ക്രോസ് ബാറ്റ‍‍ഡ് ഷോട്ടുകളുടേയും ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റേയുമെല്ലാം ഉദാഹരണങ്ങളാണ് സീസണിലെ പവര്‍പ്ലേകളില്‍ കണാനായത്. ഇവിടെയാണ് സായ് സുദര്‍ശന്റെ ക്രിക്കറ്റിങ് ബ്രെയിൻ എത്രത്തോളം ഇന്റലിജെന്റാണെന്ന് മനസിലാകുന്നത്

കോലിയുടെ മാസ്റ്റ‍ര്‍ക്ലാസ്, ഗില്ലിന്റെ എലഗൻസ്, സൂര്യകുമാറിന്റെ 360, നിക്കോളാസ് പൂരാന്റെ ഹിറ്റിംഗ്...ഇതെല്ലാം പ്രതീക്ഷിച്ചതായിരുന്നു, സംഭവിക്കുകയും ചെയ്തു. പക്ഷേ, ഇതിനെല്ലാം മുകളിലൊന്നുകൂടിയുണ്ടായി. സായ് സുദര്‍ശൻ, ഇടം കയ്യൻ ബാറ്റര്‍. വയസ് 23. സ്ട്രൈക്ക് റേറ്റും സിക്സറുകളുടെ എണ്ണവും മാത്രം തലവാചങ്ങളില്‍ നിറയുന്ന കുട്ടിക്രിക്കറ്റിന്റെ കാലത്ത് ബാറ്റുകൊണ്ട് പുതിയ വിപ്ലവം എഴുതുകയാണ് സായ്.

ക്രോസ് ബാറ്റ‍‍ഡ് ഷോട്ടുകളുടേയും ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റേയുമെല്ലാം ഉദാഹരണങ്ങളാണ് സീസണിലെ പവര്‍പ്ലേകളില്‍ കണാനായത്. ഇവിടെയാണ് സായ് സുദര്‍ശന്റെ ക്രിക്കറ്റിങ് ബ്രെയിൻ എത്രത്തോളം ഇന്റലിജെന്റാണെന്ന് മനസിലാകുന്നത്. പവര്‍പ്ലെയില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരങ്ങളിലൊരാള്‍, അതിനോട് ചേര്‍ത്തുവെക്കാൻ കഴിയുന്ന സ്ട്രൈക്ക് റേറ്റും. ഇത് മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ക്കൊണ്ടല്ല സായ് നേടിയെടുത്തത്.

കൃത്യമായ പ്ലേസ്മെന്റുകള്‍, ഫീല്‍ഡറിഞ്ഞുള്ള ഗ്രൗണ്ടടായുള്ള ഷോട്ടുകള്‍. ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ആകാശ് സിങ്ങിനെതിരെ നേടിയ രണ്ടാമത്തെ ബൗണ്ടറിയാണ് ഏറ്റവും അടുത്ത ഉദാരണം. ഓഫ് സ്റ്റമ്പ് ലൈനിലേക്ക് പോകാൻ സാധ്യതയുണ്ടായിരുന്ന പന്ത് ചെറിയൊരു ബോഡി ഷഫിളും ബാറ്റില്‍ വരുത്തിയ ചെറിയ ടില്‍റ്റുംകൊണ്ട് സ്ക്വയറിന് പിന്നിലൂടെ പായിക്കുന്നു. ഒറ്റനോട്ടത്തില്‍ ഒരു റണ്‍സാണ് തോന്നിച്ചത്, പക്ഷേ ടൈമിങ് ആ പന്തിനെ ബൗണ്ടറി വര കടത്തി.

ഇത്തരം ലാസ്റ്റ് മിനുറ്റ് അഡ‍്ജസ്റ്റുമെന്റുകള്‍ കൂടുതലായും കാണുന്നത് ടെസ്റ്റ് ക്രിക്കറ്റിലാണ്. അതെ, ടെസ്റ്റ് ക്രിക്കറ്റിലെ ക്ലാസ് ചാലിച്ചൊരു ട്വന്റി 20 വേര്‍ഷനാണ് സായ് സീസണില്‍ പുറത്തെടുക്കുന്നത്. ഹൈ റിസ്ക്ക് ഹൈ റിവാര്‍ഡ് മോഡിലാണ് രോഹിത് ശര്‍യെപ്പോലുള്ള താരങ്ങളുടെ ശൈലി. സായ്, ലോ റിസ്ക്ക് ഹൈ റിവാര്‍ഡ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. 100 ശതമാനം വിജയം ഇതില്‍ കൈവരിക്കാൻ സായിക്കായി എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്.

സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 638 റണ്‍സാണ് താരം നേടിയത്. ശരാശരി 53 ആണ്, സ്ട്രൈക്ക് റേറ്റ് 155ലെത്തി നില്‍ക്കുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും ഇതേ വൈഭവം സായിയില്‍ നിന്ന് കണ്ടു. 2024ല്‍ 47 ശരാശരിയില്‍ 527 റണ്‍സ് സ്വന്തമാക്കി. 2023ല്‍ 51 ശരാശരിയിലാണ് 362 റണ്‍സിലേക്ക് എത്തിയത്. കന്നി സീസണില്‍ ലഭിച്ച അഞ്ച് അവസരങ്ങളില്‍ തിളങ്ങാനുമായി. ഇതുകൊണ്ട് സായി ഒരു ബിഗ് ഹിറ്ററല്ല എന്ന് പറയാൻ കഴിയില്ല.

