ഗുവാഹത്തി: ഇന്ത്യയ്ക്കെതിരായ ട്വന്‍റി20 പരമ്പയിലെ രണ്ടാം മത്സരത്തില്‍ ഓസീസിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 15.3 ഓവറില്‍ വിജയലക്ഷ്യമായ 119 റണ്‍സ് അനായാസം സന്ദര്‍ശകര്‍ മറികടന്നു. 62 റണ്‍സെടുത്ത ഹെന്‍റികസും 48 റണ്‍സെടുത്ത ട്രവിസ് ഹെഡുമാണ് വിജയശില്‍‌പികള്‍. ആരോണ്‍ ഫിഞ്ച് എട്ട് റണ്‍സെടുത്തും വാര്‍ണ്ണര്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്‌പ്രീത് ബൂംറയ്ക്കുമാണ് വിക്കറ്റ്.

ടോസ് നഷ്‌പ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഇന്ത്യ 20 ഓവറില്‍ 118 റണ്‍സിന് പുറത്തായിരുന്നു. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജേസന്‍ ബെന്‍ഡോര്‍ഫിന്‍റെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നിലാണ് ഇന്ത്യന്‍ മുന്‍നിര തകര്‍ന്നത്. രോഹിത് ശര്‍മ്മ(എട്ട്), ശിഖര്‍ ധവാന്‍(രണ്ട്), നായകന്‍ വിരാട് കോലി(പൂജ്യം), മനീഷ് പാണ്ഡേ(ആറ്) എന്നീ പ്രധാനപ്പെട്ട വിക്കറ്റുകളാണ് ബെറന്‍ഡോര്‍ഫ് സ്വന്തമാക്കിയത്. 

നാലിന് 27 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ 27 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും 25 റണ്‍സെടുത്ത കേദാര്‍ ജാദവും മാണ് പിടിച്ചുനിര്‍ത്തിയത്. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി ബെന്‍ഡോര്‍ഫിന് പുറമെ രണ്ടു വിക്കറ്റെടുത്ത ആദം സാംബയും ബൗളിംഗില്‍ തിളങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ജേസന്‍ ബെന്‍ഡോര്‍ഫാണ് മാന്‍ ഓഫ് ദ് മാച്ച്.