2025 ജൂലൈയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന പോരില്‍ കേവലം 27 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസ് ഓള്‍ ഔട്ടായത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍

Epitome of cricket. വെസ്റ്റ് ഇൻഡീസിന്റെ സുവർണകാലത്തെ ഇങ്ങനെ അടയാളപ്പെടുത്താം. ക്രിക്കറ്റെന്ന മൂന്നക്ഷരത്തിന് വിൻഡീസിനോളം മികച്ച പര്യായം കണ്ടെത്താനില്ലായിരുന്നു. വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും മാല്‍ക്കം മാർഷലും മൈക്കല്‍ ഹോള്‍ഡിങ്ങും ജോയല്‍ ഗാർണറുമടങ്ങിയ ഇൻവിൻസിബിള്‍ സംഘത്തിന് ക്രിക്കറ്റിലെ മറ്റേതൊരു സംഘവും ഒന്നുമല്ലായിരുന്നു. അവിടെ നിന്ന് നോക്കുമ്പോള്‍ ഇന്നത്തെ വെസ്റ്റ് ഇൻഡീസ് ടീം ക്രിക്കറ്റ് ഭൂപടത്തില്‍ നിന്നുതന്നെ മാഞ്ഞുകൊണ്ടിരിക്കുകയാണ്. ദേശങ്ങളൊത്തുചേരുന്ന വിൻഡീസ് ടീമിന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇടമുണ്ടോ.

2025 ജൂലൈയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന പോരില്‍ കേവലം 27 റണ്‍സിനാണ് വിൻഡീസ് ഓള്‍ ഔട്ടായത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍. ഈ രണ്ടക്കങ്ങള്‍ക്കണ്ട ആൻഡി റോബേര്‍ട്ട്‌സ് പറഞ്ഞ ഒരു വാചകമുണ്ട്. ഇത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഈ വേദന വിൻഡീസ് ക്രിക്കറ്റ് അനുഭവിക്കാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടാകുന്നു, അതിന്റെ പാരമ്യത്തിലെത്തിയ നാളുകളാണ് കടന്നുപോകുന്നതെന്ന് ഓരോ മത്സരം കഴിയുമ്പോഴും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കിതയ്ക്കുന്ന ബാറ്റിങ് നിര

1980 മുതല്‍ 1995 വരെയുള്ള കാലഘട്ടം. അതിനപ്പുറത്തേക്ക് ഒന്നും എടുത്തുപറയാനില്ലാത്ത ക്രിക്കറ്റ് ചരിത്രമാണ് വിൻഡീസിന്റേത്. ബ്രെയൻ ലാറയുടെ ലെഗസി തുടരാൻ പോന്നൊരു വലിയപേരുപോലും അവർക്ക് അവകാശപ്പെടാനില്ല. 2000ന് ശേഷം 87 സീരീസുകളാണ് വിൻഡീസ് കളിച്ചത്. വിജയിക്കാനായത് കേവലം 23 എണ്ണത്തില്‍ മാത്രമാണ്. ഇതില്‍ 15 വിജയങ്ങളും കരുത്തരായ ടെസ്റ്റ് ടീമുകളോടായിരുന്നില്ല. ബംഗ്ലാദേശ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ എന്നിവരോടായിരുന്നു.

വെസ്റ്റ് ഇൻഡീസിന്റെ കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിങ്സെടുക്കാം. ഇന്ത്യയ്ക്കെതിരെ അഹമ്മദാബാദില്‍ പൂർത്തിയായ രണ്ട് ഇന്നിങ്സുകള്‍ക്കൂടി ഉള്‍പ്പെടുത്തിയാണിത്. ഈ 15 ഇന്നിങ്സില്‍ ഒരുതവണ പോലും 90 ഓവറുകള്‍ പൂർത്തിയാക്കാൻ വിൻഡീസ് ബാറ്റിങ് നിരയ്ക്ക് സാധിച്ചിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 74 ഓവറിനപ്പുറം ഒരു ഇന്നിങ്സിനുപോലും ആയുസുണ്ടായിട്ടില്ല. സ്കോര്‍ബോര്‍ഡില്‍ 200 റണ്‍സ് താണ്ടിയത് കേവലം രണ്ട് തവണ, ഉയര്‍ന്ന സ്കോര്‍ 253. 10 തവണയും സ്കോര്‍ 150നും താഴെയായിരുന്നുവെന്ന് കാണുമ്പോള്‍ വീൻഡീസ് ബാറ്റിങ് നിര എത്രത്തോളം ദൂര്‍ബലമാണെന്ന് പറയേണ്ടതില്ലല്ലോ.

