വരുണ്‍ ചക്രവർത്തിയുടെ വീഴ്ചയ്ക്ക് പിന്നിലെന്ത്, താരത്തിന്റെ തിരിച്ചുവരവ് എത്രത്തോളം പ്രധാനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇന്ത്യയ്ക്കും
ടി20 ലോകകപ്പില്‍ പ്രോട്ടിയാസിനെതിരെ ഡേവിഡ് മില്ലറിനും ഡിവാള്‍ഡ് ബ്രെവിസിനും മുന്നിലെത്തും വരെ അയാളായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രധാന അസ്ത്രം. ജസ്പ്രിത് ബുമ്രയ്ക്ക് സമാനമായി ഇന്ത്യയുടെ ചീറ്റ് കോഡ് എന്ന് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വരെ നിസംശയം വാഴ്ത്തിയ പേര്, വരുണ്‍ ചക്രവർത്തി. പക്ഷേ, ആ ഫെബ്രുവരി 22ല്‍ നിന്ന് ഏപ്രില്‍ രണ്ട് പിന്നിടുമ്പോള്‍ അയാള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് മറ്റെന്തിനേക്കാള്‍ മുഴങ്ങി ക്രിക്കറ്റ് ലോകത്ത് കേള്‍ക്കുന്നത്. വരുണ്‍ ചക്രവർത്തിയുടെ വീഴ്ചയ്ക്ക് പിന്നിലെന്ത്, താരത്തിന്റെ തിരിച്ചുവരവ് എത്രത്തോളം പ്രധാനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇന്ത്യയ്ക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് മത്സരങ്ങള്‍ മുതലുള്ള വരുണിന്റെ പ്രകടനങ്ങളെടുക്കാം. എയ്‌ഡൻ മാർക്രത്തിന്റെ സംഘത്തിനെതിരെ നാല് ഓവറില്‍ വഴങ്ങിയത് 47 റണ്‍സ്. സിംബാബ്‌വെയ്ക്ക് എതിരെ 35 റണ്‍സ്, വിൻഡീസിനെതിരെ 40, ഇംഗ്ലണ്ടിനെതിരെ 64, ഫൈനലില്‍ ന്യൂസിലൻഡിനെതിരെ മൂന്ന് ഓവറില്‍ 39. അഞ്ച് മത്സരങ്ങളിലും ഓരോ വിക്കറ്റുകള്‍. ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിലെ വരുണിന്റെ എക്കണോമി 11.84ല്‍ ആണ് അവസാനിച്ചത്. ടൂർണമെന്റ് അവസാനിക്കുമ്പോള്‍ ഫോം വീണ്ടെടുക്കാൻ കഴിയാതെ പോയ ഏക ഇന്ത്യൻ താരവും വലം കയ്യൻ സ്പിന്നറായിരുന്നു.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങള്‍ ബാറ്റിങ്ങിന് പൂർണമായും അനുകൂലമായ വിക്കറ്റുകളിലായിരുന്നില്ല. അതുകൊണ്ട് തന്നെ വരുണ്‍ വളരെ എഫക്റ്റീവായിരുന്നു. പവര്‍പ്ലേ മുതല്‍ മധ്യ ഓവറുകള്‍ വരെ. 12 ഓവറുകള്‍ മാത്രമാണ് എറിഞ്ഞതെങ്കില്‍ 5.16 എക്കണോമിയില്‍ ഒൻപത് ബാറ്റർമാരെ പവലിയനിലേക്ക് മടക്കി. ലോകകപ്പ് ഫൈനലിനും ഐപിഎല്ലിനും ഇടയില്‍ മൂന്ന് വാരത്തിന്റെ ദൂരമാണ് ഉണ്ടായിരുന്നത്. പക്ഷേ, മൂന്ന് വാരത്തിന് ശേഷം വരുണ്‍ പന്തെടുക്കുമ്പോള്‍ മൈതാനത്ത് കാണുന്നത് ലോകകപ്പിലെ രണ്ടാം ഘട്ടത്തിന്റെ തുടര്‍ച്ചയാണ്.
വാംഖഡെയിലെ ബാറ്റിങ് പറുദീസയില്‍ രോഹിത് ശർമ വരുണിനെ വരവേറ്റത് ഫോറും സിക്‌സും നേടിയായിരുന്നു. നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി, വിക്കറ്റുകളൊന്നുമില്ലാതെ. ആറ് ഫോറും രണ്ട് സിക്സും വരുണിന്റെ ഓവറില്‍ രോഹിത്-റിക്കല്‍ട്ടണ്‍-സൂര്യകുമാര്‍ ത്രയം സ്കോര്‍ബോർഡിലേക്ക് ചേര്‍ത്തു. ശേഷം സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെയും ഇതിലും മോശമായിരുന്നു കാര്യങ്ങള്‍. 24 റണ്‍സാണ് വരുണിന്റെ ആദ്യ ഓവറില്‍ അഭിഷേക് ശര്‍മ നേടിയത്, മൂന്ന് ഫോറും രണ്ട് സിക്സും. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ഓവറില്‍ വരുണ്‍ ആറ് റണ്‍സ് മാത്രം വിട്ടുനല്‍കി തിരിച്ചുവരവ് നടത്തുന്നതും കണ്ടു.
