അരങ്ങേറ്റ മത്സരത്തിനുശേഷം കളിച്ച ആറ് ടെസ്റ്റുകളില്‍ ജയിച്ച പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോര്‍ഡാണ് ജുറെല്‍ ഇന്ന് മറികടന്നത്.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍. ടെസ്റ്റ് അരങ്ങേറ്റത്തിനുശേഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങളില്‍ പങ്കാളിയാകുന്ന താരമെന്ന റെക്കോര്‍ഡാണ് ധ്രുവ് ജുറെല്‍ സ്വന്തമാക്കിയത്. 2024ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അരങ്ങേറിയ ശേഷം ധ്രുവ് ജുറെല്‍ ഇതുവരെ കളിച്ച ഏഴ് ടെസ്റ്റുകളിലും ഇന്ത്യ ജയിച്ചു.

അരങ്ങേറ്റ മത്സരത്തിനുശേഷം കളിച്ച ആറ് ടെസ്റ്റുകളില്‍ ജയിച്ച പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോര്‍ഡാണ് ജുറെല്‍ ഇന്ന് മറികടന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ റിഷഭ് പന്തിന് കാല്‍പ്പാദത്തില്‍ പരിക്കേറ്റതോടെയാണ് ജുറെലിന് വെസ്റ്റ് ഇന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റിലും ജുറെലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററാവാനും ജുറെലിനായി. 2024ല്‍ ഇംഗ്ലണ്ടിനെതിരെ രാജ്കോട്ട് ടെസ്റ്റിലാണ് ജുറെല്‍ അരങ്ങേറിയത്.

ആ മത്സരം 434 റണ്‍സിന് ജയിച്ച ഇന്ത്യ പിന്നീട് ജുറെല്‍ കളിച്ച റാഞ്ചി ടെസ്റ്റിലും ധരംശാല ടെസ്റ്റിലും ജയിച്ച് ഇംഗ്ലണ്ടെനെതിരായ പരമ്പര 3-1ന് സ്വന്തമാക്കി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലാണ് ജുറെല്‍ പിന്നീട് കളിച്ചത്. ജസ്പ്രീത് ബുമ്ര നായകനായ ആ ടെസ്റ്റ് ഇന്ത്യ 295 റണ്‍സിന് ജയിച്ചു. പിന്നീട് രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തിയപ്പോള്‍ ജുറെല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ഓസ്ട്രേലിയക്കെതിരെ ശേഷിച്ച നാലു ടെസ്റ്റില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ തോറ്റു, ഒരെണ്ണം സമനിലയായി. ഇതില്‍ ഒന്നില‍ പോലും ജുറെലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

റിഷഭ് പന്തിന് പരിക്കേറ്റതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആറ് റണ്‍സിന് ജയിച്ച ഓവല്‍ ടെസ്റ്റിലാണ് പിന്നീട് ജുറെലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ഇപ്പോൾ വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളും ജയിച്ചതോടെ കളിച്ച മത്സരങ്ങളെല്ലാം ജയിക്കുന്ന ഇന്ത്യയുടെ ലക്കി സ്റ്റാറാകാനും ജുറെലിനായി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇനി ജുറെല്‍ ഇന്ത്യക്കായി കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക