സ്പാനിഷ് ലീഗില്‍ മറ്റൊരു സീസണിന് കേളികൊട്ടുയരുന്നതിന് മുമ്പ് തന്നെ ബാഴ്സലോണയെ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. എന്നാല്‍ കളത്തിലല്ലെന്ന് മാത്രം. സീസണിന് മുന്നോടിയായി ഇരു ടീമുകളും ഇപ്പോള്‍ അമേരിക്കയില്‍ സന്നാഹമല്‍സരങ്ങള്‍ കളിക്കുകയാണ്. അതിനിടയിലാണ് ഇരുവരും ലക്ഷ്യമിട്ടിരുന്ന റയല്‍ബെറ്റിസ് താരം ഡാനി സെബല്ലോസിനെ റയല്‍മാഡ്രിഡ് സ്വന്തമാക്കിയത്. ഭാവിയില്‍ സ്പാനിഷ് ഫുട്ബോളിലെ മിന്നുംതാരമായി മാറുമെന്ന് വിദഗ്ദ്ധര്‍ പ്രവചിച്ച ഡാനി സെബല്ലോസ് എന്ന ഇരുപതുകാരനെ സ്വന്തം കൂടാരത്തില്‍ എത്തിക്കാന്‍ 18 മില്യണ് യൂറോയാണ് റയല്‍മാഡ്രിഡ് ചെലവിട്ടതെന്നാണ് സൂചന. ഡാനി സെബല്ലോസിനുവേണ്ടി ബാഴ്സലോണയും ശക്തമായി രംഗത്തുണ്ടായിരുന്നു. ആറു വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ ഡാനി സെബല്ലോസിനെ ടീമിലെടുത്ത കാര്യം റയല്‍മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് റയല്‍ബെറ്റിസുമായി അന്തിമധാരണയായിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം റയല്‍ബെറ്റിസുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ഡാനി സെബല്ലോസ് ക്ലബ് അധികൃതരെ അറിയിച്ചിട്ടുണ്ട്.