2025 ചാമ്പ്യൻസ് ട്രോഫി ടീമില്‍ ആദ്യം ഉള്‍പ്പെട്ടപ്പോള്‍ മുതല്‍ യശസ്വി ജയ്സ്വാള്‍ ഏകദിന പദ്ധതികളുടെ ഭാഗമായിത്തുടങ്ങിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലും അന്തിമ ഇലവനിലെത്താനായില്ല

റാഞ്ചിയില്‍ രോഹിത് ശർമയ്ക്കൊപ്പം ക്രീസിലേക്ക് ആര് ചുവടുവെക്കും. നായകൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഗൗതം ഗംഭീറിന് മുന്നിലുള്ള ആദ്യ ചോദ്യം. രണ്ട് ഉത്തരങ്ങളാണ് ഉള്ളത്, ഒന്ന് യശസ്വി ജയ്സ്വാള്‍, രണ്ട് റുതുരാജ് ഗെയ്ക്വാദ്. ഇന്ത്യയ്ക്കായ് ദീര്‍ഘകാലമായി ഓപ്പണിങ് സ്ഥാനത്ത് തിളങ്ങുന്ന ജയ്സ്വാള്‍, ഏകദിനത്തില്‍ ഒരു സ്ഥിരസ്ഥാനം മോഹിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. റുതുരാജാകട്ടെ 16 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നേടിയെടുത്തതാണ് നീലക്കുപ്പായം. ആര്‍ക്കാണ് മുൻതൂക്കം, പരിശോധിക്കാം.

മൂന്ന് ഫോര്‍മാറ്റിനും യോജിച്ച വളരെ ചുരുക്കം താരങ്ങളാണ് നിലവില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിട്ടുള്ളത്, അതില്‍ ബാറ്റര്‍മാരുടെ എണ്ണമെടുത്താല്‍ തീര്‍ത്തും കുറവായിരിക്കാം. പക്ഷേ, യശസ്വി ജയ്സ്വാള്‍ എന്ന പേര് അവിടെയുണ്ടാകും. 2023ല്‍ അരങ്ങേറിയ ഇടം കയ്യൻ ബാറ്റര്‍ ടെസ്റ്റില്‍ മൈതാനങ്ങള്‍ക്കും പേരുകേട്ട ബൗളിങ് നിരകള്‍ക്കും മുന്നില്‍ ഉലഞ്ഞില്ല, ട്വന്റി 20യില്‍ അഭിഷേക് ശ‍ര്‍മയോളം പോന്ന മികവ്. പക്ഷേ, 76 അന്താരാഷ്ട്ര ഇന്നിങ്സുകളില്‍ ഒന്ന് മാത്രമാണ് ഏകദിനത്തിലുള്ളത്. ജയ്സ്വാളിന്റെ ടൈം ആയോ ഇല്ലയോ എന്നതിന്റെ സൂചനകൂടിയാകും പ്രോട്ടിയാസ് പരമ്പര.

2025 ചാമ്പ്യൻസ് ട്രോഫി ടീമില്‍ ആദ്യം ഉള്‍പ്പെട്ടപ്പോള്‍ മുതല്‍ ജയ്സ്വാള്‍ ഏകദിന പദ്ധതികളുടെ ഭാഗമായിത്തുടങ്ങിയിരുന്നു. അവസാനം നടന്ന ഓസ്ട്രേലിയൻ പരമ്പരയിലേക്ക് എൻട്രി ലഭിച്ചെങ്കിലും അവസരം അരികിലെത്തിയില്ല. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജയ്സ്വാളിന്റെ സാധ്യതാസൂചി ഉയര്‍ന്ന് തന്നെയാണ്. ഗില്ലിന്റെ അഭാവം മാത്രമല്ല, ഇടം കയ്യൻ ബാറ്ററെന്ന ആനുകൂല്യവും ജയ്സ്വാളിന് ഒപ്പമുണ്ട്. ഗില്‍ - രോഹിത് സഖ്യം റണ്‍മല കയറിയതോടെ ലെഫ്റ്റ് - റൈറ്റ് കോമ്പിനേഷൻ ദീര്‍ഘകാലമായി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഗംഭീറിന്റെ കീഴില്‍ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യ പിന്തുടരുന്നത് ലെഫ്റ്റ്-റൈറ്റ് ഓപ്പണിങ് കോമ്പിനേഷനാണ്. ടെസ്റ്റില്‍ ജയ്സ്വാളും രാഹുലും, ട്വന്റി 20യില്‍ അഭിഷേകും ഗില്ലും. ഗില്ലിന്റെ അഭാവത്തിലും ജയ്സ്വാളിന്റെ സാന്നിധ്യത്തിലും ഇത് ഏകദിനത്തിലും തുടര്‍ന്നേക്കും. കളിച്ച ഏക ഏകദിനത്തില്‍ ജയ്സ്വാള്‍ ഓപ്പണ്‍ ചെയ്തത് രോഹിതിനൊപ്പം തന്നെയായിരുന്നു. ജയ്സ്വാളിന്റെ അഗ്രസീവ് ശൈലിക്കൊപ്പം രോഹിത് ശര്‍മകൂടി ചേരുമ്പോള്‍ ഓപ്പണിങ് കൂട്ടുകെട്ടിന് കൂടുതല്‍ ബാലൻസ് കൈവരിക്കും.

