ഇതിന് മുമ്പ് ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ആയിരുന്നു റിങ്കു ഇന്ത്യൻ കുപ്പായത്തില്‍ ബാറ്റുമായി അവസാനം ക്രീസിലിറങ്ങിയത്. അന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാരിസ് റൗഫിനെ ബൗണ്ടറി കടത്തി റിങ്കു ഇന്ത്യയെ വിജയവര കടത്തി.
തിരുവവന്തപുരം: കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ പ്ലേയിംഗ് ഇലവനില്‍ ഒരു അവസരം ലഭിക്കുക, ആ മത്സരം മഴ കൊണ്ടുപോകുക, പറഞ്ഞുവരുന്നത് ഇന്ത്യൻ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവനായൊരു കളിക്കാരനെ കുറിച്ചാണ്. അത് സഞ്ജു സാംസണല്ല, മധ്യനിരയില്‍ ഫിനിഷറായി ഇറങ്ങുന്ന റിങ്കു സിംഗാണ്. ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലുമെല്ലാം ഡഗ് ഔട്ടില്‍ കളി കണ്ടിരുന്നും ഇടക്ക് വല്ലപ്പോഴും പകരക്കാരനായി ഫീല്‍ഡിലിറങ്ങുകയും ചെയ്ത റിങ്കുവിന് ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയ മത്സരമാകട്ടെ മഴ കൊണ്ടുപോകുകയും ചെയ്തു.
ഇതിന് മുമ്പ് ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ആയിരുന്നു റിങ്കു ഇന്ത്യൻ കുപ്പായത്തില്‍ ബാറ്റുമായി അവസാനം ക്രീസിലിറങ്ങിയത്. അന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാരിസ് റൗഫിനെ ബൗണ്ടറി കടത്തി റിങ്കു ഇന്ത്യയെ വിജയവര കടത്തി. പിന്നീട് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലിടം നിലനിര്‍ത്തിയെങ്കിലും ആദ്യ നാലു കളികളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.
ഇനിയൊരൽപം ഫ്ലാഷ് ബാക്കിലേക്ക് പോകാം. 2023ലെ ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന കൊല്‍ക്കത്തക്ക് യാഷ് ദയാലിന്‍റെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. ഏറെക്കുറെ അസാധ്യമെന്ന് പറയാവുന്ന വിജയലക്ഷ്യം. ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളെടുത്ത് മറുവശത്ത് നില്‍ക്കുന്ന റിങ്കു സിംഗിന് സ്ട്രൈക്ക് കൈമാറുന്നു. പിന്നീട് നടന്നത് ചരിത്രം. ഫുള്‍ടോസായ യാഷ് ദയാലിന്‍റെ രണ്ടാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ കോരിയിട്ട റിങ്കു പിന്നീട് നാലു തവണ കൂടി പന്ത് ഗ്യാലറിയിലെത്തിച്ച് ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചു. പിന്നാലെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീമില്‍ അരങ്ങേറ്റം.
ആദ്യ മത്സരത്തില്‍ റിങ്കുവിന് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തില്‍ ആദ്യമായി ക്രീസിലിറങ്ങിയപ്പോള്‍ 21 പന്തില്‍ 38 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. ആ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 68 റണ്‍സടിച്ച് ഫിനിഷറായി തിളങ്ങി ഇന്ത്യക്ക് ജയം സമ്മാനിച്ചു. പിന്നാലെ ഏകദിന ടീമിലും അരങ്ങേറി. അവസരം കിട്ടിയപ്പോഴൊക്കെ മികവ് കാട്ടിയ റിങ്കു സിംഗിന്‍റെ ഏറ്റവും മികച്ച പ്രകടനം 2024 ജനുവരിയില്‍ അഫ്ഗാനിസ്താനെതിരെ ആയിരുന്നു. 22-4 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ സെഞ്ചുറി നേടിയ രോഹിത് ശര്‍മക്കൊപ്പം പുറത്താകാതെ 39 പന്തില്‍ 69 റണ്‍സടിച്ച റിങ്കു 212 റണ്‍സിലേക്ക് കൈപിടിച്ചുയര്‍ത്തി. എന്നാല്‍ 2024 ഐപിഎല്ലിന് പിന്നാലെ നടന്ന ടി20 ലോകകപ്പില്‍ റിങ്കുവിന് ടീമിലിടമുണ്ടായില്ല. ഓള്‍ റൗണ്ടറായ ശിവം ദുബെയെ ഉള്‍പ്പെടുത്താനായി റിങ്കുവിനെ തഴഞ്ഞു. പിന്നീട് പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്ന റിങ്കുവിന് ടീം കോംബിനേഷനെന്ന കാരണത്തില്‍ തട്ടി പലപ്പോഴും പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായി.
കഴിഞ്ഞ ഐപിഎല്ലില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും റിങ്കുവിനെ കോച്ച് ഗൗതം ഗംഭീര്‍ പക്ഷെ ഏഷ്യാ കപ്പ് ടീമിലെടുത്തു. എന്നാല്‍ ഏഷ്യാ കപ്പില്‍ റിങ്കുവിന് അവസരം ലഭിച്ചത് പാകിസ്ഥാനെതിരായ ഫൈനലില്‍ മാത്രം. ഇതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും അവസരം ലഭിച്ചത് അവസാന മത്സരത്തില്‍ മാത്രം. ആ മത്സരം മഴ കൊണ്ടുപോകുകയും ചെയ്തു. 2024ലെ ലോകകപ്പ് ടീമില്‍ നിര്‍ഭാഗ്യം കൊണ്ട് ഇടം നഷ്ടമായ റിങ്കുവിന് അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കണമെങ്കില്‍ അവസരങ്ങള്‍ വേണം. എന്നാല്‍ നിലവിലെ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പില്‍ അതിനുള്ള സാധ്യതകള്‍ തീര്‍ത്തും വിരളമാണെന്ന് മാത്രം.


