മഹേന്ദ്ര സിങ് ധോണി, ഒരിക്കല്‍ക്കൂടി ആ പേരിലേക്ക് ചെപ്പോക്ക് ഉറ്റുനോക്കുകയാണ്. തങ്ങളെ തിരിച്ചുകൊണ്ടുവരാൻ അയാള്‍ക്ക് മാത്രമെ സാധിക്കൂവെന്ന് അവരിന്നും വിശ്വസിക്കുന്നു

മഹേന്ദ്ര സിങ് ധോണി, ഒരിക്കല്‍ക്കൂടി ആ പേരിലേക്ക് ചെപ്പോക്ക് ഉറ്റുനോക്കുകയാണ്. തങ്ങളെ തിരിച്ചുകൊണ്ടുവരാൻ അയാള്‍ക്ക് മാത്രമെ സാധിക്കൂവെന്ന് അവരിന്നും വിശ്വസിക്കുന്നു. അത് ചെന്നൈയുടെ കരുത്താണോ ദൗര്‍ബല്യമാണോയെന്ന് ചോദിച്ചാല്‍ നീണ്ട ഒരു സംവാദത്തിനുള്ള സാധ്യതകളാണ് തുറക്കുന്നത്. എന്നാല്‍, സഞ്ജു സാംസണ്‍ എന്ന വലിയ ഉറപ്പ് ഒരുവശത്തുണ്ട്, 11-ാം നമ്പര്‍ ജഴ്‌സിയണിയുന്ന താരത്തിലാണ് ഐതിഹാസിക സംഘത്തിന്റെ ഭാവിയെന്ന് ആരാധകര്‍ ഉറപ്പിച്ചുകഴിഞ്ഞു. ധോണിയുടെ വരവുകൊണ്ട് മാറുന്നതാണോ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രശ്നങ്ങള്‍?

ഐപിഎല്ലിന്റെ 19-ാം സീസണിന്റെ ഫസ്റ്റ് ഹാഫ് കഴിഞ്ഞിരിക്കുന്നു, ഇനി ജീവന്മരണപോരാട്ടങ്ങളുടെ സെക്കൻഡ് ഹാഫ്. 44കാരനായ ധോണിയുടെ മടങ്ങിവരവ് എന്നെന്ന ചോദ്യത്തിന് ഉത്തരം നല്‍കാൻ മുഖ്യപരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങിന് പോലുമായിട്ടില്ല. കാല്‍മുട്ടിന് താഴെുള്ള ‍പേശിയില്‍ നേരത്തെ തന്നെ പരിക്കുണ്ടായിരുന്നു ധോണിക്ക്. സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ ഇത് കൂടുതല്‍ വഷളായതാണ് നീണ്ട വീശ്രമത്തിന്റെ ആധാരം. തിടുക്കപ്പെട്ട് കളത്തിലെത്തിച്ചാല്‍ സീസണുടനീളം ധോണിക്ക് നഷ്ടമാകുമെന്നാണ് ഫ്ലെമിങ് വ്യക്തമാക്കുന്നതും.

ധോണിയുടെ തിരിച്ചുവരവുകൊണ്ട് മാത്രം പരിഹരിക്കാൻ സാധിക്കുന്നതല്ല ചെെന്നൈയുടെ തിരിച്ചടികളും. എട്ട് മത്സരങ്ങളില്‍ മൂന്ന് എണ്ണം മാത്രമാണ് ഇതുവരെ റുതുരാജ് ഗെയ്ക്വാദിനും കൂട്ടർക്കും ജയിക്കാനായത്. ആ മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. നാലാം പോരാട്ടത്തിലാണ് ആദ്യ ജയം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ. ചെന്നൈക്കായി സഞ്ജു ആദ്യ സെഞ്ചുറി നേടിയ മത്സരം. ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ, അന്ന് സഞ്ജു തന്നെയായിരുന്നു ടോപ് സ്കോറര്‍.

ഒടുവില്‍ മുംബൈ ഇന്ത്യൻസിനെതിരെ. സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറി പിറന്നത് അന്നായിരുന്നു, വാംഖഡെയില്‍. മൂന്നിലേയും കോമണ്‍ ഫാക്ടര്‍ ചെന്നൈക്ക് പവര്‍പ്ലേയില്‍ ലഭിച്ച തുടക്കവും സഞ്ജുവിന്റെ ക്രീസിലെ സാന്നിധ്യവുമായിരുന്നു. കൊല്‍ക്കത്ത് എതിരെ 11 ഓവറുകളും മറ്റ് രണ്ട് ജയങ്ങളില്‍ 20 ഓവറും സഞ്ജു മൈതാനത്ത് നിലകൊണ്ടു. ചെന്നൈയുടെ ഇന്നിങ്സുകള്‍ക്ക് ടി20ക്ക് അനുയോജ്യമായ തുടക്കം നല്‍കാനും ബാറ്റിങ് നിരയുടെ നേടും തൂണായും നിലവില്‍ സഞ്ജു മാത്രമാണുള്ളത്, ആയുഷ് മാത്രയുടെ അഭാവം ഒരുകാരണം.

