വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ സ്പോണ്‍സര്‍. ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പാദക സഹകരണ സംഘമായ അമൂല്‍ ആണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയ്യുക. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡ് ടീം ജേഴ്സിയിലും ട്രെയിനിംഗ് കിറ്റിലുമെല്ലാം ഇനി അമൂല്‍ ലോഗോ കാണാനാകും. ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പിലാണ് ന്യൂസിലന്‍ഡ്. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് മാത്രമാണ് സ്പോണ്‍സര്‍ഷിപ്പ് കരാറെങ്കിലും അമൂലുമായി ദീര്‍ഘകാല കരാറിലേര്‍പ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് കമേര്‍ഷ്യല്‍ ഡയറക്ടര്‍ ജെയിംസ് വിയര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പ്പാദക രാജ്യങ്ങളിലൊന്നായ ന്യൂസിലന്‍ഡ് ടീമിനെ ഇന്ത്യയില്‍ നിന്നുള്ള പാല്‍ നിര്‍മാണ കമ്പനി സ്പോണ്‍സര്‍ ചെയ്യുന്നുവെന്നത് മറ്റൊരു യാദൃശ്ചികതയായി.

അടുത്തിടെ സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ഒപ്പോ ടീമിന്റെ പുതിയ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയിരുന്നു.