സഞ്ജു സാംസണ് ഒരിക്കല്ക്കൂടി ഏകദിന സ്ക്വാഡില് നിന്ന് തഴയപ്പെട്ടിരിക്കുന്നു. കാരണം എന്തെന്ന് ചോദിച്ചാല് അതിന് വ്യക്തമായ ഉത്തരം കഴിഞ്ഞ മൂന്ന് വര്ഷമായിട്ടും ഇല്ല
ഒരു സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പറായിപ്പോലും പരിഗണ നല്കാത്തത് എന്തുകൊണ്ടാണ്. അതും കരിയറിലെ അവസാന ഏകദിനത്തില്, ദക്ഷിണാഫ്രിക്കയിലെ വിക്കറ്റില്, സെഞ്ചുറി നേടി കളിയിലെ താരമായിട്ട്. സഞ്ജു സാംസണ് ഒരിക്കല്ക്കൂടി ഏകദിന സ്ക്വാഡില് നിന്ന് തഴയപ്പെട്ടിരിക്കുന്നു. കാരണം എന്തെന്ന് ചോദിച്ചാല് അതിന് വ്യക്തമായ ഉത്തരം കഴിഞ്ഞ മൂന്ന് വര്ഷമായിട്ടും ഇല്ല,
ന്യൂസിലൻഡ് പര്യടനത്തിലെ അവസാന രണ്ട് ഏകദിനങ്ങള്ക്കുള്ള ഇന്ത്യൻ ടീമില് കെ എല് രാഹുലിന്റെ അഭാവത്തില് ഒന്നാം വിക്കറ്റ് കീപ്പര് ഇഷാൻ കിഷനാണ്, പ്രതീക്ഷിച്ചതാണ്, ഇഷാൻ അത് അര്ഹിക്കുന്നുമുണ്ട്. പക്ഷേ, രണ്ടാം വിക്കറ്റ് കീപ്പറായി എത്തിയത് 21 വയസുകാരനായ കുമാര് കുഷാഗ്രയാണ്. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ ഐപിഎല് ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗമായ താരം.
ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ക്രമത്തെയാണ് സൂചിപ്പിക്കുന്നത്. രാഹുല്, ഇഷാൻ, കുമാര് കുഷാഗ്ര. ഇതിനൊപ്പം ദ്രൂവ് ജൂറല് കൂടിയുണ്ട്. രാഹുല് - ഇഷാൻ - സഞ്ജു ത്രയത്തിന്റെ പ്രകടനം റിഷഭ് പന്തിന്റെ വൈറ്റ് ബോള് കരിയര് ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുന്ന സ്ഥിതിയാണ് നിലവില്. ഇവിടെയാണ് സഞ്ജുവിന് ഏകദിനത്തിലേക്കൊരു റീ എൻട്രി ലഭിക്കാതിരിക്കുന്നതും.
സഞ്ജുവിന്റെ ഏകദിന കരിയറെടുക്കാം. 14 ഇന്നിങ്സുകളില് നിന്ന് 510 റണ്സ്. ശരാശരി 56.66 ആണ്. സ്ട്രൈക്ക് റേറ്റ് 100ന് അടുത്ത്. മൂന്ന് അര്ദ്ധ സെഞ്ചുറിയും ഒരു ശതകവും ഒപ്പം. നാല് 50 പ്ലസ് സ്കോറുകളില് മൂന്ന് വിദേശത്താണ്. ഇന്ത്യൻ ബാറ്റര്മാരുടെ ഏകദിന ക്രിക്കറ്റിലെ ശരാശരിയെടുത്താല് ഏറ്റവും മുകളില് ഗില്ലാണ് 64, തൊട്ടുപിന്നില് വിരാട് കോലി 58. ശേഷം ആരാണെന്നതിനുള്ള ഉത്തരം സഞ്ജുവെന്നാണ്. ഈ കണക്കുകള് നിരത്തിയല്ല സഞ്ജുവിന്റെ അനിവാര്യതയെ ന്യായീകരിക്കുന്നത്. മറിച്ച് സഞ്ജുവിന്റെ മാച്ച് വിന്നിങ് എബിലിറ്റി വെച്ചാണ്, പ്രത്യേകിച്ചും ഹൈ പ്രഷര് ഗെയിമുകളില്.
