താൻ നയിച്ച മൂന്നാമത്തെ ടീമിനും ക്വാളിഫയര്‍ ഒന്നിന് യോഗ്യത നേടിക്കൊടുത്തിരിക്കുന്നു ശ്രേയസ്
സംസാരങ്ങള്‍ക്ക് സ്ഥാനമില്ല. പ്രവൃത്തിക്കാണ് മുൻതൂക്കം. താരങ്ങള്‍ക്ക് അവരുടെ മികവ് സ്വഭാവികമായും പ്രകടിപ്പിക്കാൻ കഴിയണം. കളത്തിലെത്തി അത് നടപ്പിലാക്കുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്. സമ്മർദം ചെലുത്തുന്നതില്‍ വിശ്വാസമില്ല.
ട്രെൻ ബോള്‍ട്ടിന്റെ പന്ത് ലോങ് ഓണിന് മുകളിലൂടെ സാവായ് മാൻസിങ് സ്റ്റേഡിയത്തിന്റെ ഗ്യാലറിയിലെത്തിച്ച് ശ്രേയസ് അയ്യർ ആ ലക്ഷ്യം പൂർത്തികരിക്കുകാണ്. താൻ നയിച്ച മൂന്നാമത്തെ ടീമിനും അയാള്‍ ക്വാളിഫയര്‍ ഒന്നിന് യോഗ്യത നേടിക്കൊടുത്തിരിക്കുന്നു. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോള്‍ പഞ്ചാബ് കിംഗ്‌സും.
2020ല്‍ ഡല്‍ഹി ഫൈനലിലെത്തിയത് അവരുടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായായിരുന്നു. പക്ഷേ മുംബൈ ഇന്ത്യൻസിന്റെ സര്‍വാധിപത്യത്തെ അതിജീവിക്കാൻ ശ്രേയസിന്റെ യുവനിരയ്ക്ക് കഴിയാതെ പോയി. കൊല്‍ക്കത്തയുടെ ഒരു പതിറ്റാണ്ടോളമായ കിരീടക്കാത്തിരിപ്പിന് കഴിഞ്ഞ വര്‍ഷം ശ്രേയസ് ഫുള്‍ സ്റ്റോപ്പിട്ടു. ഇതെല്ലാം പഴങ്കഥകളാണ്. ഓര്‍മിപ്പിച്ചുവെന്ന് മാത്രം.
മേല്‍പ്പറഞ്ഞ നേട്ടങ്ങളിലൊന്നും ശ്രേയസ് എന്ന നായകനെ വിശ്വസിക്കാൻ ക്രിക്കറ്റ് ലോകം തയാറായില്ല. വണ്‍ സീസണ്‍ വണ്ടറെന്നൊക്കെ പറയുന്നപോലെ ശ്രേയസിനെ കാണാനായിരുന്നു ബഹുഭൂരിപക്ഷത്തിനും താല്‍പ്പര്യം. അയാളുടെ കളത്തിലെ ഇടപെടലുകളെല്ലാം അണ്ടര്‍റേറ്റഡായിത്തന്നെ തുടര്‍ന്നു. ഇതെല്ലാം ഭൂതകാലത്തിലേക്ക് കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
ഹാര്‍ദിക്ക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവുമെല്ലാം നായകപടവുകള്‍ ഏറിയപ്പോള്‍ പരീക്ഷയില്‍ മുഴുവൻ മാര്‍ക്കും മേടിച്ചിട്ടും ശ്രേയസ് മാറ്റി നിര്‍ത്തപ്പെട്ടു. പക്ഷേ, റിക്കി പോണ്ടിങ്ങിന്റെ ക്രിക്കറ്റ് ബ്രെയിന് ശ്രേയസിലൊരു ഉറപ്പുണ്ടായിരുന്നു. താരലേലത്തിന് മുൻപ് തന്നെ പോണ്ടിങ് ശ്രേയസിനായി കളം വരച്ചു. എത്ര കോടി മുടക്കിയാലും ശ്രേയസ് പഞ്ചാബ് ജഴ്സി അണിയണമെന്ന് ഓസീസ് ഇതിഹാസം വാശിപിടിച്ചു.