സഞ്ജു അല്ലെങ്കില്‍ ആയുഷ് തിളങ്ങുമെന്നതായിരുന്നു റുതുരാജ് മോശം ഫോമില്‍ തുടര്‍ന്നപ്പോഴുണ്ടായിരുന്ന ആശ്വാസം. എട്ട് ഇന്നിങ്സില്‍ നിന്ന് 304 റണ്‍സാണ് സീസണില്‍ സഞ്ജു നേടിയത്. ആയുഷാകട്ടെ ആറ് കളികളില്‍ നിന്ന് 201. ചെന്നൈ ബാറ്റർമാര്‍ ടൂർണമെന്റിലുടനീളം നേടിയ റണ്‍സിന്റെ 36 ശതമാനവും ഇരുവരുടേയും സംഭാവനെയാണ്. ഇവിടെത്തന്നെ ചെന്നൈയുടെ ദൗര്‍ബല്യങ്ങള്‍ വ്യക്തമാകുന്നു. ആയുഷിന്റെ അഭാവത്തില്‍ സ്കോറിങ്ങിന്റെ സമ്മര്‍ദം സഞ്ജുവിന്റെ ചുമലിലാണ്.

ഇനി സഞ്ജുവിനേയും ആയുഷിനേയും മാറ്റി നിര്‍ത്താം. ഇരുവര്‍ക്കും ശേഷം ചെന്നൈയുടെ ടോപ് സ്കോറര്‍ നായകൻ റുതുരാജ് ഗെയ്ക്വാദാണ്, സഞ്ജുവിനേക്കാള്‍ 126 റണ്‍സ് പിന്നില്‍, ഗുജറാത്തിനെതിരായ അര്‍ദ്ധ സെഞ്ചുറിയാണ് താരത്തിന്റെ നില മെച്ചപ്പെടുത്തിയത് പോലും. കഴിഞ്ഞ സീസണില്‍ ക്ലിക്കായ ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പുതുപ്രതീക്ഷകളായി എത്തിയ സര്‍ഫറാസ് ഖാൻ, കാര്‍ത്തിക്ക് ശര്‍മ, മാത്യു ഷോര്‍ട്ട് എന്നിവരെല്ലാം ബാറ്റുകൊണ്ട് പരാജയപ്പെടുന്നു.

പേസ് ബൗളിങ് ഓള്‍റൗണ്ടറായ ജേമി ഓവര്‍ട്ടണ്‍ മേല്‍പ്പറഞ്ഞവരേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നുവെന്നതാണ് ചെന്നൈ ബാറ്റിങ് നിരയുടെ അവസരത്തിന് ഒത്ത് ഉയരുന്നില്ല എന്ന തെളിയിക്കുന്ന പ്രധാന ഘടകം. ഓവര്‍ട്ടണ്‍ ക്രിസീലെത്തുന്നത് പോലും എട്ടാമനായാണ്, 136 റണ്‍‍സ് ഇതിനോടകം തന്നെ ഓവര്‍ട്ടണ്‍ ടീമിനായി സമ്പാദിച്ചുകഴിഞ്ഞു. ബൗളിങ്ങിലെ മികവാണ് ഒരുപരിധിവരെ വലിയ നാണക്കേടുകളില്‍ നിന്ന് ചെന്നൈയെ സീസണില്‍ രക്ഷിക്കുന്നതും.

ശരിയാണ്, എല്ലാവര്‍ക്കും എന്നും മികവ് പുലര്‍ത്താൻ കഴിയണമെന്നില്ല, ഓഫ് സീസണുകള്‍ സ്വഭാവികമാണ്. പക്ഷേ, ചെന്നൈയുടെ കാര്യത്തില്‍ സഞ്ജു ഒഴികെ മറ്റാരും ക്ലിക്ക് ചെയ്യുന്നില്ല എന്ന യഥാര്‍ത്ഥ്യം ധോണിയുടെ വരവോടെ മാറുമോ. അത് അല്‍പ്പം അകലത്തിലാണെന്ന് ഓരോ മത്സരങ്ങളും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനി അവശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ചാല്‍ മാത്രമാണ് മറ്റ് ടീമുകളെ ആശ്രയിക്കാതെ പ്ലേ ഓഫിലേക്ക് എത്താൻ ചെന്നൈക്ക് സാധിക്കുക.