വിശ്വകിരീടപ്പോരിനുള്ള അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ സഞ്ജുവിന്റെ ട്വന്റി 20 കരിയറിന് ഇനി തുടര്‍ച്ചയുണ്ടാകുമോയെന്നുപോലും ആശങ്കപ്പെടേണ്ടാതായി വന്നിരിക്കുന്നു

“Dont worry, what ever it is. Trivandrum, Sanju Samson is playing tonight,” സൂര്യകുമാര്‍ യാദവ് പ്രഖ്യപിച്ചു. യെസ്, കൈവിടാൻ തയാറല്ല.

കാര്യവട്ടം ഇരമ്പുകയായിരുന്നു. സഞ്ജു സഞ്ജു എന്ന വിളികള്‍ അലയടിച്ചുകൊണ്ടേയിരുന്നു. സഞ്ജുവിനോളം അല്ലെങ്കില്‍ അതിലുമപരി സമ്മർദത്തിലായിരുന്നു ഗ്യാലറി. ഓരോ പന്തും അതിജീവിക്കുമ്പോള്‍ ആശ്വാസം പെയ്തിറങ്ങുന്നതുപോലെ...ആ ഒരൊറ്റ ഇന്നിങ്സ്, അതിനായായിരുന്നു കാത്തിരിപ്പ്...

പക്ഷേ, നാഗ്‌പൂരും റായ്‌പൂരും ഗുവാഹത്തിയും വിശാഖപട്ടണവും കണ്ട നിമിഷം ഗ്രീൻഫീല്‍ഡിലും ആവര്‍ത്തിക്കുകയായിരുന്നു. ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ലെങ്ത് ബോള്‍, വേഗത മണിക്കൂറില്‍ 146 കിലോ മീറ്റർ. ഒരിക്കല്‍ക്കൂടി ക്രീസിലേക്ക് ഡീപായി ഇറങ്ങി സഞ്ജു. കവറിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഡ്രൈവിന് ശ്രമം. പന്ത് മിഡില്‍ ചെയ്യാനാകുന്നില്ല, ഡീപ് ബാക്ക്‌വേഡ് പോയിന്റില്‍ ബെവോണ്‍ ജേക്കബ്‌സിന്റെ കൈകളില്‍ പന്ത് വിശ്രമിച്ചു. കാര്യവട്ടം നിശബ്ദം.

ഫൂട്ട് വർക്കും കാല്‍ക്കുലേഷനുമെല്ലാം പിഴച്ച മറ്റൊരു ദിവസം കൂടി. ആറ് പന്തില്‍ ആറ് റണ്‍സ്. അഞ്ച് റണ്‍സും എഡ്‌ജില്‍ നിന്ന്. പരമ്പരയില്‍ അഞ്ച് കളികളില്‍ 46 റണ്‍സ് മാത്രം, ശരാശരി പത്തില്‍ താഴെ. ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചപ്പോള്‍ മതിമറന്ന് ആഘോഷിച്ചത് ഇത്തരമൊരു നിമിഷത്തിനായിരുന്നോ...

വിശ്വകിരീടപ്പോരിനുള്ള അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ സഞ്ജുവിന്റെ ട്വന്റി 20 കരിയറിന് ഇനി തുടര്‍ച്ചയുണ്ടാകുമോയെന്നുപോലും ആശങ്കപ്പെടേണ്ടാതായി വന്നിരിക്കുന്നു. അവസരനിഷേധങ്ങളുണ്ടായിട്ടുണ്ട്, അനീതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍, ഇനിയങ്ങനൊന്ന് പറഞ്ഞ് പ്രതിരോധിക്കാനാകുമോ. ആവില്ലെന്ന് പറയേണ്ടി വരും.

ശുഭ്മാൻ ഗില്ലിനെ പുറത്തിരുത്തി, ഓപ്പണിങ് സ്ഥാനം തിരികെ നല്‍കി. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍, സമ്മര്‍ദങ്ങളെല്ലാം ഒഴിവാക്കുന്നതായിരുന്നു മാനേജ്മെന്റ് നല്‍കിയ ആ ഉറപ്പ്. അഞ്ച് അവസരങ്ങള്‍, പേരും പെരുമയും ഒന്നുമുള്ളതായിരുന്നില്ല ന്യൂസിലൻഡിന്റെ ബൗളിങ് നിര. ഫോര്‍മാറ്റില്‍ സഞ്ജുവിനേക്കാള്‍ പരിചയസമ്പത്തുണ്ടായിരുന്ന ബൗളര്‍മാര്‍ കിവി നായകൻ മിച്ചല്‍ സാന്റനറും ഇഷ് സോധിയും മാത്രം. അതും സ്പിന്നര്‍മാര്‍.

