ഇന്ത്യക്കെതിരെ തുടരെ രണ്ട്‌ ടെസ്‌റ്റ്‌ സെഞ്ച്വറി നേടി സോണല്‍ ദിനുഷ ശ്രീലങ്കന്‍ ക്രിക്കറ്റിലെ താരോദയമായി മാറിക്കഴിഞ്ഞു. ഗാലെയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ തന്റെ കന്നി ടെസ്‌റ്റ്‌ സെഞ്ച്വറി നേടിയ താരം, രണ്ടാം ഇന്നിംഗ്‌സില്‍ 84 റണ്‍സെടുത്തിരുന്നു.

കൊളംബോ: ഇന്ത്യക്കെതിരെ തുടരെ രണ്ട്‌ ടെസ്‌റ്റ്‌ സെഞ്ച്വറി നേടി സോണല്‍ ദിനുഷ ശ്രീലങ്കന്‍ ക്രിക്കറ്റിലെ താരോദയമായി മാറിക്കഴിഞ്ഞു. ഗാലെയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ തന്റെ കന്നി ടെസ്‌റ്റ്‌ സെഞ്ച്വറി നേടിയ താരം, രണ്ടാം ഇന്നിംഗ്‌സില്‍ 84 റണ്‍സെടുത്തിരുന്നു. ഇപ്പോഴിതാ, കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റില്‍ ബാറ്റിംഗ്‌ തകര്‍ച്ച നേരിട്ട ശ്രീലങ്കയെ 103 റണ്‍സ്‌ നേടിയ സോണല്‍ ദിനുഷ ചെറുതായിട്ടൊന്ന്‌ കരകയറ്റിയിരിക്കുന്നു. സോണലിന്റെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക്‌ എപ്പോഴേ മത്സരം തീര്‍ക്കാമായിരുന്നു. ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്കയുടെ പ്രതീക്ഷ മികച്ച ഫോമിലുള്ള സോണല്‍ ദിനുഷയിലാണ്‌. 503 റണ്‍സ്‌ എന്ന ഇന്ത്യന്‍ സ്‌കോറിനെതിരെ 290 റണ്‍സിന്‌ ഒന്നാമിന്നിംഗ്‌സ്‌ ഓള്‍ ഔട്ടായ ശ്രീലങ്കയ്‌ക്ക്‌ രണ്ടാം ഇന്നിംഗ്‌സിലും തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോള്‍ 83/2 എന്ന നിലയിലാണ്‌ ലങ്ക. സൂര്യഭണ്ഡാര(35), മെന്‍ഡിസ്‌(10) എന്നിവരാണ്‌ ക്രീസില്‍.

ഇരുപത്തഞ്ചുകാരനായ സോണല്‍ ദിനുഷ ഇന്ത്യന്‍ സീമര്‍ പ്രസിദ്‌ കൃഷ്‌ണയെ ബൗണ്ടറി കടത്തിയാണ്‌ തന്റെ രണ്ടാം ടെസ്റ്റ്‌ സെഞ്ച്വറി തികച്ചത്‌. സോഷ്യല്‍ മീഡിയയില്‍ സോണല്‍ ദിനുഷയുടെ പക്വമായ ഇന്നിംഗ്‌സിന്‌ പ്രശംസ നിറയുകയാണ്‌. മനോഹരമായ ഫൂട്വര്‍ക്കും സ്‌പിന്നര്‍മാരെ സ്വീപ്‌ ഷോട്ടിലൂടെ നേരിടുന്നതും സോണലിന്റെ പ്രതിഭയുടെ മാറ്റ്‌ വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെതിരെ കളിച്ച തന്റെ ആദ്യ രണ്ട്‌ ടെസ്‌റ്റ്‌ മത്സരങ്ങളിലും സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ എട്ടാമത്തെ അന്താരാഷ്ട്ര ബാറ്റ്‌സ്‌മാനാണ്‌ സോണല്‍ ദിനുഷ. ഇന്ത്യയ്‌ക്കെതിരെ കളിച്ച തന്റെ ആദ്യ മൂന്ന്‌ ടെസ്‌റ്റ്‌ ഇന്നിംഗ്‌സുകളിലും എണ്‍പതിലധികം റണ്‍സ്‌ നേടുന്ന (100,84,103) മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ്‌ ദിനുഷ. പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസാണ്‌ ഇതിന്‌ മുമ്പ്‌ കരിയറിന്റെ തുടക്കത്തില്‍ ഈ നേട്ടം കൈവരിച്ചത്‌.

ശ്രീലങ്കയുടെ ഇതിഹാസ താരങ്ങളായ കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ, ആഞ്ചലോ മാത്യൂസ്‌ എന്നിവര്‍ ഇന്ത്യക്കെതിരെ തുടരെ ടെസ്‌റ്റ്‌ സെഞ്ച്വറികള്‍ നേടിയിരുന്നു. അവര്‍ക്കിടയിലേക്കാണ്‌ സോണല്‍ ദിനുഷ സ്ഥാനം പിടിച്ചിരിക്കുന്നത്‌.