കാഫ് നേഷൻസ് കപ്പിലൂടെ ഖാലിദ് ജമീല്‍ ഇന്ത്യൻ ഫുട്ബോളിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇഗോർ സ്റ്റിമാക്കിനും മനോലൊ മാർക്വസിനും ശേഷം കിതയ്ക്കുന്ന ഇന്ത്യയെ കൈപിടിച്ചുയർത്തുകയാണ് ഖാലിദ് ജമീലെന്ന പരിശീലകൻ
കാഫ നേഷൻസ് കപ്പിലെ മൂന്നാം സ്ഥാനം ഇന്ത്യ ഉറപ്പിച്ച നിമിഷം ക്യാമറ കണ്ണുകള്‍ മുഖ്യപരിശീലകൻ ഖാലിദ് ജമീലിലേക്ക് ഒരു സെക്കൻഡ് പാൻ ചെയ്തെത്തുകയാണ്. സമീപകാലത്ത് പഴി മാത്രം കേട്ട് പരിചിതമായ ഇന്ത്യൻ ഫുട്ബോള്‍ ടീമിന് ചുരുങ്ങിയ സമയംകൊണ്ട്, മുഖ്യതാരങ്ങളില്ലാതെ നേടിക്കൊടുത്ത ആ വലിയ വിജയത്തിന്റെ തിളക്കം അയാളുടെ മുഖത്തുണ്ടായിരുന്നില്ല. ഇഗോര്‍ സ്റ്റിമാക്കിനൊ മനോലോ മാര്‍ക്വസിനെ ദീര്‍ഘകാലം കഴിയാതെ പോയ പലതും കേവലം നാല് മത്സരങ്ങള്‍ക്കൊണ്ട് സാധിച്ച ഖാലിദില്‍ നിന്ന് എന്ത് വായിച്ചെടുക്കാം, മുന്നിലുള്ള വെല്ലുവിളികള്‍ എന്തെല്ലാമാണ്.
എന്തുകൊണ്ട് മൂന്നാം സ്ഥാനം വലുതാകുന്നു?
കാഫ നേഷൻസ് കപ്പിന് വിളിയെത്തുമ്പോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഫിഫ റാങ്കിങ്ങില്‍ പിന്നില്‍ നിന്ന് മൂന്നാമതാണ് ഇന്ത്യ. തുര്‍ക്കമെനിസ്ഥാനും അഫ്ഗാനിസ്ഥാനും മുകളില്‍ മാത്രം. ടൂര്‍ണമെന്റിലെ ഫലത്തിനും പ്രകടനത്തിനും മൂല്യമേറുന്നതിന് മറ്റൊരു കാരണം സുപ്രധാന താരങ്ങളുടെ അഭാവത്തില്‍ ഖാലിദ് കളി മെനഞ്ഞതിനാലാണ്. ലിസ്റ്റിൻ കൊളാസൊ, സഹല്‍ അബ്ദുള്‍ സമദ്, മൻവീര്‍ സിങ്, അനിരുദ്ധ് ഥാപ്പ, വിശാല്‍ കെയ്ത്ത്, ദീപക്ക് തംഗ്രി, ലാലെങ്‌മവിയ റാൽത്തെ എന്നിവരെ വിട്ടുനല്‍കാൻ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സ് വിസമ്മതിച്ചിരുന്നു.
പക്ഷേ, ഖാലിദിന് ഇതൊരു വലിയ ഘടകമായി തോന്നിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസിലായത്. ലഭ്യമായ താരങ്ങളെക്കൊണ്ട് തൃപ്തിപ്പെടും, മികച്ചവരുണ്ട്, ഇതായിരുന്നു ജമീലിന്റെ പക്ഷം. പ്രതിരോധത്തിലൂന്നിയാണ് പുതിയ ഇന്ത്യയെ ജമീല്‍ സൃഷ്ടിക്കുന്നത്. സ്വന്തം ടീമിന്റേയും എതിരാളികളുടേയും ശക്തികള്‍ കേന്ദ്രീകരിച്ചുള്ള ശൈലി. മുന്നേറ്റനിരയും മധ്യനിരയും ഡിഫൻസിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നു. കാഫ നേഷൻസ് കപ്പില്‍ ഇന്ത്യ കളിച്ച നാല് മത്സരങ്ങളിലും പൊസഷൻ എതിരാളികളേക്കാള്‍ കുറവ്, വലിയ അന്തരം തന്നെ കാണാനാകും കണക്കുകളില്‍.
