വെല്ലിംങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്താന് 48 റണ്‍സിന് ജയം. പരമ്പരയിലെ പാകിസ്താന്റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 18.3 ഓവറില്‍ 153 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
പാകിസ്ഥാന്‍ നിരയിലെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാന്‍ 40 റണ്‍സ് പിന്നിട്ടതോടെ ട്വന്റി-20 ക്രിക്കറ്റില്‍ ഈ അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ബഹുമതി പാക്കിസ്താന് സ്വന്തമായി.
പാകിസ്താനായി ഫക്കര്‍ സമനാനും അഹമ്മദ് ഷെഹ്‌സാദും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. സമന്‍ 28 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ ഷെഹ്‌സാദ് 34 പന്തില്‍ 44 റണ്‍സടിച്ചു. വണ്‍ഡൗണായി എത്തിയ ബാബര്‍ അസം ആകട്ടെ 29 പന്തില്‍ 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് 24 പന്തില്‍ 41 റണ്‍സും അടിച്ചു. ഇതാദ്യമായാണ് ഒരു ട്വന്റി-20 മത്സരത്തില്‍ ഒരു ടീമിലെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാരും 40 റണ്‍സ് പിന്നിടുന്നത്. ഏകദിന പരമ്പര 5-0ന് തകര്‍ന്നടിഞ്ഞതിന്് പിന്നാലെ ടി-20 പരമ്പരയിലെ ആദ്യ മത്സരവും പാക് തോറ്റിരുന്നു.
