മുംബൈ: ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പെടും. സുപ്രീംകോടതി നിയമിച്ച വിനോദ് റായ് അധ്യക്ഷനായ ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇതിനായി അപേക്ഷ തയ്യാറാക്കി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിസിസിഐയുടെ ഈ നീക്കം.

വിനോദ് റായ്‌യുടെ അംഗീകാരത്തോടെ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയുടെ ഓഫീസാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. കത്ത് എന്ന് ഐസിസിക്ക് കൈമാറണമെന്ന് ഇന്ന് ബിസിസിഐ തീരുമാനമെടുക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ബിസിസിഐയില്‍ നിന്നോ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നോ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നുമാണ് ഐസിസിയുടെ പ്രതികരണം. 

പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ പിന്തുണച്ചിരുന്നു. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16-ാം തിയതിയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം നടത്താന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.