അതിവേഗം തന്റെ കളിയുടെ ഗിയര്‍ ഷിഫ്റ്റ് ചെയ്യാൻ സായിക്ക് കഴിയും. 2023 ഐപിഎല്‍ ഫൈനലിലെ ഇന്നിങ്സാണ് ചൂണ്ടിക്കാണിക്കാനുള്ളത്. അന്ന് മൂന്നാമനായാണ് ക്രീസിലേക്ക് സായ് എത്തുന്നത്. ആദ്യ 19 പന്തുകളില്‍ നിന്ന് 23 റണ്‍സ് മാത്രമായിരുന്നു സായ് സ്കോര്‍ ചെയ്തത്. പിന്നീടൊരു 28 പന്തുകളും കൂടി സായ് നേരിട്ടു. 73 റണ്‍സാണ് ആ 28 പന്തുകളില്‍ നിന്ന് വന്നത്, ആറ് സിക്സറുകള്‍ ഉള്‍പ്പെട്ടു ഇന്നിങ്സില്‍. 

ഗുജറാത്ത് നായകൻ ഗില്ലിന്റെ ശൈലിയുടേതിന് സമാനമാണ് സായിയുടെ സമീപനവും. ഏറ്റവും പ്രധാനമായി ഇരുവരും കാണുന്നത് ഇന്നിങ്സിന് അടിത്തറയുണ്ടാക്കുക എന്നതാണ്. ശേഷം ബൗളര്‍മാരുടെ വീഴ്ചകളെ ഉപയോഗിച്ചും ഫീല്‍ഡിലെ വിള്ളലുകള്‍ മുതലെടുത്തുമെല്ലാം ആക്രമണശൈലിയലേക്ക് ഇന്നിങ്സ് പരിവര്‍ത്തനപ്പെടുത്തു. ഇന്നിങ്സിന്റെ തുടക്കത്തില്‍ ഗില്ലും സായിയും ഒരു ഹൈ റിസ്ക്ക് ഷോട്ട് കളിക്കുന്നത് പോലും വളരെ വിരളമാണ്.

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഇതുവരെ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന താരം കൂടിയാണ് സായ്. കരിയര്‍ പരിശോധിച്ചാല്‍ 50നടുത്താണ് ശരാശരിയെന്നും ഓര്‍ക്കേണ്ടതുണ്ട്. കളിച്ച 38 ഇന്നിങ്സുകളില്‍ ഇതുവരെ സായിയുടെ പേരിന് നേരെ ഒരു റണ്‍സെങ്കിലും തെളിയാതിരുന്നിട്ടില്ല, ചുരുക്കി പറഞ്ഞാല്‍ ഡക്കായിട്ടില്ല സായ് ഐപിഎല്ലില്‍. 

ഐപിഎല്ലില്‍ മാത്രമല്ല, ട്വന്റി 20 ക്രിക്കറ്റില്‍ തന്നെ സായിയെ പൂജ്യത്തില്‍ മടക്കാൻ ഒരു ബൗളര്‍ക്കുമായിട്ടില്ല. കുട്ടിക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് തികച്ച താരവും സായിയാണ്. സച്ചിൻ തെൻഡുല്‍ക്കറുടെ റെക്കോര്‍ഡായിരുന്നു സായ് മറികടന്നത്. വേണ്ടി വന്നത് 54 ഇന്നിങ്സ് മാത്രം. സച്ചിന് ഇതിനായി 59 ഇന്നിങ്സുകള്‍ ആവശ്യമായി വന്നു.

സ്ട്രൈക്ക് റേറ്റ് കണക്കുകള്‍ക്ക് പിന്നാലെയല്ല സായിയുടെ യാത്ര മറിച്ച് മത്സരത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. അണ്‍ ഓര്‍ത്തഡോക്സ് ഷോട്ടുകളുടെ അതിപ്രസരം കളിയുടെ ഭംഗിയെ നശിപ്പിക്കുന്നുവെന്ന് ഒരു കൂട്ടര്‍ വാദിക്കാറുണ്ട്. എന്നാല്‍, ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മറുപക്ഷത്തും അഭിപ്രായമുണ്ട്. 

പക്ഷേ, സായിയുടെ ഇന്നിങ്സുകളില്‍ ടെക്സ്റ്റ് ബുക്ക് ഷോട്ടുകള്‍ കാണാം, ക്ലാസിക്ക് ഡ്രൈവുകള്‍ കാണാം, ഷോട്ടുകളുടെ കലവറ തന്നെ കൈമുതലായുള്ള താരം. ട്വന്റി 20യുടെ അനിവാര്യതയ്ക്കൊത്ത് അത് ഉപയോഗിക്കാനുള്ള വൈഭവമാണ് സായിയെ ഹൈലി റേറ്റഡ് താരങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നതും.