കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മിന്നല്‍ സ്റ്റംപിംഗുമായി വീണ്ടും ധോണി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏഡന്‍ മര്‍ക്രാമിനെ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയ ധോണി പുതിയ റെക്കോര്‍ഡും കുറിച്ചു. ഏകദിന ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നില്‍ 400 പുറത്താക്കലുകളുമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യന്‍ വിക്കറ്റ് കീപ്പറായി ധോണി. 315 ഏകദിനങ്ങളില്‍ നിന്നാണ് ധോണി 400 പുറത്താക്കലുകളെന്ന നേട്ടത്തിലെത്തിയത്.
മൂന്നാം ഏകദിനത്തില്‍ സ്പിന്നര്‍മാര്‍ വീണ്ടും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടെങ്കിലും ഒരേയൊരു പുറത്താകലിലാണ് ധോണി പങ്കാളിയായതെന്നതും ശ്രദ്ധേയമായി. ഹാഷിം അംലയുടെ വിക്കറ്റ് വീണശേഷം ഡുമിനിയും മര്‍ക്രാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചപ്പോഴായിരുന്നു കുല്‍ദീപിന്റെ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്.
ഇതിഹാസങ്ങളായ കുമാര്‍ സങ്കക്കാര, ആദം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് ബൗച്ചര്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. 482 പേരെ പുറത്താക്കിയ കുമാര്‍ സങ്കക്കാരയാണ് പട്ടികയില്‍ മുന്നില്‍.
