മുംബൈ ഇന്ത്യൻസിന്റെ കുപ്പായത്തില്‍ തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ഒരു ഐപിഎല്‍ സീസണിന് ആ മനുഷ്യൻ ഒരുങ്ങുന്നു, രോഹിത് ഗുരുനാഥ് ശര്‍മ. ജയിക്കാനാകുമോ ഈ പരീക്ഷണം?
ബാറ്റെടുത്ത കാലം ഉള്ളില്‍ ജനിച്ച വലിയ ലക്ഷ്യമാണ് അയാള്‍ക്ക് മുന്നിലുള്ളത്, ഏകദിന ലോകകപ്പ്. ശാരീരക്ഷമതയേയും കൈകളുടെ വേഗതയേയും പ്രായം കീഴടക്കുന്നുവോയെന്ന ചോദ്യങ്ങള്‍ ഒരു വശത്തുണ്ട്. യുവപ്രതിഭകളുടെ നിര പിന്നില്‍ നില്‍ക്കുന്നു. മുപ്പത്തിയൊൻപതിലേക്ക് എത്താൻ അധികനാള്‍ ഇനി ബാക്കിയില്ല. 65 ദിവസങ്ങള്‍ നീളുന്ന ഐപിഎല്‍, അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറുമടങ്ങുന്ന സംഘം ആ ബാറ്റിലേക്ക് ഉറ്റുനോക്കും. മുംബൈ ഇന്ത്യൻസിന്റെ കുപ്പായത്തില്‍ തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ഒരു ഐപിഎല്‍ സീസണിന് ആ മനുഷ്യൻ ഒരുങ്ങുന്നു, രോഹിത് ഗുരുനാഥ് ശര്‍മ. ജയിക്കാനാകുമോ ഈ പരീക്ഷണം?
രോഹിത് പിന്നണിയില്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. നെറ്റ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു. ഇത് രോഹിതിന്റെ പുതിയ വേർഷനാണ്. കൂടുതല്‍ പ്രതിബദ്ധത പ്രകടമാണ്, ശാരീരിക ക്ഷമയും മെച്ചപ്പെടുത്തിയിരിക്കുന്നു. ഞങ്ങളെ മുന്നില്‍ നിന്ന് രോഹിത് തന്നെ നയിക്കുമെന്ന് കരുതുന്നു, മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലകനായ മഹേല ജയവർധനെ പറഞ്ഞവസാനിപ്പിച്ചു. ക്രിക്കറ്റിലെ വിശുദ്ധ വസ്ത്രവും ടി20ഐ കുപ്പായവും അഴിച്ചുവെച്ചതിന് ശേഷം സമാനതകളില്ലാത്ത അധ്വാനമാണ് രോഹിത് നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമാകുന്ന കരിയറില്‍ ഒരുപക്ഷേ ആദ്യമായി സംഭവിക്കുന്നത്.
എന്നാല്‍, ദശാബ്ദങ്ങള്‍ പിന്നിടുന്ന ലെഗസിയായിരിക്കില്ല 2027 ഏകദിന ലോകകപ്പിലെ രോഹിതിന്റെയോ അല്ലെങ്കില്‍ കോഹ്‌ലിയുടേയും സാധ്യതകളെ ഉറപ്പിക്കുക. അത് മൈതാനത്തെ അവരുടെ പ്രസക്തികൊണ്ടായിരിക്കും. ലോകകപ്പിനുള്ള ഒരു മിനി ഓഡിഷനായിരിക്കും ഐപിഎല്‍ എന്നത് ഉറപ്പിക്കാം. ഏകദിന ഫോർമാറ്റില്‍ മാത്രം കളിക്കുന്നതിനാല്‍ ഒരു മോശം പരമ്പരയ്ക്ക് ശേഷം അത് തിരുത്താൻ കാത്തിരിക്കേണ്ടി വരുന്ന കാലം ചെറുതായിരിക്കില്ല. മറ്റ് ഫോർമാറ്റുകളുടേയും ഭാഗമായവരെ ബാധിക്കാത്ത ഒന്ന്. രോഹിതിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.
ഓസ്ട്രേലിയൻ പര്യടനത്തിലൂടെ വിധിയെഴുതാൻ നിന്നവരെ തിരിത്തി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അത് തുടർന്നു. പക്ഷേ, ന്യൂസിലൻഡ് പരമ്പരയില്‍ രോഹിതിന് കാലിടറി. 26, 21, 14 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. മൂന്നിലും മികച്ച തുടക്കങ്ങളായിരുന്നു, ഒരു പതറിച്ച പോലും ഉണ്ടായില്ല. പക്ഷേ വിനിയോഗിക്കാൻ കഴിഞ്ഞില്ല. ശേഷം ഒരുങ്ങുന്ന ആദ്യ അവസരമാണ് ഐപിഎല്‍, രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം. ഇവിടെ തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച സീസണ്‍ പുറത്തെടുക്കേണ്ടതുണ്ട് വലം കയ്യൻ ബാറ്റർക്ക്.
രോഹിതിനെ സംബന്ധിച്ച് ഐപിഎല്‍ അയാളുടെ സ്ഥിരതയുടേയും മികച്ച പ്രകടനങ്ങളുടേയും ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നവയാണെന്ന് പൂർണമായും പറയാനാകില്ല. ലോകക്രിക്കറ്റിലെ ഭീമനായി തുടരുമ്പോഴും ഐപിഎല്‍ സീസണുകള്‍ ശരാശരിയിലേക്ക് ഒതുങ്ങുകയാണ് പതിവ്. വിരലിലെണ്ണാവുന്ന മികച്ച ഇന്നിങ്സുകള്‍ മാത്രം സംഭവിക്കുന്ന സീസണുകള്‍. ഇതുവരെയുള്ള എല്ലാ ഐപിഎല്ലുകളും കളിച്ച നാല് താരങ്ങളില്‍ ഒരാള്‍. 18 എഡിഷനുകളില്‍ 500 റണ്‍സിലധികം സ്കോർ ചെയ്തത് ഒരു തവണ മാത്രം, 2013ല്‍ 518 റണ്‍സ്. എട്ട് സീസണുകളില്‍ 400 റണ്‍സിലധികവും നേടി.
നായകസ്ഥാനം ഹാർദിക്ക് പാണ്ഡ്യയിലേക്ക് കൈമാറിയതിന് ശേഷമാണ് രോഹിതിന്റെ സംഭാവന മുംബൈയുടെ സ്കോർബോര്‍ഡിലേക്ക് വര്‍ധിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലെ രോഹിതിന്റെ സാമ്പാദ്യം 417, 418 എന്നിങ്ങനെയാണ്. രണ്ട് സീസണുകളിലും സ്ട്രൈക്ക് റേറ്റ് 150ലും. ഇതിഹാസത്തിന്റെ ഐപിഎല്‍ കരിയറില്‍ തന്നെ ആദ്യമായി. 2016ന് ശേഷം മൂന്നിലധികം അര്‍ദ്ധ സെഞ്ചുറി രോഹിത് നേടിയ ആദ്യ സീസണ്‍ കൂടിയായിരുന്നു 2025. മുംബൈയുടെ രണ്ടാമത്തെ ടോപ് സ്കോററാകാനും രോഹിതിന് സാധിച്ചിരുന്നു കഴിഞ്ഞ വര്‍ഷം.
പക്ഷേ, ഇക്കുറി രോഹിതിന് നിസ്വാര്‍ത്ഥമായ ഇന്നിങ്സുകള്‍ മാത്രം മതിയാകില്ല. മൂന്നോ നാല് മികച്ച സ്കോറുകള്‍ പോരാതെ വരും. സ്ഥിരതയുടെ മറുവാക്കായി മുംബൈക്കായി നിലകൊള്ളണം. അതിനായി സുരക്ഷിതമായ ഒരു ഗെയിം പ്ലാൻ രോഹിത് തിരിഞ്ഞെടുക്കുമോ എന്നതാണ് ചോദ്യം. ടീമിന് മുൻതൂക്കം നല്‍കി വിക്കറ്റ് വലിച്ചെറിയാനും മടിയില്ലാത്ത രോഹിതിനെയാണ് 2022 മുതല്‍ മൈതാനത്ത് കണ്ടിട്ടുള്ളത്. പക്ഷേ, ഏകദിനത്തിലേക്ക് മാത്രം ചുരുങ്ങിയതോടെ തന്റെ തനതുശൈലിയിലേക്ക് രോഹിത് മടങ്ങുന്നതിനാണ് കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളും സാക്ഷിയായത്.
പക്ഷേ, അത് ഐപിഎല്ലില്‍ ആവർത്തിക്കാൻ രോഹിത് തയാറായേക്കില്ല. കാരണം ഇന്ത്യൻ ക്രിക്കറ്റിന്റെ തലവരമാറ്റിയ നിർഭയസമീപനത്തിന്റെ സ്ഥാപകനാണ് അയാള്‍. ഗെയിമിനെ പിന്നോട്ട് അടുപ്പിക്കുന്നതൊന്നും രോഹിതില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. രോഹിത് സ്ഥിരതയും ആക്രമോത്സുക മനോഭാവവും എങ്ങനെ സന്തുലിതമായി നിലനിർത്തുമെന്നതാണ് ആകാംഷ. അതിന് കഴിഞ്ഞാല്‍ 2027 ഏകദിനലോകകപ്പിലേക്കുള്ള ആദ്യ പടി സുരക്ഷിതമാക്കാൻ ഇതിഹാസത്തിനാകും.


