മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കരാര്‍ നീട്ടുന്നകാര്യം ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം തീരുമാനിക്കുമെന്ന് ബിസിസിഐ. ടീം ഡയറക്ടര്‍ രവി ശാസ്‌ത്രിക്ക് പകരം കഴിഞ്ഞ വര്‍ഷം മുഖ്യ പരിശീലകനായി ചുമതലയേറ്റ കുംബ്ലെയുടെ കാലാവധി ജൂണ്‍ അവസാനം വരെയാണ്.

സഞ്ജയ് ബാംഗറെ ബാറ്റിംഗ് കോച്ചായും ആര്‍ ശ്രീധറെ ബൗളിംഗ് കോച്ചായും ചാമ്പ്യന്‍സ് ട്രോഫി വരെ നിലനിര്‍ത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം നടക്കുന്ന ബിസിസിഐയുടെ പൊതുയോഗം ഇവരുടെ കരാര്‍ നീട്ടുന്നകാര്യം ചര്‍ച്ച ചെയ്യും. കുംബ്ലെ ചുമതലയേറ്റശേഷം ഇന്ത്യകളിച്ച അഞ്ച് ടെസ്റ്റ് പരമ്പരയിലും ഇന്ത്യ ജയിച്ചു. 17 ടെസ്റ്റില്‍ പന്ത്രണ്ടിലും ജയം. ഓസ്‍ട്രേലിയക്കെതിരെ പൂനെ ടെസ്റ്റില്‍ മാത്രമാണ് തോല്‍വി നേരിട്ടത്.

ഇംഗ്ലണ്ടിനെതിരെയും ന്യൂസീലന്‍ഡിനെതിരെയും ഏകദിന പരമ്പരയും ടീം ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ അടുത്തിടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നതിനിടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ കളിക്കാര്‍ കാത്തിരിക്കുകയാണെന്ന് കുംബ്ലെ പരസ്യമായി പറഞ്ഞത് ബിസിസിഐയുടെ അതൃപ്തിക്ക് കാരണമായിരുന്നു.