തജിക്കിസ്ഥാനെതിരെ 31 ശതമാനം, ഇറാനെതിരെ 26 ശതമാനം, അഫ്ഗാനിസ്ഥാനെതിരെ 43, ഒമാനെതിരെ 38 എന്നിങ്ങനെയാണ് പന്തടക്കം. അഞ്ച് കളികളില്‍ നിന്ന് വഴങ്ങിയത് അഞ്ച് ഗോളുകളാണ്. ഇതില്‍ മൂന്നെണ്ണം ഫിഫ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്തുള്ള ഇറാനോട് ആണെന്നതും പരിഗണിക്കേണ്ടതുണ്ട്. 79-ാം സ്ഥാനത്തുള്ള ഒമാനെ ഷൂട്ടൗട്ടില്‍ കീഴടക്കി, 106-ാം സ്ഥാനത്തുള്ള തജിക്കിസ്ഥാനെ 17 വര്‍ഷത്തിന് ശേഷം തോല്‍പ്പിച്ചു. അഫ്ഗാനിസ്ഥാനോട് വഴങ്ങിയ സമനില മാത്രമാണ് നിരാശ, ബാക്കിയെല്ലാം വളരെ പോസിറ്റീവായവയാണ്. പ്രതിരോധം തന്നെ പ്രധാനം.
ലോങ് ത്രോയില്‍ നിന്നായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ നേടിയ മൂന്ന് ഗോളുകളുടെയും തുടക്കം. വരും നാളുകളിലും ഇതേ സമീപനം ഉണ്ടായാലും അത്ഭുതപ്പെടാനില്ല. പ്രത്യേകിച്ചും രാഹുല്‍ ഭേക്കയെപ്പോലുള്ള താരങ്ങളുള്ള സാഹചര്യത്തില്‍.
മുന്നിലുള്ള വെല്ലുവിളികള്‍
പ്രതിരോധത്തിന്റെ കാര്യം ഊന്നിപ്പറയുമ്പോള്‍ മുന്നേറ്റത്തിലെ പോരായ്മകളെ മറച്ച് വെക്കാനാകില്ല. ഓപ്പണ്‍ പ്ലേയില്‍ നിന്ന് ഗോളവസരങ്ങള്‍ സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് സാധിക്കാതെ പോകുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒന്ന്. ഇറാനും അഫ്ഗാനുമെതിരെ ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലെത്തിക്കാനും കഴിയാതെ പോയി.
ടൂര്‍ണമെന്റിലാകെ തൊടുത്തത് 19 ഷോട്ടുകള്‍, ടാര്‍ഗറ്റിലെത്തിയത് എട്ട്. സഹലും ലിസ്റ്റിനും ഥാപ്പയുമൊക്കെയെത്തുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. മധ്യനിരയില്‍ റാല്‍ത്തെയ്ക്ക് കൂടുതല്‍ സ്ഥിരതകൊണ്ടുവരാൻ സാധിക്കും. ഫൈനല്‍ തേഡില്‍ മൻവീര്‍ സിങ്ങിനും ലിസ്റ്റിനും. ഇനിയവശേഷിക്കുന്നത് ഒരു പ്രോപ്പര്‍ സ്ട്രൈക്കറിന്റെ അഭാവമാണ്. ഇര്‍ഫാന് ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാൻ നേഷൻസ് കപ്പില്‍ സാധിക്കാതെ പോയിരുന്നു. സുനില്‍ ഛേത്രി എന്ന പേരിന് ചുറ്റും ഒരിക്കല്‍ക്കൂടി പ്രതീക്ഷ അര്‍പ്പിക്കുമോ ഖാലീദ്, അല്ലെങ്കില്‍ ഭാവി മുൻനിര്‍ത്തിയുള്ള തീരുമാനങ്ങളുണ്ടാകുമോ എന്നതാണ് ആകാംഷ.
മലയാളി താരം ആഷിഖ് കുരുണിയനാണ് മുന്നിലുള്ള മറ്റൊരു ഓപ്ഷൻ. അല്ലെങ്കില്‍ അണ്ടര്‍ 23 ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സില്‍ ഇന്ത്യയ്ക്കായി തിളങ്ങുന്ന യുവതാരങ്ങളിലേക്ക് തിരിയേണ്ടതായി വരും.


