അശ്വിനെ ടെസ്റ്റിലെ മികച്ച സ്‌പിന്നറെന്ന് വിശേഷിപ്പിച്ച് ഇംഗ്ലീഷ് താരം. റാങ്കിംഗില്‍ ഏഴാമതുള്ള ബൗളറെയാണ് മികച്ച സ്‌പിന്നറെന്ന് സ്വാന്‍ വിശേഷിപ്പിക്കുന്നത്‍. അശ്വിനെ ലോകോത്തര സ്‌പിന്നറെന്ന് ഇതിഹാസ പാക് സ്‌പിന്നറും ഇംഗ്ലീഷ് പരിശീലകനുമായ സാഖ്‌ലെയ്ന്‍ മുഷ്താഖ് അടുത്തിടെ വിശേഷിപ്പിച്ചിരുന്നു.
ലണ്ടന്‍: ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍ ടെസ്റ്റ് ചരിത്രത്തിലെ മികച്ച ഓഫ് സ്‌പിന്നറെന്ന് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ഗ്രയാം സ്വാന്‍. ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ ഏഴാമതുള്ള ബൗളറെയാണ് മികച്ച സ്‌പിന്നറെന്ന് സ്വാന്‍ വിശേഷിപ്പിക്കുന്നത്‍. അശ്വിനെ ലോകോത്തര സ്‌പിന്നറെന്ന് ഇതിഹാസ പാക് സ്‌പിന്നറും ഇംഗ്ലീഷ് പരിശീലകനുമായ സാഖ്‌ലെയ്ന്‍ മുഷ്താഖ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അശ്വിന്‍റെ റെക്കോര്‍ഡ് വിസ്‌മയകരമാണ്. എഡ്‌ജ്ബാസ്റ്റണില്‍ അശ്വിന്‍ ബൗള്‍ ചെയ്ത രീതി തനിക്കേറെ ഇഷ്ടപ്പെട്ടു. ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണ്‍ മികച്ച സ്പിന്നറാണ്. എന്നാല്‍ സ്വന്തം നാട്ടില്‍ തകര്‍ത്തെറിയുമ്പോഴും ലിയോണിന് ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരതയും ബൗളിംഗ് വൈവിധ്യവും പരിഗണിച്ച് അശ്വിനെ മികച്ച സ്‌പിന്നറെന്ന് വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാന്‍ പറഞ്ഞു.
ടെസ്റ്റില്‍ 61 മത്സരങ്ങളില്‍നിന്ന് 324 വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇതിനകം മൂന്ന് ടെസ്റ്റുകളില്‍ എട്ട് വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി. ഇതില്‍ ഏഴ് വിക്കറ്റുകളും എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റിലായിരുന്നു. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 11 വിക്കറ്റാണ് അശ്വിന്‍റെ ആകെ സമ്പാദ്യം. എന്നാല്‍ ടി20യില്‍ റഷീദ് ഖാനാണ് മികച്ച സ്‌പിന്നറെന്ന് സ്വാന്‍ വ്യക്തമാക്കി.
