ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പത്തൊൻപതാം പതിപ്പിന്റെ ഒന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ടീമുകള്‍ ആവേശവും ആശങ്കകളും ഒരുപോലെ സമ്മാനിച്ചു
തലയില്ലാതെ ചെന്നൈക്ക് ആദ്യ മത്സരം. വിന്റേജ് മോഡില്‍ ത്രസിപ്പിച്ച് കോലിയും രോഹിതും. പുതുനിറത്തില്‍ നിരാശ ബാക്കിവെച്ച് സഞ്ജുവും കരുത്ത് കാട്ടി രവീന്ദ്ര ജഡേജയും. പിന്നോട്ടോടുന്ന ലക്നൗവും ഗുജറാത്തും. ബാറ്റര്‍മാരുടെ പറുദീസയില്‍ ബൗളര്‍മാര്‍ കളി നിയന്ത്രിച്ച ആദ്യ വാരം. ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പത്തൊൻപതാം പതിപ്പിന്റെ ഒന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ടീമുകള്‍ ആവേശവും ആശങ്കകളും ഒരുപോലെ സമ്മാനിച്ചു. ഓരോ സംഘങ്ങളുടേയും പോരായ്മകളും ശക്തിയും പരിശോധിക്കാം.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം ചിന്നസ്വാമിയില്‍ തന്നെ തുടരുമെന്ന സന്ദേശമാണ് ആദ്യ മത്സരത്തില്‍ നല്‍കിയത്. അതും 94 പന്തില്‍ 202 റണ്‍സ് മറികടന്ന്. ജോഷ് ഹേസല്‍വുഡിന്റെ കസേരയില്‍ തനിക്ക് സ്ഥാനമുണ്ടെന്ന് ജേക്കബ് ഡഫി പന്തെടുത്ത ആദ്യ സ്പെല്ലില്‍ തന്നെ തെളിയിച്ചു. ദേവദത്ത് പടിക്കലിന്റേയും രജത് പാട്ടിദാറിന്റേയുമൊക്കെ ഇന്നിങ്സുകള്‍ സൂചിപ്പിക്കുന്നത് ബെംഗളൂരു അഗ്രസീവ് ശൈലി കോലി ഒരുക്കുന്ന കളിനിലത്തില്‍ സാധ്യമാക്കുമെന്ന് തന്നെയാണ്. പക്ഷേ, സ്പിൻ ഡിപ്പാര്‍ട്ട്മെന്റില്‍.
സ്ക്വാഡിലെ പ്രധാനികള്‍ പലരും ടീമിനൊപ്പം ചേര്‍ന്നില്ലെങ്കിലും ടൂര്‍ണമെന്റിലെ കരുത്തുറ്റ ടീം തങ്ങളാണെന്ന് ഹാര്‍ദിക്ക് പാണ്ഡ്യയുടെ സംഘം തെളിയിച്ചു. കൊല്‍ക്കത്തയെ ദയയില്ലാതെ കീഴടക്കിയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. ഏറ്റവും വലിയ പോസീറ്റിവായി നിലനില്‍ക്കുന്നത് രോഹിത് ശര്‍മയുടെ പുതിയ വേര്‍ഷനാണ്, അഞ്ച് വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കണമെങ്കില്‍ രോഹിത് ഈ ഫോം തുടരേണ്ടതുണ്ട്. ആകെയുള്ള ആശയക്കുഴപ്പം വില്‍ ജാക്‌സും സാന്ററുമൊക്കെ വരുമ്പോള്‍ ഇലവനെ എങ്ങനെ ഒരുക്കുമെന്നാണ്.
ആദ്യ റൗണ്ടിലെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത് ആരെന്ന ചോദ്യത്തിന് ഉത്തരമാണ് പോയിന്റ് പട്ടികയിലെ പത്താം സ്ഥാനം. ചെന്നൈ സൂപ്പര്‍ കിങ്സ്. ഗുവാഹത്തിയിലെ വിക്കറ്റില്‍ ചെന്നൈയുടെ പരിചയസമ്പത്ത് കുറഞ്ഞ ബാറ്റിങ് നിര ക്ലൂലെസായി കാണപ്പെട്ടു. വൈഭവ് സൂര്യംവശിയുടെ ബാറ്റിങ് കൊടുങ്കാറ്റില്‍ ഉത്തരമില്ലാതെ ബൗളിങ് യൂണിറ്റും തുടര്‍ന്നതോടെ ദൗര്‍ബല്യങ്ങള്‍ പൂര്‍ണമായും തുറന്നുകാണിക്കപ്പെട്ടു.
മുംബൈയ്ക്ക് സമാനമായി അസാധരണ ഡെപ്തുള്ള സംഘമായി പഞ്ചാബ് കിങ്സ് മാറിയിരിക്കുന്നു. ഒൻപതാം നമ്പര്‍ വരെ ബാറ്റ് ചെയ്യാൻ കെല്‍പ്പുള്ളവരുണ്ട് ശ്രേയസ് അയ്യരുടെ സംഘത്തില്‍. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെയ്‌സില്‍ പഞ്ചാബിനെ വിജയതീരത്തേക്ക് അടുപ്പിച്ച ഘടകവും ഇതായിരുന്നു. കൂപ്പര്‍ കനോലി ക്രിക്കറ്റ് ഭൂപടത്തിലേക്ക് തന്റെ വരവ് അറിയിച്ച് കഴിഞ്ഞിരിക്കുന്നു, ബൗളിങ്ങില്‍ അര്‍ഷദീപ് സിങ്ങിന്റെ ഫോമാണ് ഒരു ചോദ്യം. ലോകകപ്പ് മുതല്‍ താരത്തിന് താളം കണ്ടെത്താനായിട്ടില്ല.
ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച് അവരുടെ ബൗളിങ് യൂണിറ്റ് തന്നെയാണ് എഡ്ജ് നല്‍കുന്ന ഘടകം. റിഷഭ് പന്ത്, എയ്‌ഡൻ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരാൻ എന്നിവരടങ്ങിയ ഹൈലി എക്‌സ്പ്ലോസീവായ ബാറ്റിങ് നിരയെ കേവലം 141 റണ്‍സിലൊതുക്കാൻ അവര്‍ക്കായി. നടരാജന്റെ തിരിച്ചുവരവ്, എൻഗിഡിയുടെ കൃത്യത ഒപ്പം നായകൻ അക്സറും കുല്‍ദീപും. എതിരാളികള്‍ക്ക് ഒന്നും എളുപ്പമായിരിക്കില്ല എന്ന സൂചനയായിരുന്നു ആദ്യ ജയം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 300 റണ്‍സ് വരെ അനായാസം അടിച്ചെടുക്കാൻ കെല്‍പ്പുള്ള ബാറ്റിങ് നിര. മറുവശത്ത് 301 വരെ വഴങ്ങാൻ കഴിയുന്ന ബൗളിങ് നിര. ഇതാണ് സണ്‍റൈസേഴ്‌സിന്റെ അവസ്ഥ. അറ്റാക്കിങ് ബൗളര്‍മാരുടേയും വിക്കറ്റ് ടേക്കര്‍മാരുടേയും അഭാവം തന്നെയാണ് ഏറ്റവും വലിയ തിരിച്ചടി. സാക്ഷാല്‍ പാറ്റ് കമ്മിൻസ് തിരികെയെത്തിയാല്‍പ്പോലും ഒന്നും എളുപ്പമാകില്ലെന്ന് വേണം കരുതാൻ. ആശ്വസിക്കാൻ പോലും ഒരു പേര് ഡഗൗട്ടില്‍പ്പോലും കാണാനാകില്ല.
സമാനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കാര്യവും. മുംബൈക്കെതിരെ അവരുടെ ഏറ്റവും വലിയ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും കാര്യമുണ്ടായില്ല. വരുണ്‍ ചക്രവര്‍ത്തി - സുനില്‍ നരെയ്ൻ സഖ്യത്തിലാണ് പ്രതീക്ഷ മുഴുവൻ. വരുണ്‍ ലോകകപ്പിന്റെ രണ്ടാം ഘട്ടം മുതല്‍ ഫോം ഔട്ടാണ്, നരെയ്‌നെ അനായാസം റയാൻ റിക്കല്‍ട്ടണ്‍ നേരിടുന്നതും കണ്ടു. കാമറൂണ്‍ ഗ്രീൻ പന്തെടുക്കാത്തതും പോരായ്മയായി മുന്നിലുണ്ട്.
സഞ്ജുവിന്റേയും സാം കറണിന്റേയും അഭാവം ഒട്ടും പ്രകടമാക്കാതെയാണ് രാജസ്ഥാൻ റോയല്‍സിന്റെ ആദ്യ മത്സരം പിന്നിട്ടത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരേ ആധിപത്യം. പരിചയസമ്പത്തിന്റെ അഭാവം ഉണ്ടെങ്കിലും ഈ ടെമ്പോ തുടര്‍ന്നാല്‍ അത്ഭുതങ്ങള്‍ സംഭവിക്കാം. ടി20യുടെ ഇന്നത്തെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ ഗുജറാത്ത് തയാറാകുന്നില്ല. എന്തുകൊണ്ട് അഗ്രസീവ് ശൈലി സ്വീകരിക്കുന്നില്ല എന്നത് ആശിഷ് നെഹ്‌റയ്ക്കും ശുഭ്മാൻ ഗില്ലിനും മുന്നിലുള്ള ചോദ്യമാണ്. ഒപ്പം ചേര്‍ത്തുവെക്കേണ്ടതുണ്ട് ഗില്ലിന്റെ നായകമികവും. മുഹമ്മദ് സിറാജ്, കഗിസൊ റബാഡ എന്നിവരെ ഗില്‍ ഉപയോഗിക്കുന്ന വിധം ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ലഖ്നൗ അടിമുടി പരീക്ഷണത്തിലാണ്. മിച്ചല്‍ മാര്‍ഷ് - എയ്ഡൻ മാര്‍ക്രം കൂട്ടുകെട്ടിനെ പൊളിച്ച് റിഷഭ് പന്ത് ഓപ്പണറായി എത്തിയത് മുതല്‍ പ്രശ്നങ്ങള്‍. മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്‌സിൻ ഖാൻ പേസ് സഖ്യം മാത്രമാണ് അല്‍പ്പമെങ്കിലും ലഖ്നൗവിന് ആശ്വാസം നല്‍കുന്ന ഘടകം. ബാറ്റിങ് നിരയില്‍ മുൻതൂക്കം നല്‍കിയെതെല്ലാം പൊളിച്ചെഴുതിയത് എന്തിന് എന്നത് മുതല്‍ ചോദ്യങ്ങള്‍ തുടങ്ങുന്നു.
Powered By:



