അഹമ്മദാബാദില്‍ ഒരു സിക്‌സ് അകലെ നഷ്ടമായ കിരീടം നേടാൻ ഇത്തവണ പഞ്ചാബിന് സാധിക്കുമോ. ശക്തിയും ദൗര്‍ബല്യവുമെന്താണ്?
അഹമ്മദാബാദില്‍ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസത്തിന് ഒടുവില്‍ സ്വപ്നസാക്ഷാത്കാരമുണ്ടായപ്പോള്‍ മറുവശത്ത് എല്ലാം നല്‍കിയിട്ടും കിരീടത്തിനരികില്‍ വീണൊരു പടനായകനുണ്ടായിരുന്നു, ശ്രേയസ് അയ്യര്‍. ഒരു ദശാബ്ദത്തിന് ശേഷം പഞ്ചാബ് കിങ്സിനെ ആ നിമിഷത്തിന് തൊട്ടടുത്ത് എത്തിച്ചവൻ. യുവരാജ് സിങ് മുതല്‍ ജിതേഷ് ശര്‍മ വരെ നീണ്ട നായകന്മാരുടെ പട്ടികയില്‍ ജോര്‍ജ് ബെയിലിക്ക് ശേഷം പഞ്ചാബിനെ എടുത്തുയര്‍ത്താൻ ശ്രേയസ് വേണ്ടിവന്നു.
2026 ഐപിഎല്ലിലേക്കുള്ള മിനി താരലേലം അബുദാബിയില്‍ അരങ്ങേറുമ്പോള്‍ ഏറിയ സമയവും പഞ്ചാബ് മാനേജ്മെന്റ് നിശബ്ദത പാലിക്കുകയായിരുന്നു. കാരണം 2025ലെ കരുത്തുറ്റ ടീമിനെ ഏറെക്കുറെ പൂര്‍ണമായും നിലനിര്‍ത്തിയായിരുന്നു അവര്‍ ഓക്ഷൻ ടേബിളിന് മുന്നിലിരുന്നത്. അഹമ്മദാബാദില്‍ ഒരു സിക്‌സ് അകലെ നഷ്ടമായ കിരീടം നേടാൻ ഇത്തവണ പഞ്ചാബിന് സാധിക്കുമോ. ശക്തിയും ദൗര്‍ബല്യവുമെന്താണ്?
ബാറ്റിങ് നിര, മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി പൂർണമായും ഇന്ത്യൻ താരങ്ങളാണ് പഞ്ചാബിന്റെ ബാറ്റിങ് നിരയുടെ കോർ. ശ്രേയസ് അയ്യർ നയിക്കുന്ന യൂണിറ്റില്‍ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, നേഹല്‍ വധേര, ശശാങ്ക് സിങ്, വിഷ്ണു വിനോദ് എന്നിവരാണുള്ളത്. 2025 സീസണിലുടനീളം പഞ്ചാബിന് മേല്‍ക്കൈ നേടിക്കൊടുത്തത് ഓപ്പണിങ് സഖ്യമായിരുന്നു. പ്രിയാൻഷും പ്രഭ്‌സിമ്രാനും. പ്രഭ്‌സിമ്രാൻ 160 സ്ട്രൈക്ക് റേറ്റില്‍ 549 റണ്‍സും പ്രിയാൻഷ് 180 സ്ട്രൈക്ക് റേറ്റില്‍ 475 റണ്‍സും നേടിയിരുന്നു.
മധ്യനിരയില്‍ ശ്രേയസും നേഹല്‍ വധേരയുമുണ്ടാകും. ശ്രേയസിന്റെ സ്ഥിരതയെക്കുറിച്ച് എടുത്ത് പറയേണ്ടതില്ല, അവസരങ്ങളില്‍ ഉയരാൻ തനിക്ക് കഴിയുമെന്ന് മുംബൈ ഇന്ത്യൻസ് കാലം തൊട്ടെ തെളിയിക്കുന്ന താരമാണ് നേഹല്‍. ഫിനിഷർ റോളില്‍ ശശാങ്കും. ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവരുടെ പകരക്കാരെയായിരുന്നു ഓക്ഷനില്‍ പ്രധാനമായും പഞ്ചാബിന് വേണ്ടിയിരുന്നത്. മാർക്കസ് സ്റ്റോയിനിസ് ടീമിലുള്ളതിലൂടെ തന്നെ അതിന് പരിഹാരമായി, ഇതിനൊപ്പം ഓസീസ് യുവതാരം കൂപ്പര്‍ കനോലിയെ എത്തിച്ചിട്ടുമുണ്ട്.