അതിന് ഉത്തരമാണ് പോയിന്റ് പട്ടികയിലെ പഞ്ചാബിന്റെ സ്ഥാനം. ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പഞ്ചാബ് പ്ലേ ഓഫിലേക്ക് എത്തുമ്പോള്‍ ശ്രേയസ് എന്ന പേരിലേക്ക് അര്‍ഹിച്ചതെല്ലാം എത്തുകയാണ്. എന്തുകൊണ്ട് ശ്രേയസ് മികച്ച ക്യാപ്റ്റനാകുന്നുവെന്ന് ചോദിച്ചാല്‍ അതിനുത്തരം അയാള്‍ നയിച്ച ടീമുകളിലെ പേരുകള്‍ തന്നെയാണ്.
ഡല്‍ഹിയെ നയിക്കുമ്പോള്‍ അജിങ്ക്യ രഹാനെ, ശിഖര്‍ ധവാൻ, രവിചന്ദ്രൻ അശ്വിൻ ഒഴികെ മറ്റുള്ളവരെല്ലാം ലോകക്രിക്കറ്റിലേക്ക് പിച്ചവെച്ച് തുടങ്ങിയവര്‍. കൊല്‍ക്കത്തയില്‍ താരസമ്പന്നമായ നിര. ഇങ്ങ് പഞ്ചാബിലേക്ക് വരുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പരിചയസമ്പത്തില്ലാത്ത ഒരു പടയും. മൂന്ന് വ്യത്യസ്ത തലത്തിലും തരത്തിലുമുള്ള ടീമുകള്‍, മൂന്ന് ടീമിനേയും ആദ്യ രണ്ടിലേക്ക് നയിച്ചു.
ട്വന്റി 20 ക്രിക്കറ്റില്‍ എല്ലാം അതിവേഗമായിരിക്കും, രണ്ട് വിക്കറ്റ് വീണാല്‍ പിന്നിലെത്തുന്ന രണ്ട് പന്ത് സിക്സായിരിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കളത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ചടുലതയും കൃത്യതയും ആവശ്യമാണ്. ഇവിടെയാണ് ശ്രേയസിന്റെ ഇടപെടലുകള്‍ സീസണില്‍ ഉടനീളം കണ്ടത്. ഇന്നലെ മുംബൈക്കെതിരായ മത്സരം തന്നെ ഉദാഹരണമായി എടുക്കാനാകും.
ഹര്‍പ്രീത് ബ്രാര്‍ രോഹിത് ശര്‍മയുടെ വിക്കറ്റെടുത്ത പന്ത് തന്നെയെടുക്കാം. ഹര്‍പ്രീതിന്റെ നേരിട്ട ആദ്യ പന്ത് രോഹിത് ഡീപ് മിഡ് വിക്കറ്റിലൂടെയാണ് പായിച്ചത്. അടുത്ത പന്ത് കവറിന് മുകളിലൂടെയും. പക്ഷേ, പിന്നീടുള്ള ഓവറുകളില്‍ രോഹിത് സ്ട്രൈക്ക് റൊട്ടേഷൻ മാത്രമാണ് നടത്തിയത്. എന്നാല്‍, രോഹിത് പൊട്ടിത്തെറിക്കാൻ വൈകില്ല എന്ന് തോന്നിച്ച സമയത്ത് ബ്രാറിനെ തിരിച്ചെത്തിച്ചു.
കണക്കുകൂട്ടല്‍ തെറ്റിയില്ല. ബ്രാറിനെ ക്രീസില്‍ നിന്നിറങ്ങി രോഹിതിന്റെ കൂറ്റനടിക്കുള്ള ശ്രമം. ലോങ് ഓണില്‍ നേഹല്‍ വധേരയുടെ കൈകളിലവസാനിച്ചു രോഹിതിന്റെ ഇന്നിങ്സ്. ടാക്റ്റിക്കല്‍ ബ്രില്യൻസിന് കയ്യടിക്കുമ്പോഴും ടീമുകള്‍ക്ക് മുന്നേറണമെങ്കില്‍ താരങ്ങള്‍ക്കിടയില്‍ കൃത്യമായ സ്വാധീനം ചെലുത്താൻ നായകന് കഴിയണം. എം എസ് ധോണി, രോഹിത് എന്നിവര്‍ അഞ്ച് കിരീടം ചൂടിയതിന് പിന്നിലെ രസക്കൂട്ടും ഇതായിരുന്നു.
