ഷലില്‍ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല ആരും. മണിക്കൂറീല്‍ 127 കിലോ മീറ്റര്‍ വേഗതയിലെത്തിയ ആദ്യ പന്ത് ലോങ് ഓണിന് മുകളിലൂടെ ആരാധാകര്‍ക്കിടയില്‍ നിക്ഷേപിക്കപ്പെട്ടു. പിന്നാലെ എത്തിയ ഷോര്‍ട്ട് ബോള്‍ ഇഷാനെ താണ്ടി ബൗണ്ടറി റോപ്പ് താണ്ടി. ശേഷമായിരുന്നു തന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചുകൊണ്ട് എംആര്‍എഫ് ബാറ്റില്‍ നിന്ന് ഒരു നിമിഷമുണ്ടാകുന്നത്.

ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോളില്‍ അയാള്‍ ക്രീസുവിട്ടിറങ്ങി. ശേഷം കാണുന്നത് കവറിലൂടെ വെടുയുണ്ട കണക്കിന് പായുന്ന വെള്ളപ്പന്തിനെയാണ്. കോലി അറ്റ് ഹിസ് ഫൈനസ്റ്റ്. നാലാം പന്തിലും തേടിയെത്തിയത് ഒരു ഷോര്‍ട്ട് ബോള്‍, അപ്പര്‍ കട്ടിലൂടെ ഷോര്‍ട്ട് തേഡിലേക്ക് വഴിതിരിച്ച് വിട്ട് വിജയം നിമിഷം സാധ്യമാക്കുമ്പോള്‍ ഇനിയും 26 പന്തുകള്‍ ബാക്കിയുണ്ടെന്ന് ആ വലിയ സ്ക്രീൻ ഓര്‍മിപ്പിച്ചു.

കേവലം 94 പന്തുകളില്‍ 202 റണ്‍സ് മറികടന്നിരിക്കുന്നു വിരാട് കോലിയുടെ സംഘം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 200 റണ്‍സിന് മുകളിലൊരു സ്കോർ ഇത്രയും വേഗത്തില്‍ മറ്റൊരു ടീമും മറികടന്നിട്ടില്ല. അഹമ്മദാബാദില്‍ പോയ വർഷം ഒന്നും അവസാനിക്കുകയായിരുന്നില്ല, അത് ഒരു തുടക്കം മാത്രമായിരുന്നു. വരാനിരിക്കുന്ന കിരീട രാവുകളുടെ ഒരു ടീസര്‍ മാത്രം. ചിന്നസ്വാമിയിലെ സർവാധിപത്യത്തോടെയുള്ള വിജയം നല്‍കുന്ന സൂചനയും അത് തന്നെയാണെന്ന് പറയേണ്ടി വരും.

കിരീടാഘോഷത്തില്‍ 11 പേരുടെ ജീവൻ നഷ്ടമായത്തിന്റെ ദുഖഭാരം തളംകെട്ടി നിന്ന നിമിഷത്തില്‍ നിന്നായിരുന്നു തുടക്കം. ജോഷ് ഹേസല്‍വുഡ് എന്ന ആ വലിയ പേരിന്റെ അഭാവം ജേക്കബ് ഡഫി തിരുത്തിയാണ് ആരംഭിച്ചത്, ട്രാവിസ് ഹെഡും അഭിഷേക് ശർമയും രജത് പാട്ടിദാറിന് തലവേദനയുണ്ടാക്കാൻ മടിച്ച് മടങ്ങി, നിതീഷ് ഒപ്പവും. ഇഷാൻ ലോകകപ്പില്‍ അവസാനിപ്പിച്ചിടത്തു നിന്ന് തന്നെ ബാറ്റെടുക്കുകയും അനികേത് അതിനൊരു പെർഫെക്റ്റ് എൻഡിങ് സമ്മാനിക്കുകയും ചെയ്തിടത്തായിരുന്നു കളി സന്തുലിതമായത്.

