ഒടുവില്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോലി ഇന്ത്യയുടെ ബാഗ് ബ്ലൂ ക്യാപ് അഴിച്ചുവെക്കുമ്പോള്‍ ഇന്ത്യൻ ആരാധകര്‍ മാത്രമല്ല, ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും ആരാധകര്‍പോലും ഇത് കുറച്ചുനേരത്തെ ആയിപ്പോയില്ലെ എന്ന് ചിന്തിക്കുന്നുണ്ടാകും. 

തിരുവനന്തപുരം: 36-ാം വയസിലും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കായികക്ഷമതയുള്ള താരം, ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍ക്ക് ശേഷം ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍, കളിക്കളത്തിൽ ആവേശപ്രകടനങ്ങളുടെ ആള്‍രൂപം വിരാട് കോലിയെ എന്തുപറഞ്ഞാണ് വിശേഷിപ്പിക്കുക. ഒടുവില്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോലി ഇന്ത്യയുടെ ബാഗ് ബ്ലൂ ക്യാപ് അഴിച്ചുവെക്കുമ്പോള്‍ ഇന്ത്യൻ ആരാധകര്‍ മാത്രമല്ല, ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും ആരാധകര്‍പോലും ഇത് കുറച്ചുനേരത്തെ ആയിപ്പോയില്ലെ എന്ന് ചിന്തിക്കുന്നുണ്ടാകും.

2011ല്‍ ഇന്ത്യയുടെ 269-ാം നമ്പര്‍ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങിയ വിരാട് കോലി പിന്നീട് ഒന്നരദശകത്തോളം ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 76 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. എന്നാല്‍ ആ വര്‍ഷം അവസാനം വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലെത്തിയപ്പോഴാണ് കോലി ടെസ്റ്റില്‍ സാന്നിധ്യമറിയിക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെതിരെ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടി കോലി വരവറിയിച്ചു. സച്ചിനും ലക്ഷ്മണും സെവാഗും ദ്രാവിഡും ഗംഭീറുമെല്ലാം അടങ്ങിയ ബാറ്റിംഗ് നിരയില്‍ ടെസ്റ്റ് കരിയറിന്‍റെ തുടക്കകാലത്ത് അഞ്ചാം നമ്പറിലും ആറാം നമ്പറിലുമാണ് കോലിക്ക് അവസരം ലങിച്ചിരുന്നത്. 2013 നവംബറില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്ർ ടെന്‍ഡുല്‍ക്കര്‍ ക്രീസൊഴിഞ്ഞശേഷമാണ് പകരക്കാരനായി കോലി നാലാം നമ്പറിലെത്തിയത്.

കരിയര്‍ മാറ്റിമറിച്ച 2014ലെ ഓസ്ട്രേലിയന്‍ പരമ്പര

2014-15ലെ ഓസ്ട്രേലിയന്‍ പര്യടനമാണ് കോലിയിലെ ടെസ്റ്റ് ബാറ്ററുടെയും ക്യാപ്റ്റന്‍റെയും കരിയര്‍ മാറ്റിമറിച്ചത്. അടിക്ക് തിരിച്ചടി നല്‍കാന്‍ എന്നും മുന്നിട്ടുനിന്ന കോലി അഡ്‌ലെയ്ഡ് ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും നേടിയ സെഞ്ചുറി ഇന്ത്യയുടെ തോല്‍വിയിലും തല ഉയര്‍ത്തി നില്‍ക്കുന്നു. പിന്നാലെ മെല്‍ബണിലും സിഡ്നിയിലും സെഞ്ചുറി നേടിയ കോലി പരമ്പരയില്‍ 692 റണ്‍സടിച്ച് കളിക്കാരനെന്ന നിലിയിലും ക്യാപ്റ്റനെന്ന നിലയിലും ടീമിലെ തന്‍റെ സാന്നിധ്യമറിയിച്ചു. പരമ്പരയിലെ മൂന്നാം ടെസ്റ്റും തോറ്റതിന് പിന്നാലെ എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം അപ്രതീക്ഷിതമായി രാജിവെച്ചതതോടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കേണ്ടിവന്ന കോലി ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖച്ഛായ തന്നെ മാറ്റി. 

