2022 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലെ 10 വിക്കറ്റ് തോല്‍വിക്ക് ശേഷം ഡഗൗട്ടില്‍ തലകുനിച്ചിരിക്കുന്ന രോഹിത് ശർമ. അവിടെ നിന്നായിരുന്നു ഒരു ഇൻവിൻസിബിള്‍ ഫോഴ്സിന്റെ പിറവി

പൂര്‍ണത തേടിയുള്ള യാത്രയില്‍ അയാള്‍ അത് കൊതിച്ചിരുന്നു...അയാള്‍ അത് ഉയര്‍ത്തുന്നത് കാണാൻ നമ്മളും...ഒരുപക്ഷേ, കയ്യെത്തും ദൂരത്തുണ്ടായിട്ടും എത്തിപ്പിടിക്കാനാകാതെ പോയ ചില സ്വപ്നങ്ങള്‍ പോലെ ആ നിമിഷവും അയാളെ മറികടന്നു പോയിരിക്കുന്നു...ആ യാഥാര്‍ത്ഥ്യം നമ്മളേയും...ഇത്രത്തോളം വേദനിപ്പിച്ച മറ്റൊരു ഫ്രെയിം സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായിട്ടുണ്ടോ...ഈ ഒരു ഫ്രെയിമില്‍ തളംകെട്ടിനില്‍ക്കുന്ന നിരാശകൊണ്ടാണോ അയാള്‍ ഓര്‍മ്മിക്കപ്പെടേണ്ടത്...അല്ല.

ഇന്ത്യൻ ക്രിക്കറ്റില്‍ അയാള്‍ക്കൊരു മാസ് പരിവേഷമുണ്ട്. യുരിസ്തിയൂസ് രാജാവ് നല്‍കിയ അസാധ്യ ദൗത്യങ്ങള്‍ നിറവേറ്റാൻ വിധിക്കപ്പെട്ട ഹെര്‍ക്കുലീസിനെ ഓര്‍മ്മയില്ലെ. ലോകക്രിക്കറ്റിന്റെ നെറുകയില്‍ സിംഹാസനമിട്ട് ഇന്ത്യ ഇരിക്കുമ്പോഴും അകന്നു നിന്ന കിരീടവും ചെങ്കോലുമെല്ലാം തിരിച്ചുപിടിക്കാനായിരുന്നു അയാള്‍ നിയോഗിക്കപ്പെട്ടത്. ഗ്രീക്ക് കഥകളിലെ ഹെര്‍ക്കുലീസിനെ പോലെ അയാളൊരു ദൈവപുത്രനായിരുന്നില്ല. പക്ഷേ, അയാളില്‍ ഒരു രാജ്യം പ്രതീക്ഷയര്‍പ്പിച്ചു, അയാള്‍ ഒരു വിപ്ലവം തീര്‍ത്തു, പരിചിതമല്ലാത്തൊരു വിപ്ലവം. ക്യാപ്റ്റൻ, ഹിറ്റ്മാൻ, രോഹിത് ഗുരുനാഥ് ശര്‍മ.

മാറ്റത്തിന്റെ തുടക്കം

2022 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലെ 10 വിക്കറ്റ് തോല്‍വിക്ക് ശേഷം ഡഗൗട്ടില്‍ തലകുനിച്ചിരിക്കുന്ന രോഹിത്. അവിടെ നിന്നായിരുന്നു ഒരു ഇൻവിൻസിബിള്‍ ഫോഴ്സിന്റെ പിറവി. 2023 ഏകദിന ലോകകപ്പ്. ഞാൻ നയിക്കുന്ന ടീം സഞ്ചരിക്കുക ഒറ്റ ദിശയിലായിരിക്കും, ആ ദിശയില്‍ റെക്കോര്‍ഡ് പുസ്തകങ്ങള്‍ക്ക് സ്ഥാനമില്ല, വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഇടമില്ല, ഒരൊറ്റ ലക്ഷ്യം മാത്രം. കിരീടങ്ങള്‍. ഫിലോസഫികള്‍ അവതരിപ്പിക്കാൻ എളുപ്പമാണ്, പക്ഷേ അത് പ്രായോഗികമാക്കുക എളുപ്പമല്ല. അതും ഇന്ത്യൻ ക്രിക്കറ്റില്‍. ഇവിടെയാണ് രോഹിത് എന്ന നായകന്റെ വിജയം സംഭവിച്ചത്.

ആദ്യ ചുവട് രോഹിത് തന്നെ വെച്ചു. പടയാളികളെ കളത്തിലേക്കയച്ച് തന്റെ ഊഴം കാത്തിരുന്ന പടനായകനായിരുന്നില്ല, മറിച്ച് പടയാളികളെ മുന്നില്‍ നിന്ന് നയിച്ചവനായിരുന്നു. മുന്നില്‍ എത്തിയ ചെറുതും വലുതുമായ ലോകോത്തര ബൗളര്‍മാരെ തല്ലിച്ചതച്ച് അയാള്‍ തന്റെ സംഘത്തിന് വഴിയൊരുക്കി. നഷ്ടപ്പെടുത്തിയ നാഴികക്കല്ലുകളെയോര്‍ത്ത് അയാള്‍ ഒരിക്കലും നിരാശപ്പെട്ടില്ല. പകരം ഇന്ത്യൻ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തിന് തറക്കല്ലിട്ടു, പിടിച്ചുകെട്ടാനാകാത്ത ഒരു സംഘമായി ആ ടീമിനെ പരിവര്‍ത്തനപ്പെടുത്തി.