മറുവശത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമല്ല, ഇന്ത്യ എയ്ക്കായി സ്ഥിരതയോടെ തിളങ്ങിയതാണ് റുതുരാജിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ മൂന്ന് കളികളില്‍ നിന്ന് 210 റണ്‍സാണ് വലം കയ്യൻ ബാറ്റര്‍ ഓപ്പണറായി ക്രീസിലെത്തി നേടിയത്. ഇന്ത്യ ജയം രുചിച്ച ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയത് റുതുരാജായിരുന്നു. പരിചയസമ്പത്തും സ്ഥിരതയും ഫോം റുതുരജിന് ഒപ്പമുണ്ട്. എന്നാല്‍, ജയ്സ്വാളിനെ മറികടന്ന് ഓപ്പണിങ് സ്ളോട്ടിലേക്ക് റുതുരാജ് എത്തുമോയെന്നതില്‍ സംശയമുണ്ട്.

എന്നാല്‍, ശ്രേയസ് അയ്യരുടെ പരുക്ക് മധ്യനിരയിലേക്ക് റുതുരാജിനെ എത്തിക്കാൻ സാധ്യതയുണ്ട്. വലിയ ഇന്നിങ്സുകള്‍ കളിച്ച് ആഭ്യന്തര സർക്യൂട്ടുകളില്‍ മികവ് തെളിയിച്ച ചരിത്രമുണ്ട് റുതുരാജിന്. നിലവില്‍ ഇന്ത്യയുടെ മധ്യനിരയിലെ പോരായ്മ നികത്താൻ അനുയോജ്യനായ താരം. പക്ഷേ, ഇവിടെ റിഷഭ് പന്ത്, തിലക് വർമ, ദ്രുവ് ജൂറല്‍ തുടങ്ങിയ ഒരുപിടി താരങ്ങളെ പിന്നിലാക്കി വേണം ആ സ്ഥാനം ഉറപ്പിക്കാൻ. ജയ്സ്വാളിനേയും റുതുരാജിന്റേയും ടീമിലെടുക്കുകയാണെങ്കില്‍ അതിനെ ഭാവി മുന്നില്‍ക്കണ്ടുള്ള തീരുമാനങ്ങളായി കണക്കാക്കേണ്ടി വരും.

2027 ഏകദിന ലോകകപ്പ് തന്നെയാണ് ഇവിടെയും പ്രധാന വിഷയം. രോഹിത് - കോഹ്ലി ദ്വയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ പിൻഗാമികളെ കണ്ടെത്തേണ്ടതുണ്ട് ബിസിസിഐക്ക്. യശസ്വിയും റുതുരാജും ഇവിടെ തുന്നിച്ചേർക്കാൻ കഴിയുന്നവരുമാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ പ്രകടനം അവസരം ലഭിക്കുകയാണെങ്കില്‍ ഇരുവര്‍ക്കും ഏറെ നിര്‍ണായകമാകും. പ്രത്യേകിച്ചും ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