ടോപ് സിക്സിലുള്ള ബാറ്റർമാരില്‍ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് ശരാശരിയുള്ള താരം ടി ചന്ദര്‍പോളാണ്. അഹമ്മദാബാദില്‍ ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നില്‍ രണ്ട് ഇന്നിങ്സിലും 50 ഓവറിലേക്ക് എത്താൻ പോലും സാധിക്കാതെ പോയി. ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിയുന്ന നിരവധി താരങ്ങളുള്ള സംഘമാണ് വെസ്റ്റ് ഇൻഡീസ്. വിവിധ ട്വന്റി 20 ലീഗുകളില്‍ അത് സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരുകുടക്കീഴിലെത്തുമ്പോള്‍ അത്തരമൊന്ന് ആവര്‍ത്തിക്കുന്നില്ല, അല്ലെങ്കില്‍ താരങ്ങള്‍ അതിന് തയാറാകുന്നില്ല. പക്ഷേ, വിൻഡീസ് ക്രിക്കറ്റിനെ സംബന്ധിച്ച്, താരങ്ങള്‍ തയാറാകാത്തത് മാത്രമല്ല കാരണം.

മാനേജ്മെന്റിന്റെ വീഴ്ചയോ കാരണം?

ദീര്‍ഘകാലമായി ഉറക്കെകേട്ടുകൊണ്ടിരിക്കുന്ന മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത തന്നെ. അത് തന്നെയായിരുന്നു ഇന്ത്യക്കെതിരായ പരാജയത്തിന് ശേഷമുള്ള വിൻഡീസ് നായകൻ റോസ്റ്റണ്‍ ചേസിന്റെ വിശദീകരണത്തില്‍ വ്യക്തമായതും. കാരണങ്ങള്‍ മറച്ചുപിടിക്കാൻ മടിക്കാത്ത തുറന്നുപറച്ചിലായിരുന്നു ചേസ് നടത്തിയത്. പരിശീനത്തിനടക്കം നേരിടുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും ചേസ് വിശദീകരിച്ചു. വിൻഡീസിലെ പേസിന് അനുകൂലമായ വിക്കറ്റുകളും വേഗതകുറഞ്ഞ ഔട്ട്ഫീല്‍ഡുമെല്ലാം ബാറ്റര്‍മാരുടെ പ്രകടനത്തെ ബാധിച്ച കാര്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ആശ്വസിക്കാൻ കഴിയുന്ന ചിലതുമുണ്ട്.

അത് വിൻഡീസിന്റെ പേസ് ബൗളിങ് നിരയാണ്. ഷമ‍ര്‍ ജോസഫ്, ജെയ്ഡൻ സീല്‍സ്, അല്‍സാരി ജോസഫ് എന്നിവ‍ര്‍ സുവ‍ര്‍ണകാലത്തെ ഓ‍ര്‍മിപ്പിക്കുംവിധമാണ് പന്തെറിയുന്നത്. 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ ഷമ‍ര്‍ ജോസഫ് മൂന്ന് കളികളില്‍ നിന്ന് 22 വിക്കറ്റാണ് നേടിയത്. സീല്‍സ് നാല് കളികളില്‍ നിന്ന് 14 വിക്കറ്റും അല്‍സാരി മൂന്ന് മത്സരങ്ങളില്‍ നിന്ന് 13 തവണയും ബാറ്റ‍ര്‍മാരെ മടക്കി. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഷമറും അല്‍സാരിയുമില്ലയെന്നതും കാണേണ്ടതുണ്ട്.

ബോര്‍ഡിന് പണമില്ലാത്തത്, ലീഗുകളിലേക്ക് ചേക്കേറാൻ താരങ്ങളെ പ്രേരിപ്പിക്കുന്നു. ഇതോടെ ജോലിഭാരം വര്‍ധിച്ച് ദേശീയ ടീമിന്റെ മത്സരങ്ങളെത്തുമ്പോള്‍ താരങ്ങള്‍ക്ക് വിശ്രമമെടുക്കുകയും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ഇത് ബാധിക്കുകയും ചെയ്യുന്നു.