2026 ടി20 ലോകകപ്പ് കിരീടം ബിസിസിഐയുടെ ഷെല്ഫില് എത്തിയത് സഞ്ജുവിന്റെ മൂന്ന് ഇന്നിങ്സുകള്ക്കൊണ്ടാണ്. വിര്ച്വല് നോക്കൗട്ടില് വിൻഡീസിനെതിരെ 97 റണ്സ്, സെമി ഫൈനലില് ഇംഗ്ലണ്ടിനെതിരെ 89, ഫൈനലില് വീണ്ടും 89. പരമ്പരയിലെ താരം. ഈ മൂന്ന് നോക്കുകളും സഞ്ജുവിന് സെഞ്ചുറിയിലേക്ക് എത്തിക്കാമായിരുന്നു. ഒരു ടി20 ലോകകപ്പില് മൂന്ന് സെഞ്ചുറിയെന്ന അപൂര്വങ്ങളില് അപൂര്മായ റെക്കോര്ഡാണ് നഷ്ടപ്പെടുത്തിയത്. എന്തിന്, ടീമിന്റെ സ്കോറിങ് റേറ്റ് കുറയാതിരിക്കാൻ. സെല്ഫ്ലസ് ഇന്നിങ്സുകള്.
ഏകദിന ലോകകപ്പാണ് വരുന്നത്. ഇന്ത്യക്ക് വേണ്ടതും ഹൈ പ്രഷര് സാഹചര്യങ്ങളില് മൈതാനത്ത് ബാറ്റുറപ്പിക്കാൻ കഴിയുന്നവരെയാണ്. 2023 നവംബര് 19ന് സംഭവിച്ച പിഴവുകള് ആവര്ത്തിക്കാതിരിക്കാൻ സഞ്ജുവിന്റെ മനോഭാവമുള്ള താരങ്ങള് അനിവാര്യമാണ്. പേസിനേയും സ്പിന്നിനേയും ഒരുപോലെ ഡൊമിനേറ്റ് ചെയ്യാൻ കഴിയുന്ന സഞ്ജുവിന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണാഫ്രിക്കയില് അത് ആവര്ത്തിക്കാൻ കഴിയും. അവകാശവാദമല്ല, മറിച്ച് തെളിയിക്കപ്പെട്ടതാണ്.
പാളില് നേടിയ ഏക ഏകദിന സെഞ്ചുറി മാത്രമല്ല. ഡര്ബനിലും ജോഹന്നാസ് ബര്ഗിലും നേടിയ ടി20 സെഞ്ചുറികള് കൂടി ഇവിടെ ചേര്ത്ത് പറയേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയില് സഞ്ജുവിന്റെ ഏകദിന ശരാശരി 60 ആണ്. ദക്ഷിണാഫ്രിക്കയില് മൂന്ന് ഏകദിനങ്ങളാണ് സഞ്ജു കളിച്ചത്, രണ്ട് ഇന്നിങ്സില് നിന്ന് 120 റണ്സാണ് നേട്ടം. ലോകകപ്പിലെ മറ്റൊരു അതിഥേയ രാജ്യമായ സിംബാബ്വയില് 58 ആണ് ശരാശരി. രണ്ടും അയാളുടെ കരിയര് ശരാശരിയേക്കാള് മുകളില്. എന്നിട്ടും ടീമിന് പുറത്താണ് സ്ഥാനം.
ഒരുപക്ഷേ, സഞ്ജുവിനെ ഒരു ടി20 സ്പെഷ്യലിസ്റ്റായി മാത്രം പരിഗണിക്കുന്നതുകൊണ്ടാണോ സെലക്ഷനിലെ ഇത്തരം തീരുമാനങ്ങളെന്ന് അറിയില്ല. ആണെങ്കിലും പലപ്പോഴും ടി20 ടീമില് നിന്നും തഴയപ്പെട്ടിട്ടുണ്ട് താരം, 2026 ടി20 ലോകകപ്പിന് മുൻപും ശേഷവും. ഇനി ഏകദിന ടീമിലേക്ക് സഞ്ജുവിന് മടങ്ങിയെത്താൻ കഴിയുമോ.
സാധ്യതയുണ്ട്, ആഭ്യന്തര ക്രിക്കറ്റിലെ തിളക്കം അതിന് ആവശ്യമാണ്. ഇന്ത്യൻ ടീമില് നിന്ന് പുറത്താക്കപ്പെട്ട ഇഷാൻ തിരിച്ചുവന്ന വഴി സ്വീകരിക്കേണ്ടതായി വരും. വിജയ് ഹസാരെ ട്രോഫിയാണ് ഏക വഴി. എന്നാല്, ആ സമയത്ത് ഇന്ത്യയ്ക്ക് ടി20 പരമ്പരകളുണ്ടെങ്കില് ടൂര്ണമെന്റ് സഞ്ജുവിന് നഷ്ടമാകുകയും ചെയ്യും.


