മുംബൈ: യൂറോ കപ്പ് ഫുട്‌ബോളില്‍ പിന്തുണയ്ക്കുന്ന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാര്‍ വീരാട് കോഹ്ലി. നാലു തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ പിന്തുണയ്ക്കുന്ന എന്ന പ്രഖ്യാപനത്തോടെ വിരാട് 18 എന്ന ജര്‍മന്‍ ജഴ്‌സിയുമായി നില്‍ക്കുന്ന ചിത്രം തന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ കോഹ്‌ലി പോസ്റ്റ് ചെയ്തു. 

നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയുടെ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടം ഇന്ത്യന്‍ സമയം ഇന്ന് അര്‍ധ രാത്രി 12.30ന് യുക്രെയ്‌നെതിരേയാണ്. കോഹ്‌ലിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. 

ജര്‍മന്‍ മധ്യനിര താരം ടോണി ക്രൂസും കോഹ്‌ലിയെ നന്ദി അറിയിച്ച് ട്വിറ്ററിലൂടെ പ്രതികരിച്ചു. മനോഹര ജഴ്‌സിയെന്നും മികച്ച നമ്പറാണെന്നും പ്രശംസിച്ച ടോണി ക്രൂസ് ഒരു സമ്മാനം അയച്ചു നല്കുമെന്നും ട്വീറ്റ് ചെയ്തു. ടോണി ക്രൂസിനു നന്ദി പറഞ്ഞ കോഹ്‌ലി ജയത്തിനായി എല്ലാ ഭാവുകങ്ങളും നേര്‍ന്നു.