രാജാവും അയാളെ പിന്തുടര്‍ന്നു. ശ്രേയസ് അയ്യരും ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയുമെല്ലാം അയാളുടെ ഫിലോസഫിയില്‍ വിശ്വസിച്ചു. The headlines tomorrow will be about Kohli, will be about Shreyas Iyer, and will be about Mohammad Shami. But the genuine hero of this Indian side, who has changed the culture of this Indian side is Rohit Sharma...നാസര്‍ ഹുസൈൻ പറഞ്ഞ ഈ വാചകങ്ങളിലുണ്ട് രോഹിത് ശര്‍മയുടെ ഇന്ത്യ. ഏകദിന ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നായകനായി. നവംബര്‍ 19ന്റെ മുറിപ്പാടുകള്‍ ഉണങ്ങാതെ അവശേഷിക്കുമ്പോഴും അയാള്‍ക്കെ ഇനിയെന്തെങ്കിലും സാധിക്കുവെന്നുള്ള വിശ്വാസം 140 കോടി ജനങ്ങളിലും അലയടിച്ചു.

ആ അലയടികള്‍ സത്യമായി. പതിറ്റാണ്ടു നീണ്ട കിരീട വരള്‍ച്ചയ്ക്ക് ബാര്‍ബഡോസില്‍ സ്വപ്നസാഫല്യം. 2007ന് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ട്വന്റി 20 ലോകകപ്പ്. 2013 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായൊരു ഐസിസി കിരീടം. അന്നും ബാറ്റുകൊണ്ട് നയിച്ചു. മുറിവേല്‍പ്പിച്ചവരെയെല്ലാം തേടിയിറങ്ങി മറുപടികള്‍ നല്‍കി. കോലി, ബുമ്ര, അര്‍ഷദീപ്, ഹാര്‍ദിക്ക്, അക്സര്‍, സൂര്യകുമാര്‍ യാദവ്..അര്‍ഹിച്ച യാത്രയയപ്പ് നേടി ഫോര്‍മാറ്റിനോട് സലാം പറഞ്ഞിറങ്ങിയത് കൈപ്പേറിയ നാളുകളിലേക്കായിരുന്നു, വെള്ളക്കുപ്പായത്തില്‍ കാലിടറിയപ്പോള്‍ കഴിഞ്ഞെന്ന് വിധിയെഴുതി.

2025 ചാമ്പ്യൻസ് ട്രോഫി. ജീവിതം തേടി മനുഷ്യരിറങ്ങുന്ന അറേബ്യൻ മണ്ണിലേക്ക് മറ്റൊരു കിരീടത്തിനായി. കണക്കുകൂട്ടിയയാളൊരു ടീമിനെ ഒരുക്കി. ബ്രഹ്മാസ്ത്രമായി വരുണ്‍ ചക്രവര്‍ത്തിയും കോഹ്ലിയും ശ്രേയസ് അയ്യരും. ഫൈനലില്‍ അന്ന് ഇന്ത്യൻ ആരാധകരുടെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കം രോഹിതിന്റെ ബാറ്റുകളിലായിരുന്നു. ഫൈനലില്‍ സെഞ്ച്വറിയോളം പോന്നൊരു 76 റണ്‍സ്, കളിയിലെ താരം. ബുമ്രയില്ലാതെ സാധിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ദുബായിലെ മണ്ണില്‍ ന്യൂസിലൻഡിനെ കീഴടക്കി നല്‍കി.

ഒരു അസാധാരണ നായകൻ

എട്ട് മാസത്തെ ഇടവേളയില്‍ രണ്ട് ഐസിസി കിരീടങ്ങള്‍. അതും ഒരു മത്സരം പോലും തോല്‍ക്കാതെ. നയിച്ച അവസാന മൂന്ന് ഐസിസി ടൂര്‍ണമെന്റുകളില്‍ വീണത് ഒരേ ഒരുതവണ മാത്രം. നായകനായി അവസാനിപ്പിച്ച രണ്ട് വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ശേഷം കളം വിടുമ്പോഴും രോഹിതിന്റെ കൈകകളില്‍ കിരീടത്തിന്റെ തിളക്കുമുണ്ടായിരുന്നു. ഏകദിനത്തില്‍ നയിച്ച 56 മത്സരത്തില്‍ 42ലും ജയം, വിജയശതമാനം 75. ട്വന്റി 20യില്‍ 62ല്‍ 49 ജയം, വിജയശതമാനം 79. അസാധാരണ ചരിത്രത്തിന്റെ കൂട്ടുണ്ടെങ്കില്‍ ഏകദിന ലോകകപ്പ് എന്നത് രോഹിതിന്റെ ഏറ്റവും വലിയ സ്വപ്നമായി അവശേഷിക്കുകയാണ്.

2027 ഏകദിന ലോകകപ്പ്, തന്റെ ലക്ഷ്യമെന്തെന്ന് രോഹിത് പലകുറി പറഞ്ഞുകഴിഞ്ഞു. പക്ഷേ, അതിനൊരു കളമൊരുങ്ങുമോയെന്ന് കാലം പറയും. അയാളത് അര്‍ഹിക്കുന്നുണ്ട് എന്നല്ലാതെ മറ്റെന്ത് പറയാൻ. നന്ദി രോഹിത്, സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിന്, സ്വപ്നരാവുകള്‍ സമ്മാനിച്ചതിന്...