റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്‌ടമായി. ലഞ്ചിന് കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ മൂന്നിന് 109 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷാ(44), ഡേവിഡ് വാര്‍ണര്‍(19), ഷോണ്‍ മാര്‍ഷ്(രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്‌ക്ക് നഷ്ടമായത്. 34 റണ്‍സെടുത്ത നായകന്‍ സ്റ്റീവന്‍ സ്‌മിത്തും ആറു റണ്‍സോടെ പീറ്റര്‍ ഹാന്‍സ്‌കോംബുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്‌മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓരോ മാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും റാഞ്ചിയില്‍ ഇറങ്ങുന്നത്. അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ഇന്ത്യന്‍ നിരയില്‍ മടങ്ങിയെത്തി. സ്‌പിന്‍ അനുകൂല സാഹചര്യം മുതലെടുക്കാന്‍ ഓസ്‌ട്രേലിയ പാറ്റ് കമ്മിണ്‍സിന് പകരം സ്‌പിന്‍ ബൗളറും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുമാണ് ജയിച്ചത്. എന്നാല്‍ ഈ മല്‍സരം ഓസ്‌ട്രേലിയ ജയിച്ചാല്‍ ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി അവര്‍ക്ക് ഉറപ്പിക്കാനാകും. പരമ്പര സമനിലയിലായാല്‍ ഒടുവില്‍ ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി നേടിയ ടീമിന് കിരീടം നിലനിര്‍ത്താനാകും.
