ബാറ്റിങ് നിര ഹൈലി എക്‌സ്പ്ലോസീവ്, വിക്കറ്റ് ടേക്കിങ് സ്പിൻ യൂണിറ്റ്, മികച്ച ഡെത്ത് ബൗളര്‍മാര്‍. ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസ് ഒരു സമ്പൂര്‍ണ പാക്കേജാണ്
രണ്ട് മണിക്കൂര്‍ നീണ്ട ഒരു ഹൈലൈറ്റ്സ്. അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു സിംബാബ്‌വെയ്ക്ക് എതിരായ വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ്. ഏകദിനത്തിലേയും ടെസ്റ്റിലേയും പ്രതാപത്തിന്റെ മേല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം, പക്ഷേ ട്വന്റി 20യില്‍ തങ്ങള്‍ക്ക് സാധ്യമല്ലാത്തത് ഒന്നുമില്ലായെന്ന് വാംഖഡയില്‍ ഡാരൻ സമിയുടെ കുട്ടികള്‍ പറഞ്ഞുവെച്ചു. ഇന്ത്യയില്‍ നിന്ന് ആഗ്രഹിച്ച പ്രകടനങ്ങള്‍ ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസ് സമ്മാനിക്കുന്നു. കിരീടം കൊതിച്ചിറങ്ങിയവരൊക്കെ കരുതിയിരുന്നോളുവെന്ന സന്ദേശമാണ് ഇന്നലെ ഗ്യാലറിയില്‍ നിക്ഷേപിക്കപ്പെട്ട സിക്‌സറുകള്‍.
ഓസ്ട്രേലിയയേയും ശ്രീലങ്കയേയും കീഴടക്കി ചാമ്പ്യൻ സ്ലേയറെന്ന വിശേഷണം നേടിയെടുത്ത സിംബാബ്‌വെ. ഒരു കടുത്ത പോരാട്ടത്തില്‍ കുറവൊന്നും വാംഖഡയിലെത്തിയ പതിനായിരങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വെസ്റ്റ് ഇൻഡീസ് തങ്ങളുടെ എ ഗെയിം പുറത്തെടുത്തപ്പോള്‍ സിംബാബ്‌വെ നിഷ്പ്രഭമാകുകയായിരുന്നു. ഷിമ്രോണ്‍ ഹെറ്റ്‌മയര്‍, കരിയറിന്റെ പീക്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സൂപ്പർ താരം നിക്കോളാസ് പൂരാന്റെ പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഡാരൻ സമി കണ്ടെത്തിയ ഉത്തരം.
സമിയുടെ കണക്കുകുട്ടലുകള്‍ ഒട്ടു പിഴച്ചില്ല. കഴിഞ്ഞ ലോകകപ്പില്‍ ബെഞ്ചിലിരുന്ന അതേ ഹെറ്റ്‌മയർ. ഫിനിഷറില്‍ നിന്ന് മൂന്നാം നമ്പറിലേക്കുള്ള സ്ഥാനക്കയറ്റം ഹെറ്റ്‌മയറിന്റെ ഏറ്റവും മികച്ച വേർഷൻ പുറത്തെടുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ഇടം കയ്യൻ ബാറ്റർമാരുടെ ദുസ്വപ്നമാണ് സ്പിന്നർമാര്‍, എന്നാല്‍ സിംബാബ്‌വെ സ്പിന്നർമാര്‍ക്ക് മുകളില്‍ ഹെറ്റ്മയര്‍ അത് തിരുത്തി. സ്പിന്നർമാരുടെ 17 പന്തുകളായിരുന്നു ഹെറ്റ്മയര്‍ നേരിട്ടത്. സ്കോര്‍ ചെയ്തത് 56 റണ്‍സ്. ഇന്നിങ്സിലെ ഏഴ് സിക്‌സറുകളും വഴങ്ങിയതും ക്രെമർ-റാസ സ്പിൻ ദ്വയമായിരുന്നു.
