ബാറ്റിങ് നിരയുടെ ദുര്‍ബലത തുറന്നുകാണിച്ച ഈഡൻ ഗാർഡൻസ് ടെസ്റ്റിന് ശേഷമിറങ്ങുമ്പോള്‍ നായകന്‍ ശുഭ്മാൻ ഗില്ലിന്റെ അഭാവം ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്നതാണ് ആകാംഷ
15 വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകളെപ്പോലും നിര്‍ണയിക്കാൻ സാധ്യതയുള്ള ഗുവാഹത്തി ടെസ്റ്റില്‍ നായകൻ ശുഭ്മാൻ ഗില്ലുണ്ടാകുമോയെന്നതില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ബാറ്റിങ് നിരയുടെ ദുര്‍ബലത തുറന്നുകാണിച്ച ഈഡൻ ടെസ്റ്റിന് ശേഷമിറങ്ങുമ്പോള്‍ ഗില്ലിന്റെ അഭാവം ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്നതാണ് ആകാംഷ. പകരമൊരു എൻട്രി ഗൗതം ഗംഭീറിന്റെ സംഘത്തിലേക്ക് ഉണ്ടാകുമോ, അതോ സായ് സുദര്‍ശൻ ഗില്ലിന്റെ റോള്‍ വഹിക്കുമോ. സാധ്യതകള്‍ എന്തെല്ലാം.
ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയിട്ടും വെസ്റ്റ് ഇൻഡീസിനെതിരായ ഡല്‍ഹി ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി 126 റണ്‍സ് നേടിയിട്ടും ഈഡൻ ഗാര്‍ഡൻസില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു സായ് സുദര്‍ശന്. പകരം വാഷിങ്ടണ്‍ സുന്ദറിലായിരുന്നു ഗംഭീര്‍ വിശ്വാസമര്‍പ്പിച്ചത്. ഇടം കയ്യൻ ബാറ്ററും ഓള്‍ റൗണ്ടറുമായ സുന്ദര്‍ ഗംഭീര്‍ പ്രതീക്ഷിക്കുന്ന ബാലൻസ് സമ്മാനിക്കുമെന്ന പ്രതീക്ഷയായിരുന്നിരിക്കാം നീക്കത്തിന് പിന്നില്‍. കണക്കുകൂട്ടല്‍ പിഴച്ചുവെന്ന് പറയാനാകില്ല.
ഈഡനില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ടതും ഇന്ത്യക്കായി രണ്ട് ഇന്നിങ്സിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതും സുന്ദറായിരുന്നു. രണ്ടാം ഇന്നിങ്സില്‍ സുന്ദറിന്റെ വിക്കറ്റായിരുന്നു ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ പൂര്‍ണമായും തുറന്നതും. എന്നിരുന്നാലും ഗില്ലിന്റെ അഭാവത്തില്‍ സായിയുടെ സാധ്യതകളും തുലാസില്‍ തന്നെയാണ്. കാരണം, ഈഡനില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ ആറ് ഇടം കയ്യൻ ബാറ്റര്‍മാരായിരുന്നു ഇന്ത്യൻ നിരയിലുണ്ടായിരുന്നത്. ചരിത്രത്തില്‍ തന്നെ വിരളമായി സംഭവിച്ച ഒന്ന്. സായികൂടെ എത്തുമ്പോള്‍ ഇത് ഏഴായി ഉയരും.
രണ്ട് ഇന്നിങ്സുകളിലുമായി ആറ് ബാറ്റര്‍മാരുടെ 12 വിക്കറ്റുകളില്‍ എട്ട് എണ്ണവും വീണത് ദക്ഷിണാഫ്രിക്കൻ സ്പിന്നര്‍മാര്‍ക്കെതിരെയായിരുന്നു. ഗുവാഹത്തിയിലെ വിക്കറ്റ് എങ്ങനെയെന്നത് കണക്കാക്കിയായിരിക്കും സായിയുടെ സാധ്യതകളും. മൂന്നാം നമ്പറില്‍ ഗംഭീറെന്ന പരിശീലകന് കീഴില്‍ ഗില്‍ മുതല്‍ സുന്ദര്‍ വരെ നീണ്ട പരീക്ഷണങ്ങളില്‍ അല്‍പ്പമെങ്കിലും ലോങ് റണ്‍ ലഭിച്ചിട്ടുള്ളത് സായിക്കാണ്. അതുകൊണ്ട് അന്തിമ ഇലവനിലേക്ക് സായിയുടെ സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ കുല്‍ദീപിനയോ അക്സറിനെയോ പുറത്തിരിത്തിയാലും അത്ഭുതപ്പെടാനില്ല.
ഈഡൻ ടെസ്റ്റിലെ പ്രകടനം സുന്ദറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താൻ പ്രേരിപ്പിക്കുന്നതാണ്. ഇതിന് പുറമെ ടീമിലെ ഏക വലം കയ്യൻ സ്പിന്നര്‍കൂടിയാണ് സുന്ദര്‍. പക്ഷേ, സുന്ദറെന്ന ഓഫ് സ്പിന്നറെ കാര്യമായി ഉപയോഗിക്കാൻ ശുഭ്മാൻ ഗില്‍ തയാറായിട്ടില്ല സമീപകാലത്ത്. ഇത് ടെസ്റ്റില്‍ മാത്രമല്ല, മറ്റ് ഫോര്‍മാറ്റുകളിലും പന്തെറിയാനുള്ള അവസരം വിരളമായി മാത്രമാണ് സുന്ദറിന് ലഭിക്കാറുള്ളത്. ഈഡനില്‍ ഒരു ഓവര്‍ മാത്രമായിരുന്നു ഗില്‍ സുന്ദറിന് നല്‍കിയത്. ഒരു പ്രോപ്പര്‍ ബാറ്ററായാണ് സുന്ദറിനെ കണക്കാക്കുന്നതെന്ന് കരുതേണ്ടി വരും.
സുന്ദറിനെ നിലനിര്‍ത്തുകയും സായിക്ക് അവസരം നിഷേധിക്കുകയും ചെയ്യുകയാണെങ്കില്‍ പകരക്കാരായി എത്തുന്ന താരത്തിനായിരിക്കാം നറുക്ക് വീഴുക. നിലവിലെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് മാനേജ്മെന്റിന് മുന്നിലുള്ളത്. ഒന്ന് കരുണ്‍ നായരും മറ്റൊരാള്‍ റുതുരാജ് ഗെയ്ക്ക്വാദുമാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതായിരുന്നു കരുണിനെ വിൻഡീസ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കാത്തതിന്റെ കാരണമായി മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. എന്നാല്‍, ശേഷം രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി തന്റെ പ്രകടനം കൊണ്ട് മറുപടി നല്‍കുകയാണ് കരുണ്‍.
സൗരാഷ്ട്രയ്ക്കെതിരെ അര്‍ദ്ധ സെഞ്ച്വറി, ഗോവയ്ക്കെതിരെ 174 നോട്ടൗട്ട്, കേരളത്തിനെതിരെ ഇരട്ടശതകം 233 റണ്‍സ്, ഒടുവില്‍ നിലവില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ചണ്ഡീഗഡ്നെതിരെ ഒന്നാം ഇന്നിങ്സില്‍ 95 റണ്‍സും കരുണ്‍ നേടി. ഈ പ്രകടനങ്ങളെല്ലാം കരുണ്‍ പുറത്തെടുത്തത് നാലാം നമ്പറിലാണ്. അതായത് ഇന്ത്യൻ നായകൻ ഗില്‍ ടെസ്റ്റ് ടീമില്‍ വഹിക്കുന്ന സ്ഥാനം. മികച്ച ഫോം, സ്ഥിരത, സ്പിന്നനേയും പേസിനേയും നേരിടാനുള്ള വൈഭവം, ഇതെല്ലാം ഒത്തിണങ്ങിയ ഒരു താരത്തെയാണ് ഇന്ത്യക്ക് ആവശ്യം. അത് നല്‍കാൻ കരുണിന് സാധിച്ചേക്കും. പക്ഷേ, കരുണിന് ഒരു അവസരം കൂടി നല്‍കാൻ മാനേജ്മെന്റ് തയാറാകുമോയെന്നാണ് ആശങ്ക.
റുതുരാജും സ്ഥിരതയോടെയാണ് ബാറ്റ് വീശുന്നത്. രഞ്ജിയില്‍ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലെ നാല് ഇന്നിങ്സുകളിലെ സ്കോറുകള്‍, 91, 55 നോട്ടൗട്ട്, 116, 36 നോട്ടൗട്ട് എന്നിങ്ങനയാണ്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും നേടി വിജയശിൽപ്പിയായി. രണ്ടിലും താരത്തെ പുറത്താക്കാൻ പ്രോട്ടിയാസിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ ടീമിലേക്കുള്ള വിളിക്കായ് കാത്തിരിക്കുന്ന റുതുരാജില്‍ വിശ്വാസം അര്‍പ്പിക്കാൻ മാനേജ്മെന്റ് തയാറാകാനും സാധ്യതയുണ്ട്. സര്‍ഫറാസ് ഖാൻ എന്ന പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും, താരം ഫോമിലല്ല.
നിലവില്‍ ഗില്‍ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര തിരിക്കുമെന്നും രണ്ടാം ടെസ്റ്റിന് മുൻപ് കൃത്യമായി നിരീക്ഷിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നുമാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഗില്ലിന് കളിക്കാനായില്ലെങ്കില്‍ ഉപനായകനായ റിഷഭ് പന്തായിരിക്കും ഗുവാഹത്തിയിലെ നിർണായക മത്സരത്തില്‍ ഇന്ത്യയെ നയിക്കുക.


