നിരന്തരം സംഭവിക്കുന്ന പരുക്കുകള്‍, ഇതുമൂലം സംഭവിക്കുന്ന ദീര്‍ഘമായ വിശ്രമം...റിഷഭ് പന്തിന്റെ കരിയര്‍ ഇടവേളകളാല്‍ സമ്പന്നമാകുമ്പോഴാണ് ഞാൻ ഇവിടെയുണ്ട് എന്ന് ബാറ്റുകൊണ്ട് ദ്രുവ് ജൂറല്‍ വിളിച്ചുപറയുന്നത്

മാംബ മെന്റാലിറ്റി. ദ്രുവ് ജൂറലിന്റെ ഇൻസ്റ്റഗ്രാം ബയോയില്‍ നോക്കിയാല്‍ ഈ രണ്ട് വാക്കുകള്‍ കാണാം. അമേരിക്കൻ ഇതിഹാസ ബാസ്ക്കറ്റ്ബോള്‍ താരം കോബി ബ്രയന്റുമായി ബന്ധപ്പെടുത്തിയുള്ള വാക്കുകളാണിത്. ഏറ്റവും അനിവാര്യമായ സമയത്ത് നിങ്ങളുടെ പ്രക്രിയയിലും കഠിനാധ്വാനത്തിലും വിശ്വസിക്കുക എന്നതാണ് മാംബ മെന്റാലിറ്റിക്ക് ബ്രയന്റ് കൊടുത്തിരിക്കുന്ന നിര്‍വചനം. റിഷഭ് പന്തിന്റെ പരുക്കില്‍ വീണു കിട്ടിയ അവസരത്തില്‍ അഹമ്മദാബാദില്‍ ഈ നിര്‍വചനം ജൂറല്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നുവെന്ന് പറയാം. പന്തിന്റെ വിടവറിയിക്കാത്തൊരു ഇന്നിങ്സ് പന്തിനൊരു സൂചനകൂടിയാണോയെന്നതാണ് മുന്നിലുള്ള ചോദ്യം.

188-3 എന്ന നിലയില്‍ സമ്മര്‍ദത്തിന്റെ കണികപോലും തെളിഞ്ഞുനില്‍ക്കാത്ത അന്തരീക്ഷത്തിലേക്കാണ് 24 വയസുകാരൻ ജൂറല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ജൂറലിന്റെ ശരീരഭാഷ എപ്പോഴും ആത്മവിശ്വാസം നിറഞ്ഞതാണെന്ന് തോന്നിയിട്ടുണ്ട്. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടെന്ന് പറയാതെ പറയുന്ന ശരീരഭാഷ. കെ എല്‍ രാഹുലിന് പിന്തുണ നല്‍കിയുള്ള തുടക്കം. ക്രീസിലെത്തിയ ആദ്യ സെഷനില്‍ നേരിട്ടത് 38 പന്തുകളാണ്. ആ 38-ാം പന്തിലാണ് ആദ്യ ബൗണ്ടറി ജൂറല്‍ നേടുന്നത്. പൊതുവെ അഗ്രസീവ് ശൈലിയില്‍ ബാറ്റ് വീശുന്ന ജൂറല്‍ ക്രീസില്‍ നിലയുറപ്പിക്കാൻ തന്നെയാണ് എത്തിയതെന്ന് ഉറപ്പിക്കുന്നതായിരുന്നു തുടക്കം.

രണ്ടാം സെഷനിലും അതേ കരുതല്‍. 88 പന്തുകളില്‍ നിന്ന് 54 റണ്‍സായിരുന്നു രണ്ടാം സെഷനിലെ നേട്ടം. ആറ് ഫോറും ഒരു സിക്സും ഇക്കാലയളവില്‍ നേടിയെടുത്തു. മറുവശത്ത് രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിലെ റണ്‍വേട്ട തുടരുകയാണ്. പക്ഷേ, മൂന്നാം സെഷനില്‍‍ തന്റെ ശൈലിയിലേക്ക് തിരിഞ്ഞു ജൂറല്‍. റിഷഭ് പന്തില്ലെങ്കിലും കാര്യങ്ങള്‍ ഭദ്രമാണെന്ന് ജൂറല്‍ തെളിയിക്കുകയായിരുന്നു മെല്ലെ. 84 പന്തില്‍ 57 റണ്‍സ്, എട്ട് ഫോറും ഒരു സിക്സും സെഷനില്‍. കന്നി സെഞ്ച്വറിയില്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത് 125 റണ്‍സ്, നേരിട്ടത് 210 പന്തുകള്‍. റിഷഭ് പന്തിന്റെ സ്ഥാനത്തിന് ഇളക്കം നല്‍കാൻ പോന്നതാണോ ഇന്നിങ്സെന്ന ചര്‍ച്ചകള്‍ക്ക് അവിടെ തുടക്കമാകുകയാണ്.