19 പന്തിലായിരുന്നു ഹെറ്റ്‌മയറിന്റെ അര്‍ദ്ധ സെഞ്ചുറി വാംഖഡയില്‍ കുറിക്കപ്പെട്ടത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഒരു വിൻഡീസ് താരത്തിന്റെ ഇതിവേഗ അര്‍ദ്ധ ശതകം. രണ്ട് തവണ ജീവൻ ലഭിച്ച ഇന്നിങ്സില്‍ ഹെറ്റ്‌മയര്‍ സ്കോര്‍ ചെയ്തത് 34 പന്തില്‍ 85 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 250. വിൻഡീസിന്റെ പവര്‍ ഹിറ്റിങ് ഡെപ്ത് എത്രത്തോളമാണെന്ന് ഹെറ്റ്മെയറിന്റെ മടക്കത്തിന് ശേഷം ക്രിക്കറ്റ് ലോകം കണ്ടു. റോവ്‌മാൻ പവല്‍, ഷെർഫെയ്‌ൻ റുഥര്‍ഫോര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേഡ്. നാല്‍വര്‍ സംഘം നേരിട്ട 62 പന്തുകളില്‍ സ്കോര്‍ ചെയ്തത് 124 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 200.
ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോര്‍ വെസ്റ്റ് ഇൻഡീസ് കുറിക്കുമ്പോള്‍ ഗ്യാലറിയിലെത്തിയത് 19 സിക്‌സറുകളായിരുന്നു. ഇതും റെക്കോർഡ്. പത്ത് റണ്‍സിന് മുകളില്‍ വിൻഡീസ് ബാറ്റര്‍മാര്‍ സ്കോര്‍ ചെയ്ത 13 ഓവറുകള്‍ ഇന്നിങ്സിലുണ്ടായി. ഇതില്‍ ഭൂരിഭാഗവും 15 റണ്‍സും കടന്നിരുന്നുവെന്നത് എത്രത്തോളം ബ്രൂട്ടലായിരുന്നു എന്നതിന്റെ തെളിവാണ്. സിംബാബ്‌വെ ബൗളിങ് നിരയിലേക്ക് കണ്ണോടിച്ചാല്‍ പത്തില്‍ താഴെ റണ്‍റേറ്റുള്ളത് ക്രെമറിന് മാത്രം. അതും 9.6 ആണ്.
ബാറ്റിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല വിൻഡീസ് ആധിപത്യം. 255 എന്ന റണ്‍മല കയറാൻ അനിവാര്യമായിരുന്നത് മികച്ച തുടക്കമായിരുന്നെങ്കില്‍ കേവലം മൂന്ന് ഓവറില്‍ തന്നെ അതിന്റെ സാധ്യതകള്‍ വിൻഡീസ് അടച്ചു. അക്കീല്‍ ഹൊസൈൻ - ഗുദാകേഷ് മോട്ടി ഇടം കയ്യൻ സ്പിൻ സഖ്യം എട്ട് ഓവറില്‍ കേവലം 56 റണ്‍സ് വഴങ്ങി എഴ് സിംബാബ്‌വെ ബാറ്റര്‍മാരെയാണ് മടക്കിയത്.
വിൻഡീസ് നിരയില്‍ ലോകകപ്പില്‍ ക്രീസിലെത്തിയ ഒൻപത് ബാറ്റര്‍മാരില്‍ ആറ് പേരുടേയും സ്ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. ബൗളിങ് നിരയിലേക്ക് എത്തിയാല്‍ എല്ലാവരുടേയും എക്കണോമി ഒൻപതില്‍ താഴെയും. പത്ത് വിക്കറ്റുമായി മോറ്റിയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്, ഹോള്‍ഡര്‍ എട്ടും നേടി. ബാറ്റിങ് നിര ഹൈലി എക്‌സ്പ്ലോസീവ്, വിക്കറ്റ് ടേക്കിങ് സ്പിൻ നിര, മികച്ച ഡെത്ത് ബൗളര്‍മാര്‍ - വെസ്റ്റ് ഇൻഡീസ് ഒരു കമ്പ്ലീറ്റ് പാക്കേജാവുകയാണ്.


