മേയ് നാല് 2025, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാനമായി ഒരു ഐപിഎല്‍ മത്സരം വിജയിച്ചത് അന്നായിരുന്നു. തുടരെ ഏഴ് തോല്‍വികള്‍, ഈ സീസണില്‍ മാത്രം അഞ്ച്

മേയ് നാല് 2025, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാനമായി ഒരു ഐപിഎല്‍ മത്സരം വിജയിച്ചത് അന്നായിരുന്നു. തുടരെ ഏഴ് തോല്‍വികള്‍, ഈ സീസണില്‍ മാത്രം അഞ്ച്. കണക്കുകളില്‍ സാധ്യമാണെങ്കിലും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ എത്തിപ്പിടിക്കാനാകുന്നതിലും ദൂരത്തിലാണ്. കൊല്‍ക്കത്തയ്ക്ക് എങ്ങനെ തിരിച്ചുവരാനാകും എന്ന് പരിശോധിക്കുന്നതിലും നല്ലത് എന്തുകൊണ്ട് ഇത്ര മോശം അവസ്ഥയിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനാകും.

2025 ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാതാരലേലം, അവിടെ നിന്നാണ് തകർച്ചയുടെ തുടക്കം. ചാമ്പ്യന്മാരുടെ തിളക്കത്തിലാണ് ഓക്ഷൻ ടേബിളിന് ചുറ്റും കൊല്‍ക്കത്തയുടെ പ്രതിനിധികള്‍ ഇരുന്നത്. മൂന്നാം കിരീടം നേടിത്തന്ന നായകൻ ശ്രേയസ് അയ്യരിനെ കൂടെ നിർത്താൻ കഴിയാതെ പോയി. അഭിപ്രായഭിന്നതകള്‍ പിന്നില്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ല, എങ്കിലും ശ്രേയസിനായി 9.75 കോടി രൂപ വരെ മാത്രമാണ് കൊല്‍ക്കത്ത വിളിക്കാൻ തയാറായത്. ഇന്ത്യൻ താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുന്നത് 26.75 കോടി രൂപയ്ക്ക്.

പകരം കൊല്‍ക്കത്ത എന്ത് ചെയ്തുവെന്ന് നോക്കാം. ശ്രേയസിന്റെ പകരക്കാരനെ കൊല്‍ക്കത്ത കണ്ടത് വെങ്കടേഷ് അയ്യരിലായിരുന്നു. ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം വെങ്കടേഷിനായി പണമൊഴുക്കി. ഒടുവില്‍ വെങ്കടേഷിനെ പര്‍പ്പിളില്‍ നിലനിര്‍ത്താനും സാധിച്ചു. 23.75 കോടി രൂപയ്ക്ക്. ശ്രേയസിനായി 10 കോടി പോലും വിളിക്കാൻ തയാറാകാത്ത അതേ കൊല്‍ക്കത്ത. ഇതിന്റെ തുടര്‍ച്ചയായി എന്ത് സംഭവിച്ചുവെന്നതാണ് ഏറ്റവും നിര്‍ണായകം. 2025 എഡിഷനില്‍ വെങ്കടേഷ് തന്റെ മികവിനോ മൂല്യത്തിനോ ഒത്ത് ഉയര്‍ന്നില്ല, 11 കളികളില്‍ നിന്ന് 142 റണ്‍സ് മാത്രം.

ഭാവി നായകനെന്ന ടാഗ് അന്നേ കല്‍പ്പിക്കപ്പെട്ടിരുന്ന താരമാണ് വെങ്കടേഷ്, അതിന്റെ ആദ്യപടിയായിരുന്നു ആ വലിയ തുകയെപ്പോലും പലരും നിരീക്ഷിച്ചത്. പക്ഷേ, 23.75 കോടി നിക്ഷേപിച്ച ഒരു താരത്തിന് നല്‍കേണ്ട പിന്തുണ കൊല്‍ക്കത്ത നല്‍കിയില്ല, പിന്തുണ മാത്രമല്ല താരത്തില്‍ വിശ്വാസം അര്‍പ്പിക്കാനും തയാറായില്ല. ഒറ്റ സീസണിന് ശേഷം കൈവിട്ടു കളഞ്ഞു. ഇത് എന്ത് സന്ദേശമാണ് മറ്റ് താരങ്ങള്‍ക്ക് കൊടുക്കുന്നതെന്നതും ചോദ്യമാണ്. 2026 സീസണിന് മുന്നോടിയായുള്ള മിനിലേലത്തില്‍ ബെംഗളൂരുവിലേക്ക് ചേക്കേറി വെങ്കടേഷ്.

2026 സീസണിന് മുന്നോടിയായി സംഭവിച്ച മറ്റൊരു ട്വിസ്റ്റായിരുന്നു ആന്ദ്രെ റസലിന്റെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍. കരിയറിന്റെ അസ്തമയത്തോട് അടുത്ത റസിലിലും വിശ്വാസം അര്‍പ്പിക്കാൻ കൊല്‍ക്കത്ത മടിച്ചു, റസലില്‍ ഇനിയും ടി20 ബാക്കിയുണ്ടെന്ന് മറ്റ് ലീഗുകള്‍ തെളിയിച്ചു. പക്ഷേ, വെങ്കടേഷിന്റെ കാര്യത്തിലേക്കാള്‍ ന്യായം ഇവിടെ കണ്ടെത്താനാകും. എന്നാല്‍, റസലിന്റെ പകരക്കാരനായി എത്തിയ കാമറൂണ്‍ ഗ്രീനിനോ അല്ലെങ്കില്‍ റോവ്‌മാൻ പവലിനെയോ കൃത്യമായി ഉപയോഗിക്കാൻ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. സമാനമായൊരു പ്രകടനവും ഇരുവരില്‍‍ നിന്നും ഉണ്ടാകുന്നില്ല.

