കഴിഞ്ഞ പോയതൊക്കെ കേവലമൊരു ഒറ്റപ്പെട്ട അധ്യായമാണെന്ന് തെളിയിക്കേണ്ടതുണ്ട് അഭിഷേകിന്. അതിന് മുന്നില്‍ തെളിഞ്ഞിരിക്കുന്നത് ഐപിഎല്‍ മൈതാനങ്ങളാണ്

ഇരുപത് വയസല്ല അവനിന്ന് പ്രായം, 25 ആണ്. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. സ്ഥിരതയുടെ അനിവാര്യത അവൻ ഓര്‍മിക്കേണ്ടതുണ്ട്, സമ്മര്‍ദമുണ്ടാകും. മാനസികപോരാട്ടങ്ങളെ അവൻ ഒറ്റയ്ക്ക് നേരിട്ടെ മതിയാകു, ദക്ഷിണാഫ്രിക്കാൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ വാക്കുകളാണ്.

ഉപദേശം മറ്റാര്‍ക്കുമല്ല ലോക ഒന്നാം നമ്പ‍ര്‍ ടി20 ബാറ്റര്‍ അഭിഷേക് ശ‍ര്‍മയ്ക്കാണ്. അഹമ്മദാബാദിലെ കിരീടപ്പോര് മാറ്റി നിര്‍ത്തിയാല്‍ ടി20 ലോകകപ്പില്‍ ഏറെക്കുറെ നിശബ്ദമായിരുന്നു അഭിഷേകിന്റെ ബാറ്റ്. ഭൂതകാലത്തെ അസാധാരണ പ്രകടനങ്ങള്‍ ഇടനില വഹിച്ചതിനാല്‍ മാനേജ്മെന്റ് വിശ്വാസം അര്‍പ്പിച്ചു. പക്ഷേ, കഴിഞ്ഞ പോയതൊക്കെ കേവലമൊരു ഒറ്റപ്പെട്ട അധ്യായമാണെന്ന് തെളിയിക്കേണ്ടതുണ്ട് അഭിഷേകിന്. അതിന് മുന്നില്‍ തെളിഞ്ഞിരിക്കുന്നത് ഐപിഎല്‍ മൈതാനങ്ങളാണ്. ഫോര്‍മാറ്റിലെ തന്റെ ആധിപത്യം തിരിച്ചുപിടിക്കാൻ അഭിഷേകിനാകുമോ.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടസാധ്യതകളെ നിര്‍ണയിക്കാൻ പോകുന്ന എക്‌സ് ഫാക്ടര്‍, അതായിരുന്നു അഭിഷേകിന് ഇതിഹാസങ്ങള്‍ നല്‍കിയ വിശേഷണം. ഇരുനൂറിനടുത്ത് സ്ട്രൈക്ക് റേറ്റിലും 33 ശരാശരിയിലും 1500 റണ്‍സോളം നേടിയ ബാറ്ററല്ലെങ്കില്‍ മാറ്റാര്. പക്ഷേ, ഹാട്രിക്ക് സിക്‌സറുകള്‍ ശീലമാക്കിയ അഭിഷേകിന് ലോകകപ്പ് തുടങ്ങേണ്ടി വന്നത് ഹാട്രിക്ക് ഡക്കോടെയായിരുന്നു. അക്കൗണ്ട് തുറക്കാൻ നാലാം മത്സരം വരെ കാത്തിരുന്നു. ഫൈനല്‍ വരെ ഒരു അര്‍ദ്ധ സെഞ്ചുറി മാത്രം, അതും സിംബാബ്‌വെയ്ക്ക് എതിരെ. 25 പിന്നിട്ട ഒരു സ്കോറുപോലുമില്ലായിരുന്നു ഇതിനിടയിലൊന്നും.

ഫൈനലില്‍ അഭിഷേക് തന്റെ ടെറിറ്ററിയിലേക്ക് ഭാഗികമായെങ്കിലും മടങ്ങിയെത്തി. 21 പന്തില്‍ 52 റണ്‍സ്, 247 സ്ട്രൈക്ക് റേറ്റ്. പക്ഷേ, ഒരു പൂര്‍ണമായൊരു ഒഴുക്ക് അപ്പോഴുമുണ്ടായിരുന്നില്ല, മിസ് ഹിറ്റുകള്‍ നിരവധി ഉണ്ടായി 39 മിനുറ്റ് നീണ്ട ഇന്നിങ്സില്‍. വിക്കറ്റിലേക്ക് ഒന്നും നയിക്കാതിരുന്നത് തുണയായി. ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ചെറുസൂചന, ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ ആശ്വസിച്ചു. എന്നാല്‍, ഐപിഎല്‍ കാത്തിരിക്കുന്നത് ചെറിയ വെല്ലുവിളിയായിരിക്കില്ല. കാരണം, അഭിഷേകിന്റെ ദൗര്‍ബല്യങ്ങളെ പൂര്‍ണമായും തുറന്നുകാണിക്കുന്നതായിരുന്നു ഐപിഎല്‍. ഓഫ് സ്പിൻ തന്നെ.