എതിരാളികളുമായി കൊമ്പകോര്‍ക്കാനും വേണമെങ്കില്‍ ഒരു തട്ടുകൊടുക്കാനുമെല്ലാം മുന്നിട്ടിറങ്ങിയ കോലി ബാറ്റിംഗില്‍ സച്ചിന്‍റെ പിന്‍ഗാമിയായിരുന്നെങ്കില്‍ ക്യാപ്റ്റൻസിയില്‍ സൗരവ് ഗാംഗുലിയുടെ പിന്‍തുടര്‍ച്ചക്കാരനായി. മിച്ചല്‍ ജോൺസന്‍റെ ഓസ്ട്രേലിയൻ ഹുങ്കിനെ അടിച്ചുപറത്തിയ കോലിയുടെ സുവര്‍ണകാലഘട്ടമായിരുന്നു പിന്നീട്. 2016ല്‍ ടെസ്റ്റില്‍ 75.93 ബാറ്റിംഗ് ശരാശരി നിലനിര്‍ത്തിയ കോലി 2017ല്‍ 75.64, 2018ല്‍ 55-08, 2019ല്‍ 68.00 ബാറ്റിംഗ് ശരാശരിയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ് വീശിയത്. ഇന്ത്യയുടെ തുടര്‍ വിജയങ്ങളിലേക്ക് നയിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനായും കോലി ഇക്കാലയളവില്‍ വളര്‍ന്നു.

എല്ലാം മാറ്റിമറിച്ച കൊവിഡ്

കൊവിഡ് മഹാമാരിക്ക് ശേഷം ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ബാറ്റിംഗില്‍ നിറം മങ്ങിയ കോലിക്ക് പക്ഷെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കരിയറില ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകേണ്ടിവന്നത്. 2021ലെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം1990 റണ്‍സ് മാത്രമാണ് ആകെ നേടിയത്. കോലി 27 സെഞ്ചുറി നേടിയിരുന്നപ്പോള്‍ 17 സെഞ്ചുറികള്‍ മാത്രമുണ്ടായിരുന്ന ഫാബ് ഫോറിലെ ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇക്കാലയളവില്‍ 36 സെഞ്ചുറികളിലെത്തി. മോശം ഫോമിലായിട്ടും സ്റ്റീവ് സ്മിത്ത് 36 സെഞ്ചുറികളുമായി കോലിയെ മറികടന്നു. 

കെയ്ന്‍ വില്യംസണും 33 സെഞ്ചുറികളിലെത്തി. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കോലി ഒരു തിരിച്ചുവരവിന്‍റെ സൂചനകള്‍ നല്‍കിയെങ്കിലും ആ പ്രതീക്ഷും ബൗണ്ടറികടന്നു. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടും അഞ്ച് മത്സര പരമ്പരയിലാകെ 190 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തുകളെ പിന്തുടരുന്ന കോലിയുടെ ശീലം എതിരാളികള്‍ മുതലെടുത്തപ്പോള്‍ അതിന് മറുമരുന്നില്ലാതെ കോലി വലഞ്ഞു. തുടര്‍ച്ചയായി ഒരേശൈലിയില്‍ പുറത്തായി കോലി എതിരാളികളെ പോലും അമ്പരപ്പിച്ചു.

10000മെന്ന സ്വപ്നം ബാക്കിയാക്കി മടക്കം

ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. ഒരു ദശകം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞത് റെക്കോര്‍ഡുകള്‍ താന്‍ ശ്രദ്ധിക്കാറില്ല എന്നായിരുന്നു. അതിവേഗം 10 സെഞ്ചുറികള്‍ തികയ്ക്കുന്നതൊന്നും തന്‍റെ ലക്ഷ്യമല്ലെന്നും എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുക എന്നതാണ് തന്‍റെ വലിയ ലക്ഷ്യമെന്നും കോലി അന്ന് പറഞ്ഞിരുന്നു. ആ സ്വപ്നത്തിന് 770 റണ്‍സകലെ കോലി ഒടുവില്‍ പാഡഴിച്ചിരിക്കുന്നു. ഒരുകാലത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100 സെഞ്ചുറികളുടെ റെക്കോര്‍ഡു പോലും തകര്‍ക്കുമെന്ന് കരുതിയ കോലി ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലുമ്പോള്‍ കോലിയെന്ന ബാറ്ററെ മാത്രമല്ല കിംഗ് കോലിയെന്ന ക്രൗഡ് പുള്ളറെ കൂടിയാണ് ഇന്ത്യക്ക് നഷ്ടമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക