സ്ഥിരതയും ഫോമും ഒരുപോലെ പുലര്‍ത്തുന്ന സഞ്ജു സാംസണ് അന്തിമ ഇലവനില്‍ അവസരം ലഭിക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്. സഞ്ജുവിന് ശേഷം രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുള്ളത് ജിതേഷ് ശര്‍മയാണ്

2026 ട്വന്റി 20 ലോകകപ്പ് മുന്നിലുണ്ട്, ഇനിയും കൃത്യമായൊരു സ്ഥാനം നല്‍കാൻ മാനേജ്മെന്റ് തയാറായിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍, എത്ര അവസരങ്ങള്‍ ലഭിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. വിശ്വകിരീടപ്പോര് വരാനിരിക്കെ പ്രോട്ടിയാസിനെതിരായ പരമ്പര മലയാളി താരം സഞ്ജു സാംസണിന് എത്രത്തോളം നിര്‍ണായകമാണ്.

ഉപനായകൻ ശുഭ്മാൻ ഗില്‍ പരുക്കില്‍ നിന്ന് മുക്തിനേടിയ ശേഷം കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തിരിക്കുന്നു. അഭിഷേക് ശര്‍മയ്ക്കൊപ്പം ക്രീസിലേക്ക് ചുവടുവെക്കുക ഗില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാം. ഒരിക്കല്‍ക്കൂടി മധ്യനിരയിലേക്ക് പറിച്ചുനടപ്പെടും സഞ്ജുവെന്ന വെല്‍ എസ്റ്റാബ്ലിഷ്ഡ് ടി20 ഓപ്പണര്‍. ഏഷ്യ കപ്പില്‍ സ്ഥാനച്ചലനങ്ങള്‍ മൂലം പ്രകടനത്തിലുണ്ടായ സ്ഥിരതയില്ലായ്മയും ഓസ്ട്രേലിയൻ പര്യടനത്തില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതും ഇക്കുറി ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.

അതിന് കാരണമുണ്ട്, സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ സഞ്ജുവിന്റെ ആത്മവിശ്വാസം ഉയര്‍ത്താൻ പോന്നതാണ്. ഇന്ത്യൻ ടീമില്‍ ഭാഗമായതും സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് കളിച്ചതുമായ താരങ്ങളില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട് സഞ്ജു. മുന്നിലുള്ളത് അഭിഷേക് ശര്‍മയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് 58.25 ശരാശരിയില്‍ 233 റണ്‍സാണ് വലം കയ്യൻ ബാറ്റ‍ര്‍ മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ചുറികളാണ് സഞ്ജുവിന്റെ സമ്പാദ്യം.

കേരള ക്രിക്കറ്റ് ലീഗിന് ശേഷം സഞ്ജു ഏറ്റവുമധികം സ്ഥിരതയോടെ ബാറ്റ് ചെയ്ത ടൂര്‍ണമെന്റുകൂടിയാണിത്. ഒഡീഷയ്ക്ക് എതിരെ 41 പന്തില്‍ 51 റണ്‍സ്. ഛത്തിസ്‌ഗഡിനെതിരെ 15 പന്തില്‍ 43 റണ്‍സ്. മുംബൈക്കെതിരായ ഏറ്റവും നിര്‍ണായക മത്സരത്തില്‍ 28 പന്തില്‍ 46 റണ്‍സ്. ആന്ധ്ര പ്രദേശിനെതിരെ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ ഒറ്റയാള്‍ പോരാളിയായി ക്രീസില്‍ നിലകൊണ്ടു. കേരളത്തിന്റെ ഇന്നിങ്സ് 119ല്‍ ഒതുങ്ങിയപ്പോള്‍ 56 പന്തില്‍ 73 റണ്‍സായിരുന്നു നായകന്റെ സംഭാവന. എട്ട് ഫോറും മൂന്ന് സിക്സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറി വര കടന്നു.

ആന്ധ്രയ്ക്കെതിരെ കേരളത്തിന്റെ ബാറ്റിങ് നിരയില്‍ നിന്ന് രണ്ടക്കം കടന്നത് സഞ്ജുവും 13 റണ്‍സെടുത്ത എം ഡി നിധീഷും മാത്രമായിരുന്നു. പ്രമുഖ താരങ്ങളെല്ലാം പരാജയപ്പെട്ടിടത്തായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. പൊതുവെ മികച്ച തുടക്കം ലഭിച്ച ശേഷം വിക്കറ്റ് വലിച്ചെറിയുന്നുവെന്ന വിമര്‍ശനം നേരിടാറുള്ള സഞ്ജു തന്റെ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിച്ചൊരു ഇന്നിങ്സുകൂടിയായിരുന്നു ലഖ്നൗവില്‍ സംഭവിച്ചത്.

സ്ഥിരതയും ഫോമും ഒരുപോലെ പുലര്‍ത്തുന്ന സഞ്ജുവിന് അന്തിമ ഇലവനില്‍ അവസരം ലഭിക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്. സഞ്ജുവിന് ശേഷം രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുള്ളത് ജിതേഷ് ശര്‍മയാണ്. താരം സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും അതിന് മുൻപ് നടന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിലും ബാറ്റുകൊണ്ട് പരാജയപ്പെട്ടിരുന്നു. മുഷ്താഖ് അലിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 90 റണ്‍സ് മാത്രമാണ് ബറോഡയ്ക്കായി ജിതേഷിന് നേടാനായത്. ഹിമാചലിനെതിരെ നേടിയ 41 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. നാല് ഒറ്റയക്ക സ്കോറുകളാണ് ജിതേഷിന്റെ പേരിലുള്ളത്.

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ നാല് കളികളില്‍ നിന്ന് 125 റണ്‍സ് നേടിയിരുന്നു ജിതേഷ്. യുഎഇക്കെതിരെ ആദ്യ മത്സരത്തില്‍ കുറിച്ച അര്‍ദ്ധ ശതകം മാത്രമാണ് ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്. സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 23 പന്തില്‍ 33 റണ്‍സെടുത്ത ജിതേഷ് സൂപ്പര്‍ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയും ചെയ്തിരുന്നു. സഞ്ജുവിന്റേയും ജിതേഷിന്റേയും സമീപകാല പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ മുൻതൂക്കം മലയാളി താരത്തിന് തന്നെയാണ്.

അന്തിമ ഇലവനിലെത്തിയാലും സഞ്ജുവിന് മുഷ്താഖ് അലിയിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും ലോകകപ്പിലൊരു സ്ഥാനം ഉറപ്പിക്കാൻ. ടെസ്റ്റ് പരമ്പര വിജയിച്ചും ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും മികവു പുലര്‍ത്തിയ ശേഷവുമെത്തുന്ന പ്രോട്ടിയാസ് ആത്മവിശ്വാസത്തിലായിരിക്കും. നന്ദ്രെ ബര്‍ഗര്‍, ലുംഗി എൻഗിഡി, മാ‍ര്‍ക്കൊ യാൻസണ്‍ തുടങ്ങിയവരടങ്ങിയ ശക്തമായ പേസ് നിരയുമായാണ് ദക്ഷിണാഫ്രിക്ക എത്തുന്നതും. അതുകൊണ്ട് ഒന്നുമത്ര എളുപ്പമായിരിക്കില്ല.

നിലവില്‍ ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഉറപ്പുള്ള ചുരുങ്ങിയ സ്ഥാനങ്ങള്‍ മാത്രമാണ്. അഭിഷേക് ശര്‍മ, ശുഭ്മാൻ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍. ശേഷം, തിലക് വര്‍മ, ഹാര്‍ദിക്ക് പാണ്ഡ്യ തുടങ്ങിയവരും. ബാറ്റിങ് നിരയില്‍ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി സ‌ഞ്ജുവിനൊപ്പം ശിവം ദുബെ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുമുണ്ട്. ഏത് നിമിഷവും ഈ പട്ടികയിലേക്ക് റിഷഭ് പന്തിന്റെ വരവും പ്രതീക്ഷിക്കാം. സുന്ദറിനും ദുബെയ്ക്കും ഓള്‍റൗണ്ടര്‍മാരെന്ന ആനൂകൂല്യവുമുണ്ട്. അതുകൊണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ഓരോ പ്രകടനവും ലോകകപ്പിലെ സ്ഥാനത്തെ നിര്‍ണയിക്കുന്നതാകും.