നിരന്തരം സംഭവിക്കുന്ന പരുക്കുകള്‍, ഇതുമൂലം സംഭവിക്കുന്ന ദീര്‍ഘമായ വിശ്രമം...റിഷഭ് പന്തിന്റെ കരിയര്‍ ഇടവേളകളാല്‍ സമ്പന്നമാകുമ്പോഴാണ് ഞാൻ ഇവിടെയുണ്ട് എന്ന് ബാറ്റുകൊണ്ട് ജൂറല്‍ വിളിച്ചുപറയുന്നത്. എന്നാല്‍, കായികക്ഷമത വീണ്ടെടുത്ത് പന്ത് തിരിച്ചെത്തുമ്പോള്‍ മാറിക്കൊടുക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്, ഈ ബോധ്യം ജൂറലിനുമുണ്ടാകും. കാരണം നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പന്ത്. താരം ഇന്ത്യൻ ക്രിക്കറ്റിനായി നടത്തിയ അസാധാരണ ഇന്നിങ്സുകള്‍ മറികടക്കാൻ ജൂറലിന് ഈ സെഞ്ച്വറി മതിയാകില്ല.

എന്നിരുന്നാലും, കേവലം പന്തിന്റെ നിഴലോ അല്ലെങ്കില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അല്ല താനെന്നുകൂടി തെളിയിക്കുകയാണ് ജൂറല്‍. അഹമ്മദാബാദിലെ ഒരു ഇന്നിങ്സ് മാത്രമല്ല. ഇന്ത്യ എയ്ക്കായി സമീപകാലത്ത് ജൂറല്‍ പുറത്തെടുക്കുന്ന പ്രകടനങ്ങള്‍ തന്നെ അസാധ്യമായ സ്ഥിരത താരത്തിനുണ്ടെന്ന് തെളിയിക്കുന്നു. കേവലം 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രമുള്ള താരമാണ് ജൂറല്‍. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നാല് ഇന്നിങ്സുകളില്‍ നിന്ന് 227 റണ്‍സ്, ഇതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍. സെപ്തംബറില്‍ ഓസ്ട്രേലിയ എയ്ക്കെതിരെ മൂന്ന് ഇന്നിങ്സില്‍ നിന്ന് 197 റണ്‍സ്. ഒരു ശതകവും ഒരു അര്‍ദ്ധ സെഞ്ച്വറിയും.

പന്ത് ടീമിലുണ്ടെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി ജൂറലിനെ പരിഗണിക്കാൻ ഭാവിയില്‍ സാധിക്കുമെന്ന് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ജഡേജ ബാറ്റ് ചെയ്യുന്ന ആറാം നമ്പര്‍ ജൂറലിന് അനുയോജ്യമാണ്. പ്രത്യകിച്ചും സെന രാജ്യങ്ങളില്‍ ഇന്ത്യക്ക് ബാറ്റിങ് ഡെപ്ത് അനിവാര്യമാകുന്ന പശ്ചാത്തലത്തില്‍ സെലക്ടര്‍മാര്‍ക്ക് മറുചിന്തയില്ലാതെ ജൂറലിന്റെ ബാറ്റിലേക്ക് നോക്കാനാകും. റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന മുൻതൂക്കം ടെസ്റ്റില്‍ മാത്രമായിരുന്നു ചുരുങ്ങിയേക്കുമെന്ന സൂചനയും ഇന്ത്യൻ ടീമിലെ സമീപകാല മാറ്റങ്ങള്‍ തെളിയിക്കുന്നു.

2023 ഏഷ്യ കപ്പുമുതല്‍ ഏകദിനത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 2023 ഏകദിന ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം രാഹുലിന് വിക്കറ്റിന് പിന്നില്‍ മികവ് തെളിയിക്കാൻ കഴിഞ്ഞിരുന്നു. 2027 ലോകകപ്പ് വരാനിരിക്കെ രോഹിതും കോഹ്ലിയും ടീമിലും തുടരുകയാണെങ്കില്‍ പന്തിന്റെ സാധ്യതകള്‍ മങ്ങും.

സമാനമാണ് ട്വന്റി 20യിലെ സാഹചര്യവും. 2024 ലോകകപ്പിന് ശേഷം ട്വന്റി 20യില്‍ സഞ്ജുവാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍, താരം ടീമില്‍ തുടരുമെന്ന സൂചനകളാണ് ഏഷ്യ കപ്പ് നല്‍കുന്നതും. പന്തിനേക്കാള്‍ മികച്ച ട്വന്റി 20 റെക്കോര്‍ഡും കൈമുതലായുള്ള താരമാണ് സഞ്ജു. പിന്നിലായി ജിതേഷ് ശര്‍മയുമുണ്ട്. അതുകൊണ്ട് പന്തിന്റെ ട്വന്റി 20യിലേക്കുള്ള മടങ്ങിവരവിനും പരീക്ഷണങ്ങള്‍ താണ്ടേണ്ടി വന്നേക്കും.