ഇനി നായകനായി കൊല്‍ക്കത്ത തിരഞ്ഞെടുത്ത അജിങ്ക്യ രഹാനെ. രഹാനെയുടെ ക്ലാസിലോ അയാളുടെ മികവിലോ ഒന്നും തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല. രോഹിത് ശര്‍മയെപ്പോലെ, വിരാട് കോലിയെപ്പോലെ തന്നെ ആഘോഷിക്കപ്പെടേണ്ട താരം തന്നെയാണ് രഹാനെയും. 2024ലെ മെഗാ താരലേലത്തില്‍ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായ ബാറ്ററാണ് രഹാനെ. അതായത് ഒരു ടീമിന്റേയും ആദ്യ തിരഞ്ഞെടുപ്പായിരുന്നില്ല രഹാനെ. മറ്റ് ഓപ്ഷനുകള്‍ ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കൊല്‍ക്കത്ത രഹാനെയെ ആ നിയോഗം ഏല്‍പ്പിക്കുന്നത്.

പവര്‍പ്ലേയിലെ തന്റെ സ്ട്രൈക്ക് റേറ്റിനെ ഉയര്‍ത്തി ടീമിലെ സ്ഥാനത്തെയും നായകന്റെ കസേരയേയും പ്രതിരോധിക്കുന്ന ഒരാളായി രഹാനെ മാറി. പവര്‍പ്ലേയ്ക്ക് അപ്പുറം രഹാനെയ്ക്കൊരു ടി20 കരിയറുണ്ടോയെന്നത് ചോദ്യമായി മുന്നിലുണ്ട്. അതിന്റെ ഉത്തരം തിരിച്ചറിയേണ്ടത് രഹാനെയും മാനേജ്മെന്റും തന്നെയാണ്.

മറ്റൊന്ന്, റിങ്കു സിങ് എന്ന താരത്തെ ഫിനിഷറാക്കി മാത്രം നിലനിര്‍ത്തുന്നതിന് പിന്നിലെ തന്ത്രമെന്താണെന്ന് അറിയില്ല. അഗ്രിഷ് രഘുവംശിക്കപ്പുറം മികച്ച പ്രകടനം നടത്തുന്ന ഒരു ബാറ്റര്‍ കൊല്‍ക്കത്തയുടെ കുപ്പായത്തില്‍ ഇല്ല. 13 കോടി രൂപ നല്‍കി നിലനിര്‍ത്തിയ താരമാണ് റിങ്കു. പക്ഷേ, റിങ്കു ഇപ്പോഴും മൈതാനത്ത് എത്തുന്നത് കൊല്‍ക്കത്തയുടെ ഇന്നിങ്സിന്റെ മിനുക്ക് പണികള്‍ മാത്രം നടത്താനാണ്. റിങ്കു ഫിനിഷറിനപ്പുറം എബിലിറ്റിയുള്ള ബാറ്ററാണെന്ന തിരിച്ചറിവ് കൊല്‍ക്കത്തയ്ക്ക് ഇല്ലേ എന്നത് സംശയമാണ്. അനുകൂല്‍ റോയിക്ക് പിന്നിലായാണ് ഗുജറാത്തിനെതിരെ റിങ്കു ക്രീസിലെത്തിയത് പോലും. ഫിനിഷ് ചെയ്യാൻ പവലുള്ളപ്പോഴാണ് താരത്തെ ഹോള്‍ഡ് ചെയ്യുന്നതും.

ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ടീമിന്റെ ഇഗ്നൈറ്റ് ചെയ്യാൻ പറ്റുന്ന താരത്തിന്റെ അസാന്നധ്യമാണ്. കൊല്‍ക്കത്തയുടെ ചരിത്രം പിന്നോട്ടെടുത്താല്‍ സൗരവ് ഗാംഗുലി എന്ന വലിയ പേര് കാണാനാകും. ഗാംഗുലിയുമായി കൊല്‍ക്കത്ത വേര്‍പിരിഞ്ഞപ്പോള്‍ ആരാധകര്‍ പോലും സ്റ്റേഡിയത്തിലെത്താൻ മടിച്ചിരുന്നു. അവിടെ നിന്ന് ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഗൗതം ഗംഭീറാണ്, വിജയത്തിനോട് അസാധാരണമായ ആവേശമുള്ളൊരു മനുഷ്യൻ, രണ്ട് കിരീടങ്ങള്‍. ഇത് ആവര്‍ത്തിക്കാൻ ശ്രേയസ് അയ്യര്‍ വരേണ്ടി വന്നു.

ആ‍ര്‍സിബിക്ക് ഒരു കോലിയുണ്ട്, മുംബൈക്കൊരു രോഹിതുണ്ട്, ചെന്നൈക്ക് ധോണി. പിൻഗാമികളായി പാട്ടിദാറും ഹാര്‍ദിക്കും സഞ്ജുവുമെല്ലാം. ആരാധകരേയും ടീമിനേയും ഒരുപോലെ ചേര്‍ത്ത് നിര്‍ത്താൻ കഴിയുന്നവര്‍. ടീമിന്റെ ഐഡന്റിറ്റി. ഇന്ന് പര്‍പ്പിള്‍ ആൻഡ് ഗോള്‍ഡില്‍ ഇത്തരമൊരു മുഖമോ അല്ലെങ്കില്‍ ഒരു പിൻഗാമിയേയോ കാണാനാകില്ല. വീഴ്ചകളുടെ ആഴം അളക്കുമ്പോള്‍ മുഖ്യപ്രതി മാനേജ്മെന്റിന്റെ തീരുമാനങ്ങളെന്ന് തന്നെ സംശയിക്കേണ്ടതായി വരുന്നു.