പോസിറ്റീവ് ആയി ഉയര്‍ന്ന് നില്‍ക്കുന്ന ബാറ്റിങ് നിരയിലാണ് ചെറിയ ആശങ്കകള്‍ ഉള്ളതും. പരിചയസമ്പത്തിന്റെ അഭാവം കഴിഞ്ഞ സീസണില്‍ ബാറ്റിങ് യൂണിറ്റില്‍ നിഴലിച്ചിരുന്നു. പ്രത്യേകിച്ചും സമ്മര്‍ദ സാഹചര്യങ്ങളില്‍. ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഇന്ത്യൻസിനും ഫൈനലില്‍ ബെംഗളൂരുവിനുമെതിരെ. ക്വാളിഫയറില്‍ ശ്രേയസിന്റെ ഇന്നിങ്സായിരുന്നു രക്ഷയായത്, ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു. ഡഗൗട്ടില്‍ അവശേഷിക്കുന്ന താരങ്ങളുടെ പട്ടികയെടുത്താലും പരിചയസമ്പത്തിന്റെ അഭാവം കാണാനാകും. ഈ വെല്ലുവിളിയെ പഞ്ചാബ് അതിജീവിക്കേണ്ടതുണ്ട്.
ബൗളിങ് നിരയിലേക്ക് എത്തിയാല്‍ പഞ്ചാബിന്റെ പേസ് നിര സജ്ജമാണ്. നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ഇടം കയ്യൻ പേസര്‍മാര്‍ ശ്രേയസ് അയ്യര്‍ക്കൊപ്പമുണ്ട്. മാര്‍ക്കൊ യാൻസണും അര്‍ഷദീപ് സിങ്ങും. ഇരുവരും ലോകകപ്പിലുള്‍പ്പെടെ മികവ് പുലര്‍ത്തിയിരുന്നു. 37 വിക്കറ്റുകളായിരുന്നു സഖ്യം കഴിഞ്ഞ സീസണില്‍ വീഴ്ത്തിയത്. ഒപ്പം റൊ പേസുമായി ലോക്കി ഫെര്‍ഗുസണും. ഫെര്‍ഗൂസണിന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് പരിഹരിക്കാനുള്ള ഓപ്ഷനുകളും പഞ്ചാബിന്റെ കൂടാരത്തിലുണ്ട്.
സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, യാഷ് താക്കൂര്‍, വിജയകുമാര്‍ വൈശാഖ്, അസ്മത്തുള്ള ഒമര്‍സായ്, ബെൻ ഡ്വാര്‍ഷ്യൂസ് എന്നിങ്ങനെ നീണ്ട പട്ടിക ബാക്കിയുണ്ട്. സ്പിൻ നിരയില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ യുസുവേന്ദ്ര ചഹല്‍, ഒപ്പം ഹര്‍പ്രീത് ബ്രാറും. പകരക്കാരനായി പ്രവീണ്‍ ഡൂബെയും.
ബാറ്റിങ് നിരയിലെ പരിചയസമ്പത്തിന്റെ അഭാവം നിഴലിക്കുമ്പോഴും പഞ്ചാബിന്റെ കരുത്തുകളില്‍ മറ്റൊന്ന് ഓള്‍ റൗണ്ടര്‍മാരുടെ നീണ്ട നിര. യാൻസണ്‍, സ്റ്റോയിനിസ്, ഹര്‍പ്രീത് ബ്രാര്‍, പ്രിയാൻഷ് ആര്യ, കൂപ്പര്‍ കനോലി, ഒമര്‍സായി തുടങ്ങി അന്തിമ ഇലവനിലെത്താൻ സാധ്യതയുള്ള താരങ്ങളില്‍ വലിയ ശതമാനവും ഓള്‍ റൗണ്ടര്‍മാരാണ്. ഇത് ടീമിന് നല്‍കുന്ന ബാലൻസും സ്റ്റബിലിറ്റിയും കൂടുതലാണ്, അര്‍ഷദീപ് സിങ്ങ് വരെ നീളുന്ന നിരയ്ക്ക് ബാറ്റ് ചെയ്യാൻ കെല്‍പ്പുണ്ട്.
എല്ലാം കൊണ്ടും പഞ്ചാബിന് അനുകൂലമാണ് സാഹചര്യങ്ങള്‍. കഴിഞ്ഞ തവണ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇതിലും മികച്ച അവസരം ശ്രേയസ് അയ്യരുടെ മുന്നിലില്ലെന്ന് പറയേണ്ടി വരും.