പക്ഷേ, വരുണിന്റെ ക്വാട്ട പൂർത്തിയാക്കാൻപ്പോലും കൊല്‍ക്കത്ത നായകൻ തയാറായില്ല. കേവലം രണ്ട് ഓവറില്‍ വലംകയ്യൻ സ്പിന്നറുടെ രണ്ടാം മത്സരം അവസാനിച്ചു. ഐപിഎല്ലിലെ ഭൂരിഭാഗം മൈതാനങ്ങളും ബാറ്റിങ്ങിന് അനുകൂലമായി മാറിയിരിക്കുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഹോം മൈതാനമായ ഏകന മാത്രമാണ് അല്‍പ്പം വ്യത്യസ്തമായിട്ടുള്ളത്. ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയത്തിലും ഇക്കുറി റണ്ണൊഴുകുമെന്നാണ് പ്രവചനങ്ങള്‍. അതുകൊണ്ട് ഫോം വീണ്ടെടുക്കുക വരുണിന് എളുപ്പമുള്ള കാര്യമായിരിക്കില്ല.
കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് മാത്രമുള്ള വരുണ്‍ ഒരു ഐസ് ബ്രേക്കിങ് സ്പെല്ലിനായുള്ള ശ്രമത്തിലാണ് ഐപിഎല്ലില്‍. വിക്കറ്റിനായുള്ള ശ്രമത്തില്‍ താരം കൈമുതലായുള്ള കൃത്യതയില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുകയും പരീക്ഷണങ്ങള്‍ നടത്തുന്നതും കാണാം. പന്തിന്റെ വേഗതയില്‍ വരെ വര്‍ധനവ് സംഭവിച്ചിരിക്കുന്നു, ഇത് വേരിയേഷനുകള്‍ ഉത്പാദിപ്പിക്കുന്നതിന് വെല്ലുവിളിയും ഉയര്‍ത്തും. വരുണിന്റെ ഫുള്‍ ബോളുകളും ഷോര്‍ട്ട് ഓഫ് ദ ലെങ്ത് ബോളുകളും നേരിടുന്നതില്‍ ബാറ്റര്‍മാര്‍ ഇന്ന് ഭയക്കുന്നില്ല.
ലോകകപ്പില്‍ വരുണിന്റെ പന്തുകളെ ക്രീസുവിട്ടറിങ്ങി ആക്രമിക്കുന്ന ബാറ്റര്‍മാരെ പതിവ് കാഴ്ചയായിരുന്നു. ബ്രെവിസും മില്ലറും ചേര്‍ന്ന് ഇത് ക്രാക്ക് ചെയ്തതോടെയാണ് മറ്റുള്ളവര്‍ സമാനശൈലി പിന്തുടരാനും തുടങ്ങിയത്. ഒരു വിക്കറ്റ് ടേക്കര്‍ എന്ന ടാഗ് നല്‍കുന്ന അധിക സമ്മര്‍ദവും അതിജീവിക്കേണ്ടതുണ്ട് ഇവിടെ വരുണിന്. കഴിഞ്ഞ ഏഴ് ടി20യിലെ വരുണിന്റെ എക്കണോമി 11ന് മുകളിലാണ്, ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളില്‍ വരുണിന് പവര്‍പ്ലേയില്‍ തന്നെ പന്ത് കൈമാറുന്നത് ലോകകപ്പ് മുതലെ തിരിച്ചടിയാകുന്നുണ്ട്.
15 റണ്‍സിലധികം വഴങ്ങുന്നതോടെ വരുണിന് ആത്മവിശ്വാസത്തിലുണ്ടാകുന്ന ഇടിവ് തൊട്ടടുത്ത ഓവറുകളില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. പവര്‍പ്ലേക്ക് ശേഷമുള്ള ഘട്ടത്തില്‍ വരുണിനെ ഉപയോഗിക്കാൻ ഇനി രാഹനെ തയാറായേക്കും. ഗുഡ് ലെങ്തില്‍ ഹിറ്റ് ചെയ്യുന്ന വരുണിന്റെ പന്തുകള്‍ എളുപ്പമുള്ള ഒന്നല്ല നേരിടാൻ. ലോകകപ്പില്‍ വരുണെറിഞ്ഞ ഗുഡ് ലെങ്ത് പന്തുകളില്‍ ഏഴില്‍ താഴെ മാത്രമാണ് എക്കണോമി. ചെറിയ വ്യത്യാസത്തില്‍ സംഭവിച്ചപ്പോള്‍ എക്കണോമി ഇരട്ടികടക്കുന്നതും കണ്ടു.
കൊല്‍ക്കത്തയെ സംബന്ധിച്ച് വരുണിന്റെ നാല് ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും സുനില്‍ നരെയ്‌നും നിറം മങ്ങി തുടരുന്ന പശ്ചാത്തലത്തില്‍. പരീക്ഷണങ്ങള്‍ക്ക് വിശ്രമം നല്‍കി വരുണ്‍ തന്റെ കൃത്യതയ്ക്ക് മുൻതൂക്കം നല്‍കേണ്ടതുണ്ട്.