പാക്കിസ്ഥാനെതിരെ സല്‍മാൻ അലി അഗ, നെതര്‍ലൻഡ്‌സിനായി ആര്യൻ ദത്ത്, ഇംഗ്ലണ്ടിന് വേണ്ടി വില്‍ ജാക്‌സ് - മൂന്ന് ഓഫ് സ്പിന്നര്‍മാരാണ് അഭിഷേകിനെ ലോകകപ്പില്‍ മടക്കിയത്. ഇടം കയ്യൻ സ്പിന്നര്‍മാര്‍ രണ്ട് പ്രവാവശ്യവും. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇൻഡീസിനായി അക്കീല്‍ ഹൊസൈനും ഫൈനലില്‍ ന്യൂസിലൻഡിനായി രചിൻ രവീന്ദ്രയും. പേസര്‍മാരും അഭിഷേകിനെ വീഴ്ത്താനുള്ള തന്ത്രം മെനഞ്ഞിരുന്നു. പേസ് വേരിയേഷനുകള്‍. മാര്‍ക്കൊ യാൻസണ്‍ അത് വിജയകരമായി സൂപ്പര്‍ എട്ടില്‍ നടപ്പാക്കുന്നതും ലോകകപ്പില്‍ കണ്ടതാണ്.

ടി20 ലോകകപ്പിന് മുൻപ് അഭിഷേകിനെ വീഴ്ത്താൻ എന്ത് ചെയ്യുമെന്ന് ചിന്തിച്ച എതിരാളികള്‍ക്ക് ഇനി അത്തരം ആലോചനകള്‍ക്കായി തലപുകയ്ക്കേണ്ടതായി വരില്ല. ഹൈ റിസ്ക്ക് ഹൈ റിവാര്‍ഡ് ഗെയിമില്‍ ഇതൊക്കെ സംഭവിക്കുമെന്ന ന്യായീകരണങ്ങള്‍ നിരത്തി പ്രതിരോധിക്കാൻ കഴിയുന്നതിലും അധികമായിരുന്നു അഭിഷേകിന്റെ വീഴ്ചകള്‍. ക്രീസില്‍ അല്‍പ്പസമയം നില്‍ക്കാൻ അഭിഷേക് തയാറാകണമെന്നായിരുന്നു രവി ശാസ്ത്രിയുടെ ഉപദേശം. ഒരു സിംഗിള്‍ എടുത്തിട്ട് മതി ബൗണ്ടറിക്ക് ശ്രമിക്കുന്നതെന്ന് സുനില്‍ ഗവാസ്ക്കറും നിര്‍ദേശിച്ചു.

പക്ഷേ, അഭിഷേക് ഇരുവരുടേയും വാക്കുകള്‍ കേള്‍ക്കാൻ തയാറായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ വില്‍ ജാക്ക്‌സ് പന്തെടുത്തപ്പോള്‍ അമിതാക്രമണത്തിന് തുനിയേണ്ടതില്ല എന്ന് അഭിഷേകിന് സഞ്ജു മുന്നറിയിപ്പ് നല്‍കിയിരുന്നു. സഞ്ജുവിന്റെ വാക്കുകളെ അവഗണിച്ച അഭിഷേക് തൊട്ടടുത്ത പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് മടങ്ങുന്നതാണ് കണ്ടതും. പക്ഷേ, ഫൈനലില്‍ അഭിഷേക് തിരുത്തുന്നതും കണ്ടു, സമ്യമനത്തോടെയായിരുന്നു സമീപനം. ഇത് ഐപിഎല്ലിലും തുടരേണ്ടതുണ്ട് പ്രതാപം തിരിച്ചുപിടിക്കാൻ.

അന്താരാഷ്ട്ര തലത്തിലെ അതേശൈലി തന്നെ ഐപിഎല്ലിലും ആവര്‍ത്തിക്കുന്ന താരമാണ് അഭിഷേക്. കഴിഞ്ഞ രണ്ട് സീസണിലും ബൗളര്‍മാരോട് യാതൊരു ദയക്കും തയാറായിട്ടില്ല. 2024ല്‍ 204 സ്ട്രൈക്ക് റേറ്റിലായിരുന്നു 484 റണ്‍സ് നേടിയത്. 2025ല്‍ 193 സ്ട്രൈക്ക് റേറ്റില്‍ 439 റണ്‍സും. സണ്‍റൈസേഴ്‌സിന്റെ കുതിപ്പിന് ആദ്യ പടിയൊരുക്കുന്നത് അഭിഷേകിന്റെ ബാറ്റാണ്.

ഇത്തവണ അല്‍പ്പം ക്ഷമയോടെ തുടങ്ങേണ്ടതുണ്ട് അഭിഷേകിന്. ലോകകപ്പിലെ പ്രകടനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ടീമിലെ സ്ഥാനത്തില്‍ ആശങ്കകള്‍ ജനിക്കാൻ കാരണമാകും. പ്രത്യേകിച്ചും ഇടം കയ്യൻ ബാറ്റര്‍മാരും സമാനമനോഭാവത്തോടെ ബാറ്റ് ചെയ്യുന്ന യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയുമൊക്കെ പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍.