ഹാര്‍ദിക്ക് പാണ്ഡ്യയുടെ അപ്രതീക്ഷിത റീ എൻട്രിയും പരിക്കുകളും ബുമ്രയെ അകറ്റി നിര്‍ത്തുകയായിരുന്നു ആ കസേരയില്‍ നിന്ന്

I didn't think that I will be a Test captain before becoming MI captain -

Add Asianetnews as a Preferred SourcegooglePreferred

മുംബൈ ഇന്ത്യൻസിനെ നയിക്കാൻ അവസരം ലഭിക്കും മുൻപ് ടെസ്റ്റ് ടീമിന്റെ നായകനാകാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. മുംബൈക്കൊപ്പം 156 മത്സരങ്ങള്‍, യുവതാരമായി എത്തി ഇതിഹാസമായി തുടരുന്ന കരിയറില്‍ ഒടുവില്‍ അയാളെത്തേടി അര്‍ഹിച്ച ദിനമെത്തി ധരംശാലയില്‍. വിഖ്യാതമായ ബ്ലു ആൻഡ് ഗോള്‍ഡില്‍ ആ സംഘത്തെ നയിക്കാനുള്ള ഉത്തരവാദിത്തം ജസ്പ്രിത് ബുമ്രയ്ക്ക്. ടോസ് വേളയില്‍ പറഞ്ഞവസാനിപ്പിച്ച ആ വാചകത്തില്‍ ഉണ്ടായിരുന്നു എത്രത്തോളം ബുമ്ര അത് ആഗ്രഹിച്ചുവെന്ന്.

ഹാര്‍ദിക്ക് പാണ്ഡ്യയുടെ അപ്രതീക്ഷിത റീ എൻട്രിയും പരിക്കുകളും ബുമ്രയെ അകറ്റി നിര്‍ത്തുകയായിരുന്നു ആ കസേരയില്‍ നിന്ന്. പക്ഷേ, ലഭിച്ച ഏക അവസരത്തില്‍ തനിക്ക് എന്ത് സാധിക്കുമെന്ന് മൈതാനത്ത് തെളിയിക്കുകയായിരുന്നു ബുമ്രയെന്ന നായകൻ. അത് മാനേജ്മെന്റിന് ഒരുതരം ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു. അവര്‍ എന്താണ് നഷ്ടപ്പെടുത്തിയത് എന്നത് ബോധ്യപ്പെടുത്താൻ ലഭിച്ച അവസരം പൂര്‍ണമായും വിനിയോഗിച്ചു.

ബൗളിങ് റോട്ടേഷനുകള്‍, ഫീല്‍ഡ് പ്ലേസ്മെന്റ് തുടങ്ങി ബുമ്ര കളം വാണപ്പോള്‍ മുംബൈ നിരയില്‍ സീസണില്‍ ഉടനീളം പ്രത്യക്ഷമാകാതിരുന്ന ഊര്‍ജം പ്രകടമായി. ഒരു ടീമിന്റെ നായകനായി ബൗളര്‍ വരുമ്പോള്‍ ലഭിക്കുന്ന മുൻതൂക്കങ്ങളായി ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്ന ചിലതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിക്കറ്റിന്റെ സ്വഭാവം അതിവേഗം മനസിലാക്കി അത് അനുസരിച്ച് തന്ത്രം മെനയാൻ സാധിക്കുമെന്നതാണ്. പ്രത്യേകിച്ചും ബൗളര്‍മാരെ ഉപയോഗിക്കുന്ന വിധം, വര്‍ക്ക്‌ലോഡ് മാനേജ്മെന്റ് ആണ് ഇതില്‍ ഏറ്റവും നിര്‍ണായകം.

വിക്കറ്റുകള്‍ സെറ്റ് ചെയ്ത് വീഴ്ത്തുന്നതിന് അനുയോജ്യമായി ഫീല്‍ഡ് ഒരുക്കുകയൊക്കെ കൂടുതല്‍ എളുപ്പവുമാകുന്നു. മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് സ്വന്തം സ്പെല്‍ തിട്ടപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു. ബാറ്റര്‍മാര്‍ നായകന്മാരാകുമ്പോള്‍ ഇത് സംഭവിക്കുന്നില്ല എന്നല്ല മേല്‍പ്പറഞ്ഞതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബൗളര്‍മാരുടെ ക്യാപ്റ്റനാകുകയാണ് പ്രധാനം. എം എസ് ധോണിയും രോഹിത് ശര്‍മയുമൊക്കെ കിരീടങ്ങള്‍ വാരിക്കൂട്ടിയതിന് പിന്നിലെ കാരണവും അതുതെന്നായാണ്.

ഇന്നലെ മുംബൈ ഏഴ് ബൗളര്‍മാരെയാണ് പരീക്ഷിച്ചത്. ഹാര്‍ദിക്ക് പാണ്ഡ്യയൊ സൂര്യകുമാര്‍ യാദവോ സീസണില്‍ തുനിയാത്ത ഒന്ന്. രഘു ശര്‍മയും വില്‍ ജാക്സുമായിരുന്നു മുംബൈ നിരയിലെ സ്പിന്നര്‍മാര്‍, ഇരുവര്‍ക്കും വിക്കറ്റില്‍ നിന്ന് കാര്യമായ സഹായം ലഭിക്കുന്നുണ്ടായിരുന്നില്ല, പവര്‍പ്ലേയ്ക്ക് ശേഷമായിരുന്നു രണ്ടുപേരെയും ഉപയോഗിച്ചത്. പ്രഭ്‌സിമ്രാനും കനോലിയും അനായാസം ഇരുവരേയും നേരിട്ടതോടെ ബുമ്ര പേസര്‍മാരിലേക്ക് തന്നെ ചുവടുമാറി.

പിന്നാലെ ശാ‍ര്‍ദൂല്‍ താക്കൂറും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിജയം കൈവിട്ട രാജ് ബാവയേയും എത്തിച്ച് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍. രണ്ട് പേര്‍ വെല്‍ സെറ്റില്‍ഡായ പ്രഭ്‌സിമ്രാനും കനോലിയും. മറ്റൊരാള്‍ പഞ്ചാബ് നായകനും മുംബൈക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശ്രേയസ് അയ്യരും. ഈ മൂന്ന് വിക്കറ്റുകളായിരുന്നു മധ്യഓവറുകളിലെ പഞ്ചാബിന്റെ റണ്ണൊഴുക്ക് തടഞ്ഞതും. അവസാന മൂന്ന് ഓവറുകള്‍ മാറ്റി നിര്‍ത്തിയാല്‍ മുംബൈ ബൗളര്‍മാര്‍ ഏറ്റവും ഡിസിപ്ലിൻഡായി പന്തെറിഞ്ഞ മത്സരം കൂടിയായിരുന്നു പഞ്ചാബിനെതിരായത്.

ബുമ്ര നിരന്തരം ബൗളര്‍മാരുമായി ആശയവിനിമയം നടത്തുന്നത് പലകുറി മൈതാനത്ത് കണ്ടു. ലൈനിലും ലെങ്തിലുമെല്ലാം അത് പ്രകടമായിരുന്നു. 17 ഓവറുകളാണ് മുംബൈ പേസര്‍ എറിഞ്ഞത്, അതായത് 102 പന്തുകള്‍. 26 ഫുള്‍ ലെങ്ത് പന്തുകളും, 47 ഗുഡ് ലെങ്ത് പന്തുകളും, 29 ഷോര്‍ട്ട് ബോളുകളും. 9.2 എക്കോണമിയില്‍ എട്ട് വിക്കറ്റുകള്‍. ഇതില്‍ നാലും വീണത് ഗുഡ് ലെങ്തിലായിരുന്നു. എറിഞ്ഞ പന്തുകളില്‍ ഏറെക്കുറെ പകുതിയോളം ഹിറ്റ് ചെയ്തത് ഗുഡ് ലെങ്തിലായിരുന്നു. ഏറ്റവും ക്രൂഷ്യലായ മധ്യഓവറുകളില്‍ 80 റണ്‍സിന് അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. മുംബൈക്ക് സീസണിലുടനീളം നഷ്ടമായ ആധിപത്യം. ഒടുവില്‍ തിലക് വിജയം ഉറപ്പിക്കുകയും ചെയ്തു.

ഭാവിയിലൊ തുടര്‍ന്നോ മുംബൈയുടെ നായകസ്ഥാനം ബുമ്രയിലേക്ക് എത്തുമോയെന്ന് അറിയില്ല. സാധ്യതപോലും വിരളമായിരിക്കാം. ഹാര്‍ദിക്കിന്റേയും സൂര്യകുമാ‍ര്‍ യാദവിന്റേയും അഭാവത്തിലാണ് ബുമ്രയിലേക്ക് ഉത്തരവാദിത്തം എത്തിയത്, അളന്ന് നോക്കിയാല്‍ പട്ടികയിലെ മൂന്നാമൻ. പക്ഷേ, ഹാര്‍ദിക്കിനോ സൂര്യക്കൊ ബൗളര്‍മാരില്‍ നിന്ന് പുറത്തെടുപ്പിക്കാൻ കഴിയാത്തത് ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. അത് പരിഗണിക്കുമോ മാനേജ്മെന്റെന്ന് കണ്ടറിയാം.