ഈ ഒരു ശൈലി ശ്രേയസിലും കാണാനാകുമെന്ന് റിക്കി പോണ്ടിങ് തന്നെ പറഞ്ഞിട്ടുണ്ട്. താരങ്ങള്‍ വീണ് പോകുമ്പോള്‍ ശ്രേയസ് അവര്‍ക്കൊപ്പമുണ്ടാകും. അവര്‍ക്ക് ആത്മവിശ്വാസം നല്‍കി ഫോം വീണ്ടെടുപ്പിക്കാനും ശ്രേയസിന്റെ ഇടപെടലുണ്ടാകും. പഞ്ചാബ് നിരയിലെ ഏത് താരത്തിനോട് ചോദിച്ചാലും ശ്രേയസിനെക്കുറിച്ച് മറിച്ചൊരു അഭിപ്രായമുണ്ടാകില്ലെന്നാണ് പോണ്ടിങ് ഇന്നലെ പറഞ്ഞുവെച്ചത്.
ഇന്നലെ മുംബൈക്കെതിരെ പഞ്ചാബ് നിരയിലുണ്ടായിരുന്നത് ആറ് അണ്‍ക്യാപ്‌ഡ് താരങ്ങളാണ്. ഇതില്‍ അഞ്ച് പേരും സ്ഥിരമായി ഇലവനിലുള്ളവര്‍. അന്താരാഷ്ട്ര പരിചയസമ്പത്തില്ലാത്ത ഒരുനിരയില്‍ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുപ്പിക്കണമെങ്കില്‍ അവരില്‍ അത്രകണ്ട് വിശ്വാസം അര്‍പ്പിക്കാൻ ടീമിന് കഴിയണം. അത് ശ്രേയസിനും പോണ്ടിങ്ങിനും സാധിച്ചിട്ടുണ്ട് എന്നത് പ്രിയാൻഷും ബ്രാറും ശശാങ്കും വധേരയുമൊക്കെ തെളിയിക്കുന്നു.
ഇതിനെല്ലാം ഉപരിയായി ബാറ്റര്‍ എന്ന നിലയില്‍ സമ്മര്‍ദത്തെ ജയിക്കാനുള്ള ശ്രേയസിന്റെ മികവ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയില്‍ അത് നാം കണ്ടതാണ്. ഇത്തവണ ഐപിഎല്ലില്‍ അതിന്റെ തുടര്‍ച്ചയുണ്ടായി. സമ്മര്‍ദമുണ്ടാകുമ്പോള്‍ ശ്രേയസ് തന്റെ ഗെയിം അപ്‌ഗ്രേഡ് ചെയ്യുന്നവിധം, അതും വീഴ്ചകളില്ലാതെ.
മുംബൈക്കെതിരെ രണ്ട് വിക്കറ്റ് തുടരെ നഷ്ടമായപ്പോള്‍ ഒരു സേഫ് ഗെയിമിനായിരുന്നില്ല ശ്രേയസ് മുതിര്‍ന്നത്. മറിച്ച് കളിയിലുടനീളം പഞ്ചാബ് തുടര്‍ന്ന ആധിപത്യം നിലനിര്‍ത്താനാണ്. സേഫ് ഗെയിമിന് ശ്രേയസ് മുതിര്‍ന്നിരുന്നെങ്കില്‍ അവിടെ മുംബൈക്കൊരു അവസരം ഒരുങ്ങുമായിരുന്നു. അത് ഒഴിവാക്കാനായി ശ്രേയസിന്. സ്മാര്‍ട്ട് ക്രിക്കറ്റിങ് എന്ന് പറയാം.
ഇനി രണ്ട് ജയം അകലെയാണ് പഞ്ചാബിന്റെ സ്വപ്നമുഹൂര്‍ത്തം. അതിലേക്ക് എത്താനായാല്‍ ശ്രേയസ് എന്ന നായകന്റെ പേര് ഐപിഎല്ലിലെ ഇതിഹാസപ്പട്ടികയിലേക്ക് തന്നെയെത്തും.


