മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റിൽ കലാപം. ക്രിക്കറ്റ് ഓസ്ട്രേലിയയും കളിക്കാരും തമ്മിൽ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ജൂൺ 30നകം കരാര്‍ ഒപ്പിടണമെന്ന അന്ത്യശാസനം കളിക്കാരുടെ സംഘടന തള്ളി. 

കളിക്കാര്‍ തൊഴിൽ ഇല്ലാത്തവരാകുമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയ അധ്യക്ഷന ജെയിംസ് സതര്‍ലന്‍ഡിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി. ട്വന്‍റ്റി 20 ലീഗുകളില്‍ കളിച്ചാണെങ്കിലും ജീവിക്കുമെന്ന് വാര്‍ണര്‍ തിരിച്ചടിച്ചു. 

ഐ പിഎല്ലിൽ നിന്ന് വിട്ടുനില്‍ക്കണമെന്ന ഓസ്ട്രേലിയന്‍ ബോര്‍ഡിന്‍റെ നിലപാട് പരിഹാസ്യമാണെന്നും വാര്‍ണര്‍ തുറന്നടിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനും മടിക്കില്ലെന്ന് പ്രമുഖ താരങ്ങള്‍ മുന്നറിയിപ്പ് നൽകി. മിച്ചൽ സ്റ്റാര്‍ക്ക്, മിച്ചൽ ജോൺസൺ, പാറ്റ് കമ്മിന്‍സ്, ഷെയിന്‍ വാട്സൺ എന്നിവരും ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തുണ്ട്.