201 എന്ന സ്കോർ ആ മൈതാനത്ത് ഒരു വലിയ കടമ്പയല്ല. ഫില്‍ സാള്‍ട്ട് അതിവേഗം മടങ്ങുമ്പോഴും കോലിക്ക് സ്ട്രൈക്ക് ലഭിക്കാൻ വൈകിയപ്പോഴുമൊന്നും ബെംഗളൂരു ആരാധകരുടെ മുഖത്ത് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കാരണം, ഫ്ലഡ് ലൈറ്റുകളുടെ വെള്ളിവെളിച്ചതിന് കീഴില്‍ ദിനേശ് കാർത്തിക്ക് ഒരാളെ തുറന്നുവിട്ടിരുന്നു അപ്പോഴേക്കും, ദേവദത്ത് പടിക്കല്‍. കോലിയെപ്പോലും കേവലം കാഴ്ചക്കാരനാക്കി നിർത്താൻ ദേവദത്തിന്റെ ബാറ്റിനായി എന്ന് വേണം പറയാൻ.

ജയദേവ് ഉനദ്‌കട്ടിനെ ബാക്ക്‌വേഡ് സ്ക്വയർ ലെഗിലൂടെ ഫ്ലിക്ക് ചെയ്ത് ഗ്യാലറിയിലെത്തിച്ചായിരുന്നു ദേവദത്തിന്റെ തുടക്കം. മനോഹരമായ ബാറ്റിങ് ഡിസ്പ്ലെ, അതായിരുന്നു ദേവദത്ത് ചിന്നസ്വാമിക്ക് സമ്മാനിച്ചത്. ഇതിനിടയില്‍ ബൗളിങ് മാറ്റങ്ങളും ഫീല്‍ഡിലെ തന്ത്രങ്ങളൊന്നും ഹൈദരാബാദിനെ തുണച്ചില്ല. ദേവദത്ത് വിടവുകള്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു. അത് അവസാനിക്കുന്നത് ഒൻപതാം ഓവറിലെ നാലാം പന്തിലാണ്.

അപ്പോഴേക്കും ബെംഗളൂരുവിന്റെ റണ്‍റേറ്റ് 13 തൊട്ടിരുന്നു, റിക്വേഡ് റണ്‍ റേറ്റ് 10ല്‍ നിന്ന് എട്ടിലേക്കും വീണു. സ്കോര്‍ ബോര്‍ഡില്‍ 110 തെളിഞ്ഞപ്പോഴാണ് ദേവദത്ത് മടങ്ങിയത്. വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം 26 പന്തില്‍ 61 റണ്‍സ്, ഏഴ് ഫോറും നാല് സിക്‌സും. സ്ട്രൈക്ക് റേറ്റ് 234. കോലിക്കൊപ്പം 45 പന്തില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട്. ദേവദത്തിന്റെ ഇന്നിങ്സായിരുന്നു ബെംഗളൂരുവിന്റെ റിഥം സെറ്റ് ചെയ്തതും. പാട്ടിദാർ അത് തുടരുകയും കോലി അവസാനിപ്പിക്കുകയും ചെയ്തതോടെ ഉത്തരമില്ലാതെ ഇഷാൻ കിഷനും സംഘവും മൈതാനത്ത് അവശേഷിച്ചു.

ഇതൊരു സ്റ്റേറ്റ്മെന്റ് വിൻ ആണെന്നതില്‍ സംശയമില്ല. മുന്നോട്ട് ബെംഗളൂരു എന്തായിരിക്കുമെന്നതിന്റെ കൃത്യമായ സൂചന. ഈ ടമ്പ്ലേറ്റിലായിരിക്കും അവര്‍ കിരീടപ്രതിരോധം നടത്തുക. എന്നാല്‍, ചില ആശങ്കകളുണ്ടെന്ന് പറയാതെ വയ്യ. ജേക്കബ് ഡഫി-ഭുവനേശ്വര്‍ കുമാര്‍ ദ്വയം ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യത്തില്‍ വഴങ്ങിയത് കേവലം 53 റണ്‍സാണ്. മറ്റ് ബൗളര്‍മാര്‍ 12 ഓവറില്‍ വഴങ്ങിയത് 146 റണ്‍സും. ഫില്‍ സാള്‍ട്ടിന്റെ കൈകളില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമായിരുന്നു. പരിഹാരം കാണേണ്ടതുണ്ട് പാട്ടിദാറിന്.