ന്യൂസിലൻഡ് പരമ്പരയില്‍ ഒരു മികച്ച ഇന്നിങ്സ് പോലുമില്ലാത്ത ഏക ഇന്ത്യൻ ബാറ്ററായാണ് സ‍ഞ്ജു കാര്യവട്ടം വിടുന്നത്. കരിയറിലെ ഏറ്റവും മോശം സീരീസ്. 2025ലെ ഇംഗ്ലണ്ട് പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51 റണ്‍സെടുത്തതായിരുന്നു ഇതിന് മുൻപത്തെ ഓര്‍ക്കാനാഗ്രഹിക്കാത്ത സീരീസ്.

സഞ്ജുവിന്റെ ബാറ്റിങ് സമീപനത്തിലുണ്ടായ മാറ്റം തന്നെയാണ് എടുത്തുപറയേണ്ടത്. ക്രീസിലേക്ക് ‍ഡീപായി ഇറങ്ങി പേസര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം. ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിന്റെ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം ജോഫ്ര ആര്‍ച്ചറും സംഘവും മുതലെടുത്തിരുന്നു. അതിന് മറികടക്കാനായിരിക്കാം പുതിയ പരീക്ഷണം. എന്നാല്‍, നിരന്തരമുള്ള പരാജയങ്ങളിലും അത് തിരുത്തപ്പെടുന്നില്ല, എന്തുകൊണ്ട് തിരുത്തപ്പെടുന്നില്ല എന്ന ചോദ്യവും അവശേഷിക്കുന്നു.

ഇതിനെല്ലാം മുകളിലാണ് സഞ്ജുവിന്റെ സാധ്യതകളടക്കുന്ന ഇഷാൻ കിഷന്റെ പ്രകടനങ്ങള്‍. ന്യൂസിലൻഡ് പരമ്പരയില്‍ നാല് ഇന്നിങ്സുകളില്‍ നിന്ന് 215 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 231. കാര്യവട്ടത്ത് സെഞ്ചുറിയും റായ്‌പൂരില്‍ അ‍ര്‍ദ്ധ സെഞ്ചുറിയും. നിലവില്‍ അഭിഷേക് ശര്‍മയോളം തന്നെ അപകടകാരി. അസാധാരരണ ഫോമിലുള്ള ഇഷാനെ എങ്ങനെ ടീമിന് പുറത്തിരുത്താനാകും. അത് ഇഷാനോട് മാത്രമല്ല, ടീമിനോട് തന്നെ ചെയ്യുന്ന അനീതിയായി മാറും.

തിലക് വര്‍മയുടെ മടങ്ങിവരവിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല ഇതുവരെ. തിലകിന്റെ തിരിച്ചുവരവില്‍ സഞ്ജുവിനും ഇഷാനും ടീമില്‍ സ്ഥാനം ലഭിക്കുക അത്ര എളുപ്പമല്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ റിങ്കു സിങ്ങിനെ ഒഴിവാക്കേണ്ടതായി വന്നേക്കും. തിലകോ ഇഷാനോ മൂന്ന്, അഞ്ച് സ്ഥാനങ്ങളില്‍ ക്രീസിലെത്തേണ്ടതായും വരും.

നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ സഞ്ജുവിനെ മാറ്റി നിര്‍ത്താനുള്ള സാധ്യതകളാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. ഇവിടെ ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന ലെഫ്റ്റ് - റൈറ്റ് കോമ്പിനേഷൻ പൊളിക്കേണ്ടതായും വരും. ഒപ്പം ടോപ് ത്രീയിലുള്ള ബാറ്റര്‍മാരെല്ലാം ഇടം കയ്യൻമാരുമാകും. ഇതിന് മാനേജ്മെന്റ് തയാറാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

സഞ്ജുവിനെ പൂര്‍ണമായും എഴുതിത്തള്ളാറുമായിട്ടില്ല. സന്നാഹ മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇന്ത്യ എ - യുഎസ്എ സന്നാഹ മത്സരം ഫെബ്രുവരി രണ്ടിനും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ സന്നാഹ മത്സരം ഫെബ്രുവരി നാലിനുമാണ്. ഇന്ത്യ എയ്ക്കായി സഞ്ജു ഇറങ്ങുമോയെന്നതില്‍ വ്യക്തതയില്ല. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സഞ്ജു കളത്തിലെത്തിയേക്കും, വണ്‍ ലാസ്റ്റ് ചാൻസ്.

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളും താരതമ്യേനെ ശക്തരല്ലാത്ത യുഎസ്എയ്ക്കും നമീബിയക്കും എതിരെയാണ്. ശേഷം പാക്കിസ്ഥാനെതിരെയും അവസാന പോരാട്ടം നെത‍ര്‍ലൻഡ്‌സിനുമെതിരെ. ലോകകപ്പിനുള്ള അന്തിമ ഇലവനിലെത്തിയാല്‍ സഞ്ജുവിന് താളം കണ്ടെത്താൻ ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കാനുള്ള വിദൂരസാധ്യത ബാക്കിയുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ ട്വന്റി 20 കരിയറിന്റെ യാത്രയുടെ ദൈര്‍ഘ്യം ചുരുങ്ങിയേക്കും.