ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി പരമ്പരയില്‍ ഗില്‍ ഇതുവരെ നേരിട്ടത് കേവലം മൂന്ന് പന്തുകള്‍ മാത്രമാണ്. കട്ടക്കില്‍ രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു നേട്ടം. മുലൻപൂരില്‍ പൂജ്യവും
ലുംഗി എൻഗിഡിയുടെ ഒരു ക്ലാസിക്ക് ടെസ്റ്റ് മാച്ച് ലെങ്ത് ബോളായിരുന്നു അത്. ട്വന്റി 20യില്‍ പ്രതിരോധത്തിനിറങ്ങിയ ഇന്ത്യയുടെ ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ആ അപ്രതീക്ഷിത ഇൻസ്വിങ്ങര്‍ റീസ് ഹെൻഡ്രിക്ക്‌സിന്റെ കൈകളിലെത്തിച്ചു. തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും തുറന്നുകൊടുക്കപ്പെട്ട മത്സരത്തില്‍, സ്വന്തം കാണികള്‍ക്ക് മുൻപില്‍ ഗോള്‍ഡൻ ഡക്ക്. ഡ്രെസിങ് റൂമിലേക്ക് മടങ്ങിയെത്തിയ ശുഭ്മാൻ ഗില്‍ വിശ്രമിക്കുകയാണ്, ക്യാമറക്കണ്ണുകള്‍ പൊടുന്നനെ മറ്റൊരു മുഖത്തേക്കുകൂടി തിരിഞ്ഞു. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് തൊട്ടുപിന്നിലായിരിക്കുന്ന സഞ്ജു സാംസണായിരുന്നു അത്. ഗില്ലിനായി പരാതികളില്ലാതെ വഴിമാറിക്കൊടുക്കേണ്ടി വന്ന സഞ്ജു സാംസണ്‍. അവസരനിഷേധത്തിന്റേയും അനീതിയുടേയും മറ്റൊരു രാത്രികൂടി...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി പരമ്പരയില്‍ ഗില്‍ ഇതുവരെ നേരിട്ടത് കേവലം മൂന്ന് പന്തുകള്‍ മാത്രമാണ്. കട്ടക്കില്‍ രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു നേട്ടം. മുലൻപൂരില്‍ പൂജ്യവും. ഉപനായകന്റെ കുപ്പായമണിഞ്ഞ് ട്വന്റി 20 ടീമിലേക്ക് ഗില്ലെത്തിയതിന് ശേഷം 14 ഇന്നിങ്സുകള്‍, 30 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത് മൂന്ന് തവണ മാത്രം. ഒറ്റയക്കത്തില്‍ പുറത്തായത് അഞ്ച് പ്രാവശ്യം. 184 പന്തുകള്‍ നേരിട്ട ഗില്ലിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലേക്ക് എത്തിയ സിക്സറുകളുടെ എണ്ണം നാല്. സ്ഥിരതയില്ല, ട്വന്റിക്ക് അനുയോജ്യമായ ശൈലി പുറത്തെടുക്കുന്നില്ല, ഫോര്‍മാറ്റില്‍ ഫോം തെളിയിക്കുന്ന ഒരു ഇന്നിങ്സുപോലും പുറത്തെടുക്കാൻ ഗില്ലിന് കഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം.
ഇനി എന്തുകൊണ്ട് സഞ്ജു അന്തിമ ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുവെന്നതിന്റെ ഉത്തരം തേടം. അസാധാരണമെന്ന് പറയാനാകില്ലെങ്കിലും ടീം ആവശ്യപ്പെടുന്നത് നല്‍കാൻ ഓപ്പണറെന്ന നിലയ്ക്ക് സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷേ, ഉപനായകനായുള്ള വരവും സഞ്ജുവിന് മുൻപ് ഓപ്പണറായിരുന്ന താരമെന്ന ആനുകൂല്യവും ഗില്ലിനെ തുണച്ചു. യശസ്വി ജയ്സ്വാളിന്റേയും ഗില്ലിന്റേയും അഭാവത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായതെന്ന മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ വാചകം കൂടി ഇവിടെ ചെര്‍ത്തുവെക്കാം.
ഓപ്പണറായി 17 ഇന്നിങ്സുകളാണ് സഞ്ജു കളിച്ചത്, 178 സ്ട്രൈക്ക് റേറ്റില്‍ 522 റണ്‍സ്, മൂന്ന് സെഞ്ചുറി, ഒരു അര്‍ദ്ധ ശതകം. ഗില്‍ 35 ഇന്നിങ്സുകള്‍ ഇന്ത്യക്കായി ഓപ്പണറുടെ വേഷമണിഞ്ഞു. 28 ശരാശരിയില്‍ 841 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 140 ആണ്. അതായത്, പത്ത് പന്ത് നേരിടുമ്പോള്‍ ഗില്ലിനേക്കാള്‍ നാല് റണ്‍സ് കൂടുതല്‍ നേടാൻ സഞ്ജുവിന് കഴിയും. ആരാണ് മികച്ച ഓപ്പണറെന്ന് ഇനി പറയേണ്ടതില്ലല്ലൊ. മറ്റ് ഫോര്‍മാറ്റിലെ ഗില്ലിന്റെ മികവില്‍ ചോദ്യങ്ങളില്ല, പക്ഷേ ട്വന്റി 20യില്‍ ഗില്ലൊരു അനിവാര്യ ഘടകമാണോയെന്നതാണ് ചോദ്യം. നിരന്തരം പരാജയപ്പെടുന്ന ഗില്ലിന് അവസരങ്ങള്‍ തുടരെ നല്‍കുമ്പോള്‍, സഞ്ജു ഓരോ മത്സരത്തിലും ട്രയല്‍ നേരിടുന്നപോലാണ് കാര്യങ്ങള്‍.
താൻ മികവ് തെളിയിച്ച സ്ഥാനം നഷ്ടമായെങ്കിലും സഞ്ജുവിനെ പൂര്‍ണമായും തഴയാതെയായിരുന്നു മാനേജ്മെന്റിന്റെ നീക്കങ്ങള്‍. മധ്യനിരയിലേക്ക് അവസരം നല്‍കി. മൂന്നാം സ്ഥാനം, അഞ്ചാം നമ്പര്‍, എട്ടാം സ്ഥാനത്തുപോലും ഇറക്കാതെയുള്ള തന്ത്രങ്ങള്‍ അങ്ങനെ സഞ്ജുവിനെ വെച്ച് പലവിധ പരീക്ഷണങ്ങള്‍. സ്ഥിരമായൊരു സ്ഥാനമില്ലായ്മ അയാളുടെ പ്രകടനത്തെ സാരമായി ബാധിച്ചെങ്കിലും ഏഷ്യ കപ്പില്‍ നിര്‍ണായക സംഭാവന നല്‍കി, പ്രത്യേകിച്ചും ഫൈനലില്‍ തിലകിനൊപ്പം നിന്ന ഇന്നിങ്സ്. ശേഷമെത്തിയ ഓസ്ട്രേലിയൻ പര്യടനത്തില്‍ ഓരേയൊരു അവസരം, മൂന്നാം നമ്പറില്‍ പരാജയപ്പെട്ടു. പിന്നീടുള്ള സ്ഥാനം ബെഞ്ചിലാണ്.
ഗില്ലിന് വേണ്ടി സ്ഥാനത്യാഗം ചെയ്തതിന് ശേഷം ജീതേഷ് ശര്‍മയുടെ എൻട്രിയില്‍ വിക്കറ്റ് കീപ്പര്‍ റോളും നഷ്ടമാകുകയാണ്. മികച്ച ഫിനിഷറെന്നതാണ് സഞ്ജുവിന്റെ പരിചയസമ്പത്തിന് മുകളിലെ ജിതേഷിനുള്ള ആനൂകുല്യം. ഹാര്‍ദിക്ക് പാണ്ഡ്യ, ശിവം ദുബെ തുടങ്ങി അള്‍ട്ര അഗ്രസീവ് ബാറ്റര്‍മാര്‍ ഉള്‍പ്പെടുന്ന എട്ടാം നമ്പര്‍ വരെ നീളുന്ന നിരയുള്ളപ്പോഴാണ് ജിതേഷിന് ഇത്തരമൊരു തലക്കെട്ടുകൂടി നല്‍കുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഏത് തുലാസ് നിരത്തിയാലും സമീപകാലഫോമും ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര തലത്തില്‍ പുറത്തെടുത്ത പ്രകടനവും നോക്കുമ്പോള്‍ സഞ്ജുവല്ല പുറത്തിരിക്കേണ്ടതെന്നതും വ്യക്തമാണ്.
സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 58.25 ശരാശരിയില്‍ 233 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ചുറികളും റണ്‍വേട്ടയില്‍ ഉള്‍പ്പെട്ടു. ഇന്ന് ഇന്ത്യൻ ടീമിലുള്ള താരങ്ങളെ എടുത്താല്‍ അഭിഷേക് ശര്‍മ മാത്രമായിരുന്നു സഞ്ജുവിനേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തത്. ജിതേഷിനാകട്ടെ ബറോഡയ്ക്കായി ആറ് കളികളില്‍ നിന്ന് 90 റണ്‍സാണ് ആകെ നേടാനുമായത്.
ഒരു കാര്യം കൂടി, ഇന്ത്യക്കൊരു ടെസ്റ്റ് ക്യാപ്റ്റനുണ്ടായിരുന്നു, പേര് രോഹിത് ശര്‍മ. ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫി കളിക്കാൻ അയാളും സംഘവും ഓസ്ട്രേലിയയിലെത്തി. അയാളുടെ ബാറ്റ് ഇന്നോളം കാണാത്തവിധം പരീക്ഷണങ്ങള്‍ നേരിട്ടു, രണ്ടക്കം പോലും കടക്കാൻ ബുദ്ധിമുട്ടി. നിര്‍ണായകമായ അവസാന ടെസ്റ്റ്, സിഡ്നിയായിരുന്നു മൈതാനം. മത്സരത്തിന്റെ തലേദിവസം അയാളൊരു തീരുമാനമെടുത്തു, ഞാൻ മാറിനില്‍ക്കാം, പകരം തന്നേക്കാള്‍ മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്‍ കളിക്കട്ടേ. ഇത്തരമൊരു നിലാപട് സ്വീകരിക്കാൻ ഗില്ലോ സൂര്യകുമാറോ തയാറാകുമോ?


